News - 2025
യുക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഹംഗറി പ്രധാനമന്ത്രിയ്ക്കു നന്ദി അറിയിച്ച് പാപ്പ
പ്രവാചകശബ്ദം 22-04-2022 - Friday
വത്തിക്കാന്‍ സിറ്റി: യുക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന് ഫ്രാന്‍സിസ് പാപ്പ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനോട് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടയിലാണ് പാപ്പ ഒര്‍ബാനോട് നന്ദി പറഞ്ഞത്. ഹംഗറിയുടെ പ്രധാനമന്ത്രിയായി തുടര്‍ച്ചയായ നാലാം തവണയും വിജയിച്ച ഒര്‍ബാന്റെ ഇക്കഴിഞ്ഞ ഏപ്രില്‍ 3-ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര സന്ദര്‍ശനമാണിത്. യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തിനെതിരെ തീവ്ര നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയായിരിന്നു വിക്ടര്‍ ഒര്‍ബാന്‍. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ വര്‍ഷം ഹംഗറിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഓര്‍ബാന്‍റെ നിലപാടില്‍ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിന്നു.
ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ ഹംഗറിയില്‍ ജനിച്ച നാലാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിശുദ്ധനായ വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തിലുള്ള സെന്റ് മാര്‍ട്ടിന്‍ ഓഫ് ടൂര്‍സ് മെഡലും പാപ്പ ഒര്‍ബാന് സമ്മാനിക്കുകയുണ്ടായി. വത്തിക്കാനിലെ അപ്പസ്തോലിക മന്ദിരത്തിലെ പൊന്തിഫിക്കല്‍ ലൈബ്രറിയില്‍വെച്ച് നടന്ന കൂടിക്കാഴ്ച ഏതാണ്ട് 40 മിനിറ്റോളം നീണ്ടുവെന്നാണ് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തികച്ചും സ്വകാര്യ സന്ദര്‍ശനമായതിനാല്‍ കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല. “യുക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ഹംഗറിക്കാരെ ഓര്‍മ്മയില്‍ വെച്ചുകൊണ്ട് ഇത് ഞാന്‍ താങ്കള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നതാണ്” മെഡല്‍ സമ്മാനിച്ചു കൊണ്ട് പാപ്പ പറഞ്ഞു.
സമാധാനത്തിന് വേണ്ടിയുള്ള തങ്ങളുടെ ശ്രമങ്ങളെ പിന്തുണക്കണമെന്ന് ഓര്‍ബന്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു. പാപ്പയെ ഹംഗറി സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചുകൊണ്ടാണ് ഓര്‍ബാന്‍ മടങ്ങിയത്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏതാണ്ട് 6,25,000ത്തോളം അഭയാര്‍ത്ഥികള്‍ക്കാണ് ഹംഗറി അഭയം നല്‍കിയിരിക്കുന്നതെന്നാണ് ഹംഗറി സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ അറിയിപ്പില്‍ പറയുന്നത്. അഭയാര്‍ത്ഥി പ്രശ്നം സംബന്ധിച്ച് പാപ്പയും ഒര്‍ബാനും തമ്മില്‍ മുന്‍പ് അഭിപ്രായഭിന്നതയുണ്ടായിരുന്ന സാഹചര്യത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യമാണുള്ളത്.