News - 2025
മെയ് 29നു പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാർഢ്യ ദിനം ആചരിക്കുവാന്‍ റിലീസ് ഇന്റർനാഷണൽ
പ്രവാചകശബ്ദം 25-05-2022 - Wednesday
ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടി മെയ് 29നു ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ അന്തര്‍ദേശീയ സംഘടനയായ റിലീസ് ഇന്റർനാഷണൽ ആഹ്വാനം ചെയ്തു. 'ഓൾ ഔട്ട് ഫോർ ഗോഡ്' എന്ന പേരില്‍ നടത്തുന്ന ദിനാചരണത്തിന്റെ ഭാഗമായി അന്നേ ദിവസത്തെ ആരാധന ക്രൈസ്തവ വിശ്വാസികൾ ദേവാലയത്തിന് പുറത്ത് നടത്തണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. ഇതിലൂടെ, ദേവാലയങ്ങൾ തകർക്കപ്പെട്ട ക്രൈസ്തവർക്കും, ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ക്രൈസ്തവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മറ്റ് വിശ്വാസികൾക്കും അവസരമൊരുക്കുകയെന്നതാണ് സംഘടന ഉദ്ദേശിക്കുന്നത്.
മുപ്പതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലീസ് ഇന്റർനാഷണൽ എല്ലാ വർഷവും 'ഓൾ ഔട്ട് ഫോർ ഗോഡ്' എന്ന ക്യാമ്പയിൻ സംഘടിപ്പിക്കാറുണ്ട്. തങ്ങൾക്ക് യുകെയിൽ ആരാധനാലയങ്ങൾ ഉള്ളതുപോലെ, അത് നിഷേധിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രകടമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടനയുടെ സിഇഒ പോൾ റോബിൻസൺ പറഞ്ഞു. റിലീസ് ഇന്റർനാഷണൽ ഈ വർഷം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് നൈജീരിയ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ഉത്തര കൊറിയ തുടങ്ങിയ സ്ഥലങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ തീവ്ര ഹിന്ദുത്വ വാദികളിൽ നിന്നാണ് ക്രൈസ്തവർ ആക്രമണം നേരിടുന്നതെന്നും നിരവധി സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന നിയമം പാസാക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.
2021ൽ താലിബാൻ ഭരണം പിടിച്ചെടുത്തത് മുതൽ തങ്ങളെ ഒറ്റി കൊടുക്കുമോ എന്നുള്ള ഭയത്തിലാണ്
അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾ ജീവിക്കുന്നത്. നൈജീരിയയിൽ പ്രധാനമായും ബൊക്കോഹറാം തീവ്രവാദി സംഘടനയിൽ നിന്നും, മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരിൽ നിന്നുമാണ് ക്രൈസ്തവർ പീഡനം ഏൽക്കുന്നത്. ഞായറാഴ്ച ദിവസത്തെ ആരാധനയ്ക്കിടയിൽ അഞ്ചു മിനിറ്റ് സമയം ക്രൈസ്തവ സമൂഹത്തിനു വേണ്ടി മൗനം ആചരിക്കാനും സംഘടന അഭ്യർത്ഥന നടത്തിയിട്ടുണ്ട്. #AllOutForGod എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ക്യാമ്പയിനിനും റിലീസ് ഇന്റർനാഷണൽ തുടക്കമിട്ടിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക