News - 2025

ജർമ്മനിയിൽ തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് പ്രചരിപ്പിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്?

സി. സോണിയ തെരേസ് ഡി. എസ്. ജെ 25-06-2022 - Saturday

ബിനു അച്ചന്റെ മരണ വാർത്ത കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ അല്പം അവ്യക്തതകൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്ന് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ മരണത്തെ വളച്ചൊടിച്ചു വിവാദമാക്കാൻ നോക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയനീയമാണ്.

ജൂൺ 21 ന് യൂറോപ്യൻ സമയം രാത്രി 10. 20 ഓടെ ആണ് എന്റെ സുഹൃത്തായ ഒരു അച്ചൻ ഈ ദുരന്തത്തെക്കുറിച്ച് പറഞ്ഞ് ഇങ്ങനെ ഒരു മെസേജ് എനിക്ക് അയച്ചത്: "സോണിയാമ്മേ, ഒരു പ്രാർത്ഥന സഹായം ചോദിക്കുന്നു, എന്റെ ഒരു സുഹൃത്ത് അച്ചൻ ജർമ്മനിയിൽ തടാകത്തിൽ വീണ് കാണാതായി. നല്ല ഒരു വൈദികൻ ആയിരുന്നു, അദ്ദേഹത്തിന്റെ അതിഥികളിൽ ഒരാൾ തടാകത്തിൽ വീണു. "ആ കുട്ടിയെ" രക്ഷിക്കാൻ പരിശ്രമിക്കുന്നതിന് ഇടയിൽ അദ്ദേഹത്തെ കാണാതെ പോവുകയായിരുന്നു. ആ പ്രദേശത്തു നിന്നുള്ള 250 ഓളം ആൾക്കാർ തിരച്ചിൽ നടത്തുന്നുണ്ട്. ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണം" എന്ന്.

ഒപ്പം അച്ചന്റെ ഫോട്ടോയും കൊറോണ കാലത്ത് അച്ചന്റെ മാതാപിതാക്കളുടെ വിശേഷങ്ങൾ അടങ്ങിയ പത്രവാർത്തയും ഒക്കെ അയച്ചു തന്നു. ഉടൻ തന്നെ ഞാൻ എന്റെ സുഹൃത്തുക്കൾക്കും പരിചയം ഉള്ള സിസ്റ്റേഴ്സിനും അച്ചൻമാർക്കും മെസേജ് അയച്ച് പ്രാർത്ഥന സഹായം ചോദിച്ചു. ഒരു കുഴപ്പവും കൂടാതെ ആ അച്ചനെ തിരികെ കിട്ടാൻ ദൈവത്തോട് യാചിച്ചു കൊണ്ടിരുന്നു.

പെൺസുഹൃത്തിന്റെ കൂടെ തടാകത്തിൽ കറങ്ങാൻ പോയി അച്ചൻ മുങ്ങി മരിച്ചു എന്ന് ആഘോഷിക്കുന്നവരോട്..! ‍

"ഒരു കുട്ടിയെ" രക്ഷിക്കാൻ എന്ന് കേട്ടപ്പോൾ ആദ്യം ഞാനും ഓർത്തത് ഒരു കൊച്ചു കുട്ടി ആയിരിക്കും എന്നാണ്. പിന്നീടാണ് മനസ്സിലായത് ആ കുട്ടി ഒരു നേഴ്സിംഗ് സ്റ്റുഡന്റ് ആയിരുന്നു എന്നത്, അതും ഒരു യുവതി. സത്യത്തിൽ ആ അച്ചൻ മരിക്കുന്നത് കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ പരിശ്രമിക്കുന്നതിനിടയിൽ തന്നെയായിരുന്നു.

നേഴ്സിംഗ് പഠിക്കുന്ന അച്ചന്റെ ഒരു നാട്ടുകാരിയും അവളുടെ മറ്റ് 3 കൂട്ടുകാരികളും കൂടി ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഉള്ള അച്ചനെ കാണാൻ ജൂൺ 21 ന് ഉച്ചതിരിഞ്ഞ് അവിടെ ചെന്നതായിരുന്നു. വിദേശ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ഒറ്റപ്പെടലിൽ നമ്മളിൽ ആരും ചെയ്യുന്ന ഒരു പ്രവൃത്തിയാണ് പരിചിതരായ ആരെയെങ്കിലും അന്വേഷിച്ച് പോയി അല്പം ഇന്ത്യൻ ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ച് വിശേഷങ്ങൾ പറഞ്ഞ് തിരിച്ചു പോരുക എന്നത്. ഒരു പെൺകുട്ടി തനിച്ചല്ല, അവർ നാലു പേർ ഉണ്ടായിരുന്നു.

അച്ചന്റെ ഇടവകയുടെ പരിധിക്കുള്ളിൽ ഒരു തടാകം ഉണ്ടായിരുന്നു. ധാരാളം ടൂറിസ്റ്റുകളും അവിടെ പോകാറുണ്ട്. ആ തടാകം കാണാൻ പോകുന്ന ജർമ്മനിയിലുള്ള മലയാളികൾ മിക്കവാറും ബിനു അച്ചന്റെ സഹായം ആയിരുന്നു തേടിയിരുന്നത്. അവരിൽ ആൺ-പെൺ എന്ന വ്യത്യാസം ഇല്ലാതെ അച്ചൻ എല്ലാവരെയും വളരെ സൗഹാർദപൂർവം സ്വീകരിക്കുകയും, അച്ചന് പറ്റുന്ന സഹായങ്ങൾ അവർക്ക് ചെയ്തു കൊടുക്കുകയും പതിവായിരുന്നു. മാത്രമല്ല, ആ ദേശത്തെ ഓരോ വ്യക്തിക്കും വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയായിരുന്നു ബിനു അച്ചൻ. വെരി സിമ്പിൾ & ഹംബിൾ പേഴ്സൺ.

തടാകത്തിൽ കൂടി Stand Up Paddleboard തുഴയാൻ പോകാൻ ആഗ്രഹിച്ചായിരുന്നു (SUP - പച്ച മലയാളത്തിൽ: നിന്ന് തുഴയുന്ന ഒരു തരം മോഡേൺ പലക) ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികൾ അടക്കമുള്ള ടൂറിസ്റ്റുകൾ അവിടെ എത്തിച്ചേർന്നിരുന്നത്. വളരെ സോഷ്യൽ മെന്റാലിറ്റി ഉണ്ടായിരുന്ന, ഒപ്പം നന്നായി നീന്തൽ അറിയാവുന്ന ബിനു അച്ചൻ അവിടെ ചെല്ലുന്നവരിൽ ധൈര്യവും അല്പം എങ്കിലും നീന്താൻ അറിയാവുന്ന എല്ലാവരെയും തന്റെ Stand Up Paddleboard (SUP) ൽ കയറ്റി തുഴയാൻ കൊണ്ടുപോവുക പതിവായിരുന്നു. ജൂൺ 21 ന് അവിടെ എത്തിയ ജർമ്മനിയിൽ നേഴ്സിങ്ങ് പഠിക്കുന്ന അച്ചന്റെ നാട്ടുകാരിയായ യുവതി ഉൾപ്പെടെ 4 പേരിൽ മൂന്നുപേർ നീന്തൽ അറിയാത്തതിനാലുള്ള ഭയം മൂലം കരയ്ക്ക് നിന്നു.

പക്ഷെ അച്ചന്റെ കുടുംബ സുഹൃത്തായ യുവതിക്ക് അല്പം നീന്തൽ അറിയാവുന്നതിനാൽ അവളുടെ ആഗ്രഹം അനുസരിച്ച് അച്ചൻ അവളെ തന്റെ Stand Up Paddleboard (SUP) ൽ നിർത്തിയത്, അവൾ തന്റെ ഭർത്താവിനെ വീഡിയോ കോളിൽ വിളിച്ച് കാണിച്ചു. ശാന്തമായി SUP യിൽ തുഴഞ്ഞ് കുറച്ചകലം പിന്നിട്ടപ്പോൾ ബാലൻസ് നഷ്ടപ്പെട്ടതാകാനാണ് സാധ്യത. StandUp Paddleboard ചരിഞ്ഞ് രണ്ടു പേരും വെള്ളത്തിൽ വീണു. ആ യുവതിയോട് SUP യിൽ പിടിവിടാതെ കിടക്കാൻ പറഞ്ഞ അച്ചൻ, ആ പെൺകുട്ടിയെ കരയ്ക്ക് എത്തിക്കാൻ വേണ്ടി തടാകത്തിൽ ഉണ്ടായിരുന്ന മറ്റൊരു ബോട്ടിന്റെ സഹായം അഭ്യർത്ഥിച്ചു. കാലുകൊണ്ട് ചവിട്ടി ഓടിക്കുന്ന അല്പം വലിപ്പം കൂടിയ ഒരു തരം ബോട്ടായിരുന്നു അത്. ബിനു അച്ചനും ബോട്ടിലുള്ളവരും കൂടി ആ യുവതിയെ വലിയ ബോട്ടിൽ കയറ്റി കിടത്തി.

