News - 2025

ലോകത്തെ കണ്ണീരിലാഴ്ത്തിയ ശ്രീലങ്കയിലെ ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കു ഇന്നേക്ക് മൂന്നു വര്‍ഷം

പ്രവാചകശബ്ദം 21-04-2022 - Thursday

കൊളംബോ: ലോകത്തെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്നേക്ക് മൂന്നു വയസ്. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ രാവിലെ 8.45നാണ് ആദ്യസ്‌ഫോടനമുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇന്ന് ഇതേ സമയത്ത് ക്രൈസ്തവര്‍ രണ്ടു മിനിട്ട് മൗനം ആചരിച്ചു. 08:50നു തിരി തെളിയിച്ചു.

ശ്രീലങ്കയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ഡോ. ബ്രയാന്‍ ഉദ്വൈഗ്വെ, കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത് എന്നിവര്‍ അനുസ്മരണ സന്ദേശം നല്‍കി. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നു കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നേരത്തേ ആരോപിച്ചിരിന്നു. മൂന്ന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, ആഡംബര ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണത്തിന്റെ മുറിപ്പാടുകള്‍ ഇന്നും ശ്രീലങ്കന്‍ ക്രിസ്ത്യാനികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്.

ആക്രമണത്തിന് ഇരയായവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച ഈസ്സര്‍ ദിനത്തില്‍ നടന്ന നിശബ്ദ പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകൾ മെഴുകുതിരികളും ബാനറുകളും പ്ലക്കാർഡുകളുമായി പങ്കെടുത്തു. സ്‌ഫോടനത്തിന് നീതി ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഇരകളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ആരോപിച്ചു. "3 വർഷമായി, ഞങ്ങൾ നീതിക്കുവേണ്ടി നിലവിളിക്കുന്നു", "ആരാണ് ഈ ആക്രമണത്തിന് പിന്നിൽ?" തുടങ്ങീ നിരവധി പ്ലക്കാര്‍ഡുകള്‍ സഹിതമായിരിന്നു പ്രതിഷേധ പ്രകടനം. ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികള്‍ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ആക്രമണമായിരിന്നു ഈസ്റ്റര്‍ സ്ഫോടനം.

More Archives >>

Page 1 of 753