Arts
അത്മായ ശാക്തീകരണം: ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ചാപുട്ടിന് പ്രഥമ ‘മദര്‍ ആഞ്ചലിക്ക’പുരസ്കാരം
പ്രവാചകശബ്ദം 17-08-2021 - Tuesday
വാഷിംഗ്‌ടണ്‍ ഡി.സി: ലോകത്തെ ഏറ്റവും വലിയ മത-മാധ്യമ ശ്രംഖലയും കത്തോലിക്ക മാധ്യമവുമായ ‘ഇ.ഡബ്ല്യു.ടി.എന്‍ (എറ്റേണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്) സ്ഥാപകയായ മദര്‍ ആഞ്ചെലിക്കയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം മുന്‍ ഫിലാഡെല്‍ഫിയ മെത്രാപ്പോലീത്ത ചാള്‍സ് ജെ. ചാപുട്ടിന്. ‘ഫോക്കസ്’ (ഫെല്ലോഷിപ്പ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്), ദി അഗസ്റ്റീനിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ഡോവ് (എജ്യൂക്കേറ്റിംഗ് ഓണ്‍ ദി നേച്ചര്‍ ആന്‍ഡ് ഡിഗ്നിറ്റി ഓഫ് വിമന്‍) തുടങ്ങിയ അപ്പസ്തോലിക കൂട്ടായ്മകളുടെ പ്രോത്സാഹനത്തിനും, അത്മായരുടെ ശാക്തീകരണത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് എഴുപ്പത്തിയാറുകാരനായ മെത്രാപ്പോലീത്തയെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇ.ഡബ്ല്യു.ടി.എന്‍ ഗ്ലോബല്‍ കത്തോലിക്കാ നെറ്റ്വര്‍ക്കിന്റെ നാല്‍പ്പതാമത് വാര്‍ഷിക ദിനമായ ഓഗസ്റ്റ് 15-ന് ഇ.ഡബ്ല്യു.ടി.എന്‍ ചെയര്‍മാനും, ‘സി.ഇ.ഒ’യുമായ മൈക്കേല്‍ പി. വാഴ്സോയാണ് പ്രഥമ ‘മദര്‍ ആഞ്ചലിക്ക’ പുരസ്കാരം മെത്രാപ്പോലീത്തക്ക് കൈമാറിയത്.
മദര്‍ ആഞ്ചലിക്ക ചെയ്തതുപോലെ സുവിശേഷപ്രഘോഷണത്തിലൂടെ, പ്രത്യേകിച്ച് നവസുവിശേഷവത്കരണത്തിലൂടെ സഭയുടെ വളര്‍ച്ചക്കായി ജീവിതം സമര്‍പ്പിച്ചവരെ ആദരിക്കുക വഴി മദര്‍ ആഞ്ചലിക്കയെ അംഗീകരിക്കുന്നതിനും അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാനുമാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും, അവാര്‍ഡ് നല്‍കേണ്ട വ്യക്തിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചാപുട്ട് മെത്രാപ്പോലീത്തയേക്കാള്‍ അര്‍ഹതയുള്ള മറ്റൊരു വ്യക്തിയുടെ പേര് തന്റെ മനസ്സില്‍ വന്നില്ലെന്നും വാഴ്സോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫിലാഡല്‍ഫിയ അതിരൂപതയുടെ മെത്രാപ്പോലീത്ത പദവിയില്‍ നിന്നും വിരമിച്ച ചാപുട്ട് മെത്രാപ്പോലീത്ത ഡെന്‍വര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായും സേവനം ചെയ്തിട്ടുണ്ട്.
10 വര്‍ഷക്കാലം വൈസ് ചെയര്‍മാനായിരുന്നതു ഉള്‍പ്പെടെ നീണ്ട 25 വര്‍ഷത്തെ സേവനത്തിനു ശേഷം സമീപകാലത്താണ് മെത്രാപ്പോലീത്ത ഇ.ഡബ്ല്യു.ടി.എന്നിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ നിന്നും വിരമിച്ചത്. 2016-ല്‍ നടന്ന മദര്‍ ആഞ്ചലിക്കായുടെ മൃതസംസ്കാര കര്‍മ്മത്തിലെ മുഖ്യ കാര്‍മ്മികനും ചാപുട്ട് മെത്രാപ്പോലീത്തയായിരുന്നു. അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളും, ബെനഡിക്ട് പതിനാറാമന്റെ വാക്കുകളുമാണ് തന്റെ പ്രചോദനമെന്ന് പറഞ്ഞ മെത്രാപ്പോലീത്ത മദറിനൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളാണെന്നും, ഇ.ഡബ്ല്യു.ടി.എന്നിലൂടെ മദറിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ദൈവത്തോട് നന്ദി പറയുകയും ചെയ്തു.
എത്രപ്രായമായാലും, എന്തൊക്കെ കഷ്ടപ്പാടുണ്ടെങ്കിലും നമ്മുടെ നിരാശയില്‍ നിന്നും അധൈര്യത്തില്‍ നിന്നും സാഹസിക മനോഭാവത്തോടെ ഉയര്‍ത്തെണീക്കണമെന്ന പുതു സുവിശേഷകര്‍ക്കുള്ള നിര്‍ദേശവുമായാണ് മെത്രാപ്പോലീത്തയുടെ അഭിമുഖം അവസാനിച്ചത്. 1981-ലാണ് മദര്‍ തന്റെ ആശ്രമത്തിന്റെ ഗ്യാരേജില്‍ വെറും 200 ഡോളര്‍ മൂലധനവുമായാണ് ‘എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ ആരംഭിക്കുന്നത്. ഇന്ന് 150 രാജ്യങ്ങളിലെ ഇ.ഡബ്ല്യു.ടി.എന്നിന്റെ വിവിധ ഡിജിറ്റല്‍, റേഡിയോ പ്ലാറ്റ്ഫോമുകളിലൂടെ 38 കോടി പ്രേക്ഷകരിലേക്കാണ് ഓരോ പരിപാടിയും എത്തുന്നത്.