അച്ചന് നന്നായി നീന്തൽ അറിയാം എന്നതിനാൽ വെള്ളം കുടിച്ച് അവശയായ യുവതിക്ക് ബോട്ടിലുള്ളവർ പ്രാഥമിക ശുശ്രൂഷ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. യുവതിയെ രക്ഷിക്കാനുള്ള വെപ്രാളവും പെട്ടെന്നുള്ള ടെൻഷൻ കാരണവും ബിനു അച്ചന് എന്തോ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും വെള്ളത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തു. ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടും അച്ചൻ ബോട്ടിൽ കയറാഞ്ഞതിനാൽ ചുറ്റും പരതിയപ്പോൾ അച്ചനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ രക്ഷാപ്രവർത്തനം ആവശ്യപ്പെടുകയാണ് ചെയ്തത്. ഉടൻ തന്നെ രക്ഷാപ്രവർത്തകരും ആ ദേശത്തുള്ള 250 ഓളം ആൾക്കാരും എത്തി രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ബിനു അച്ചനെ കണ്ടെത്താൻ സാധിച്ചില്ല. ജൂൺ 22 ന് രാവിലെ 7.30 മുതൽ റോബോട്ടിന്റെ സഹായത്തോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു, അവസാനം 30 അടി താഴ്ചയിൽ അദ്ദേഹത്തിന്റെ ബോഡി കണ്ടെത്തുകയും ചെയ്തു (ആ പ്രദേശവാസികൾക്ക് പോലും അറിയില്ലായിരുന്നു അത്രയും താഴ്ച ആ തടാകത്തിന് ഉണ്ടായിരുന്നു എന്നത്).

ഈ ദുരന്തത്തിൽ ആർക്കും ആരെയും പഴിക്കാൻ സാധിക്കില്ല. ആ യുവതിയുടെ ജീവിതത്തിൽ എന്നും ഒരു തേങ്ങലായി, ഭയപ്പെടുത്തുന്ന ഒരു ഓർമ്മയായി മാത്രം ഈ സംഭവം നിലനിൽക്കും. അവളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചല്ലോ എന്ന സമാധാനം ആഴങ്ങളിലേയ്ക്ക് താഴ്ന്നു പോകുമ്പോൾ ബിനു അച്ചനെയും ആശ്വസിപ്പിച്ചിരിക്കണം.

അച്ചൻ എന്ന് നാട്ടിൽ വരും എന്ന് കണ്ണും നട്ടിരുന്ന മാതാപിതാക്കൾക്കും ഉറ്റവർക്കും ബിനു അച്ചന്റെ വേർപാട് നൽകിയ വേദന ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോൾ ആണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്ന പല കിംവദന്തികളും അവരുടെ ഹൃദയത്തിന് ഏറ്റ മുറിവിലേയ്ക്ക് മുളക്ക് പൊടി വിതറുന്ന അവസ്ഥ ഉടലെടുത്തത്...ഒന്നേ പറയാനുള്ളൂ കൂടുതൽ ലൈക്ക് കിട്ടാൻ നിങ്ങളുടെ ജീവിതത്തെ ഒരിയ്ക്കലും ഒരു ഫെയ്ക്ക് ആക്കി മാറ്റരുത്..!

ഒത്തിരിയേറെ വേദനയോടെ,

സി. സോണിയ തെരേസ് ഡി. എസ്. ജെ. ‍

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »