News - 2025
ഭ്രൂണഹത്യ പിന്തുണ: യുഎസ് സ്പീക്കർ നാൻസി പെലോസിയ്ക്കു വിശുദ്ധ കുർബാന സ്വീകരണത്തിന് വിലക്കിട്ട് സാൻ ഫ്രാൻസിസ്കോ മെത്രാപ്പോലീത്ത
പ്രവാചകശബ്ദം 21-05-2022 - Saturday
സാൻ ഫ്രാൻസിസ്കോ (അമേരിക്ക): ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാട് തുടർച്ചയായി സ്വീകരിച്ചതിന്റെ പേരിൽ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി വിശുദ്ധ കുർബാന സ്വീകരിക്കുന്നത് തടഞ്ഞ് സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോറ കോർഡിലിയോണി. ഡെമോക്രാറ്റിക് പാർട്ടി അംഗമായ സ്പീക്കറിന് വിശുദ്ധ കുർബാന നൽകരുതെന്ന നിർദേശവും ആർച്ച് ബിഷപ്പ് അതിരൂപതയിലെ വൈദികർക്ക് നൽകിയിട്ടുണ്ട്. ഭ്രൂണഹത്യ അനുകൂല നിലപാടിൽ മാറ്റം ഉണ്ടാകുന്നതുവരെ നാൻസി പെലോസിക്ക് ഇനി വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കില്ല. നിരവധിതവണ വിഷയത്തെപ്പറ്റി ചർച്ചചെയ്യാൻ സ്പീക്കറിനെ ക്ഷണിച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്നും, ഇപ്പോൾ എടുത്തിരിക്കുന്ന നടപടി, രാഷ്ട്രീയപരമായ നടപടിയല്ല മറിച്ച് അജപാലനപരമായ നടപടിയാണെന്നും സാൽവത്തോറ കോർഡിലിയോണി പറഞ്ഞു.
തന്റെ തീരുമാനം അതിരൂപതയിലെ അംഗമായ നാൻസിയെ മെയ് 19ന് അറിയിച്ചിരുന്നുവെന്നും ആർച്ച് ബിഷപ്പ് വിശദീകരിച്ചു. ഇതിനുശേഷമാണ് മാധ്യമങ്ങളിൽ പ്രസിദ്ധീകരണത്തിനു വേണ്ടി കത്ത് നൽകിയത്. താൻ സ്ഥിരമായി വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആളായതിനാൽ, വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ അത് വലിയ തിരിച്ചടി ആയിരിക്കുമെന്ന് 2008ൽ സി-സ്പാനിന് നൽകിയ അഭിമുഖത്തിൽ നാൻസി പെലോസി പറഞ്ഞിരുന്നു. കോർഡിലിയോണിയുടെ നിർദ്ദേശം സാൻഫ്രാൻസിസ്കോ അതിരൂപതയിൽ മാത്രമായിരിക്കും പ്രാബല്യത്തിൽ വരിക. മറ്റ് രൂപതകളിലെ തീരുമാനമെടുക്കേണ്ടത് അതാത് രൂപതകളിലെ മെത്രാന്മാരാണ്. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന കാനോൻ നിയമ സംഹിതയിലെ 915 നിയമം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആർച്ച് ബിഷപ്പ്, നാൻസി പെലോസിക്ക് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്.
അന്നേദിവസം തന്നെ അതിരൂപതയിലെ വൈദികർക്ക് അയച്ച കത്തിൽ താൻ വിശുദ്ധ കുർബാനയെ ആയുധമാക്കുകയല്ല മറിച്ച് സഭാ നിയമം പ്രാബല്യത്തിൽ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആർച്ച് ബിഷപ്പ് കോർഡിലിയോണി വ്യക്തമാക്കി. നിരവധി തവണ ശ്രമിച്ചിട്ടും സ്പീക്കറിനെ ഭ്രൂണഹത്യ അനുകൂല നിലപാടിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാത്തത് മൂലം, കാര്യത്തിന്റെ ഗൗരവത്തെ പറ്റി ബോധ്യപ്പെടുത്താൻ വേണ്ടി വിശുദ്ധ കുർബാന വിലക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് സാൽവത്തോറ കോർഡിലിയോണിയെ സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് ആയി നിയമിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക