Tuesday Mirror - 2024
വിശുദ്ധ വാരം അനുഗ്രഹീതമാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദര്‍ ആഞ്ചലിക്ക നല്‍കിയ ചെറുചിന്തകള്‍
പ്രവാചകശബ്ദം 26-03-2024 - Tuesday
ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസ സമൂഹം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തില്‍, ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കത്തോലിക്ക ടെലിവിഷന്‍ ശൃംഖലയായ ‘ദി എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (EWTN) സ്ഥാപകയായ മദര്‍ മേരി ആഞ്ചലിക്ക വിശുദ്ധ വാരം അനുഗ്രഹീതമാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ചെറുചിന്തകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് “വിശുദ്ധ വാരത്തില്‍ എങ്ങനെ ജീവിക്കാം?” എന്നത് സംബന്ധിച്ച് “മദര്‍ ആഞ്ചലിക്ക ലൈവ്” എന്ന തന്റെ ടെലിവിഷന്‍ പരിപാടിയിലൂടെ നല്‍കിയ ചിന്തകളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രസക്തമാകുന്നത്. 1994 മാര്‍ച്ചില്‍ ആദ്യമായി സംപ്രേഷണം ചെയ്ത ആ എപ്പിസോഡിലെ എടുത്ത് എടുത്തുപറയേണ്ട ചില ഉപദേശ ശകലങ്ങള്‍ ചുവടെ നല്‍കുന്നു.
ക്ഷമയുടെ വാരമായി കാണുക
ക്രിസ്തു ചെയ്തതുപോലെ നമ്മുടെ ശത്രുക്കളോട് ക്ഷമിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ തന്നെ വിശുദ്ധ വാരം നമുക്ക് ക്ഷമിക്കുവാനുള്ള ആഴ്ചയാണെന്നാണ് മദര്‍ ആഞ്ചലിക്ക പറഞ്ഞിട്ടുള്ളത്. “നമ്മളില്‍ ആരും യേശു കടന്നുപോയിട്ടുള്ളതുപോലുള്ള സഹനങ്ങളിലൂടെ കടന്നുപോയിട്ടില്ല, എന്നിട്ടും യേശു ക്ഷമിച്ചു. നിങ്ങള്‍ക്കത് സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുമോ?” എന്ന് ചോദിച്ച മദര്‍ ആഞ്ചലിക്ക ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പോകണമെന്നും, നമുക്കായി കുരിശില്‍ കിടന്ന കര്‍ത്താവിനെ കുറിച്ച് ഓര്‍ക്കണമെന്നും അന്നു പറഞ്ഞു.
വിശുദ്ധ വാരത്തില്‍ ദുഃഖവെള്ളിക്ക് മുന്‍പായി, നിങ്ങള്‍ ശത്രുതവെച്ചു പുലര്‍ത്തുന്ന വ്യക്തിയെ വിളിക്കണം-നമുക്കെല്ലാവര്‍ക്കും ശത്രുക്കള്‍ ഉണ്ടാകും. നിങ്ങള്‍ ഏറ്റവും വെറുക്കുന്നയാളും, ഒരുപക്ഷേ ഏറ്റവും കൂടുതല്‍ സംസാരിച്ച ആളുമായിരിക്കും നിങ്ങളുടെ പ്രിയപ്പെട്ട ശത്രു. ആ വ്യക്തിയെ വിളിച്ച് “ഞാന്‍ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു” എന്ന് പറയുക. അവരുടെ മറുപടി എന്തുതന്നെയാങ്കിലും നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല. ‘നിങ്ങള്‍ അവനോട് ക്ഷമിച്ചു കഴിഞ്ഞു’. മദര്‍ പറയുന്നു.
ദൈവ സ്നേഹത്തേയും കാരുണ്യത്തേയും കുറിച്ച് ധ്യാനിക്കുക
വിശുദ്ധ വാരത്തില്‍ വിശുദ്ധിയില്‍ കഴിയുവാന്‍ ഒരുപാടൊന്നും ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നാണ് മദര്‍ ആഞ്ചലിക്ക പറയുന്നത്. “യേശു എന്നെ സ്നേഹിക്കുന്നു” എന്ന അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞാല്‍ മാത്രം മതിയെന്ന് പറഞ്ഞ മദര്‍, തനിക്ക് 18 വയസ്സ് ആയപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും, അതിനുമുന്‍പുള്ള വര്‍ഷങ്ങള്‍ പാഴാവുകയായിരുന്നെന്നും പറഞ്ഞു. ദൈവത്തിന്റെ കരുണ അനന്തവും, അവസാനമില്ലാത്തതുമാണെന്ന കാര്യവും മദര്‍ തന്റെ പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മദര്‍ ആഞ്ചലിക്ക പറഞ്ഞപോലെ ദൈവ സ്നേഹത്തേയും കാരുണ്യത്തേയും കുറിച്ച് നമ്മുക്ക് ധ്യാനിക്കാം.
പ്രാര്‍ത്ഥന
വിശുദ്ധ വാരത്തിന്റെ മുഖ്യ ഘടകം പ്രാര്‍ത്ഥനയാണ്. “നമുക്ക് ഒരുപാട് കാര്യങ്ങളെക്കുറിച്ചും ആളുകളെ കുറിച്ചും പറയുവാന്‍ കഴിയും. നമ്മുടെ പ്രശ്നങ്ങളേക്കുറിച്ചും നമുക്ക് ഒരുപാട് പറയുവാനുണ്ടാകും, എന്നാല്‍ പ്രാര്‍ത്ഥനയോളം ശക്തമായ മറ്റൊന്നുമില്ല” - എവിടേയോ ആര്‍ക്കോ നമ്മെ ആവശ്യമുണ്ട്. ആര്‍ക്കോ നമ്മുടെ പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ട്. ആര്‍ക്കോ നമ്മുടെ പുഞ്ചിരിയുടെ ആവശ്യമുണ്ടെന്ന് സിസ്റ്റര്‍ ഓര്‍മ്മപ്പെടുത്തുന്നു.
നരകം ഉണ്ടെന്ന് ഓർക്കുക
മക്കളേ, നിങ്ങൾ എങ്ങനെ മുന്നേറുന്നുവെന്ന് ദൈവം കാണുന്നു. നരകം ഇല്ലെന്ന് പലരും പറയുന്നു. എന്നാല്‍ ഞാന്‍ പറയുന്നു. നരകമുണ്ട്. സ്വർഗത്തിൽ ആയിരിക്കുന്നതാണ് നല്ലത്. കന്യാമറിയം തന്റെ മക്കൾ നരകത്തിൽ പോകരുതെന്ന് ആഗ്രഹിക്കുന്നു, മറിച്ച് അവർ രക്ഷിക്കപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എല്ലായ്പ്പോഴും ദൈവത്തെ ധിക്കരിക്കാൻ കഴിയില്ല, എല്ലായ്പ്പോഴും തെറ്റുകളും നുണകളും പഠിപ്പിക്കാൻ കഴിയില്ല, നിങ്ങൾ എങ്ങനെ മുന്നേറുന്നുവെന്ന് ദൈവം കാണുന്നു. ശാശ്വതവും നമ്മെ രക്ഷിക്കുന്നതുമായ അവിടുന്നിലേക്ക് നമ്മുക്ക് തിരിയാം.