News

ദെബോറയെ ക്രൂരമായി കൊലപ്പെടുത്തിയ സൊകോട്ടോയില്‍ നിന്ന് വൈദികരെ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 27-05-2022 - Friday

സൊകോട്ടോ (നൈജീരിയ): മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവേലിനെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രൂരമായി കൊലപ്പെടുത്തിയ വടക്കന്‍ നൈജീരിയയിലെ കട്സിന സംസ്ഥാനത്തിലെ സൊകോട്ടോയില്‍ നിന്നും രണ്ടു കത്തോലിക്ക വൈദികരെ ഇവര്‍ താമസിച്ചിരുന്ന വസതിയില്‍ നിന്നും അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. രണ്ടു ആണ്‍കുട്ടികളെയും ഇവിടെ നിന്ന്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കാഫുര്‍ പ്രാദേശിക ഗവണ്‍മെന്റ് പരിധിയിലുള്ള ഗിദാന്‍ മായികാംബോയിലെ സെന്റ്‌ പാട്രിക് ദേവാലയ വികാരി ഫാ. സ്റ്റീഫന്‍ ഒജാപായും, സഹവികാരി ഫാ. ഒലിവര്‍ ഒക്പാരയുമാണ്‌ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികര്‍.

മെയ് 25-ന് അര്‍ദ്ധരാത്രിയില്‍ സെന്റ്‌ പാട്രിക് ദേവാലയത്തിന്റെ വൈദിക മന്ദിരത്തില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അക്രമത്തിന് ഇരയായ പ്രിയപ്പെട്ടവരുടെ സുരക്ഷിതമായ മടങ്ങിവരവിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു സൊകോട്ടോ രൂപതയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. ക്രിസ് ഒമോടോഷോ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തേക്കുറിച്ച് നിലവില്‍ യാതൊരു അറിവുമില്ല.

രണ്ടാഴ്ച മുന്പു പ്രവാചക നിന്ദ ആരോപിച്ച് ദെബോറ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊന്ന്‍ അഗ്നിയ്ക്കിരയാക്കിയിരിന്നു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലേ സൊകോട്ടോ കത്തീഡ്രല്‍ ദേവാലയം അടക്കം മൂന്നു ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം അരങ്ങേറിയിരിന്നു. ഇതടക്കമുള്ള സംഭവങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ദെബോറയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് പിന്നാലേ വൈദികരെ തട്ടിക്കൊണ്ടു പോയതോടെ ആശങ്കയേറുകയാണ്.

വടക്കന്‍ നൈജീരിയയില്‍ കത്തോലിക്ക വൈദികരെയും, സ്ഥാപനങ്ങളേയും, കന്യാസ്ത്രീകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും പതിവായിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ കടുണ രൂപതയിലെ കുടേണ്ടയിലെ സെന്റ്‌ ജോണ്‍ കത്തോലിക്ക ദേവാലയത്തില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ജോസഫ് അകെതേ ബാകോ കൊല്ലപ്പെട്ടതായി ഈ മാസം ആദ്യം രൂപത അറിയിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങളും, കന്നുകാലി വളര്‍ത്തുന്ന ഗോത്രവര്‍ഗ്ഗക്കാരും കൃഷിക്കാരും തമ്മിലുള്ള ലഹളകളും തീവ്ര ഇസ്ളാമിക ചിന്തകളുള്ളവരുടെ ആക്രമണവും മൂലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നൈജീരിയയിലെ സ്ഥിതി വളരെ ദയനീയമായി തുടരുകയാണ്.

More Archives >>

Page 1 of 760