News - 2025

ദിവ്യകാരുണ്യ സ്വീകരണത്തിന് വിലക്കുള്ള നാന്‍സി പെലോസി റോമില്‍ ദിവ്യകാരുണ്യം സ്വീകരിച്ചതായി റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 01-07-2022 - Friday

റോം: അമേരിക്കയില്‍ ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായി കൊണ്ടിരിക്കുന്നതിനിടയില്‍ ഭ്രൂണഹത്യ അനുകൂലിയായ യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹമാരുടെ തിരുനാള്‍ ദിനമായ ജൂണ്‍ 29-ന് പുതുതായി അഭിഷിക്തരായ മെത്രാപ്പോലീത്തമാര്‍ക്ക് പാലിയം നല്‍കുന്നതിനോടനുബന്ധിച്ച് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ വി.ഐ.പി ഡിപ്ലോമാറ്റിക് വിഭാഗത്തില്‍ പെലോസി ഉണ്ടായിരുന്നെന്നും, മറ്റുള്ളവര്‍ക്കൊപ്പം ദിവ്യകാരുണ്യം സ്വീകരിച്ചുവെന്നും രണ്ട് ദൃക്സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ 'അസോസിയേറ്റഡ് പ്രസ്സ്' റിപ്പോര്‍ട്ട് ചെയ്തു.

പെലോസിയുടെ ഭ്രൂണഹത്യ അനുകൂല നിലപാടിനെ തുടര്‍ന്നു ഇവരുടെ അതിരൂപതയായ സാന്‍ ഫ്രാന്‍സിസ്കോയിലെ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ അതിരൂപതയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ പെലോസിയെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിന്നു. തീരുമാനത്തെ സ്വാഗതം ചെയ്തുക്കൊണ്ട് മറ്റ് മെത്രാന്മാരും രംഗത്തുവന്നിരിന്നു. ഒന്നുകില്‍ പെലോസി തന്റെ ഭ്രൂണഹത്യ അനുകൂല നിലപാട് മാറ്റുകയോ അല്ലെങ്കില്‍ തന്റെ കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് പരസ്യമായി പറയുന്നത് അവസാനിപ്പിക്കുകയോ വേണമെന്നു മെത്രാപ്പോലീത്ത പറഞ്ഞിരിന്നു.

ഇത് രണ്ടും പെലോസി ഇതുവരെ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ഭ്രൂണഹത്യ ഭരണഘടനാപരമായ പരിരക്ഷകള്‍ ഇല്ലാതാക്കിയ സമീപകാല സുപ്രീം കോടതി വിധിയെ “നിഷ്ടൂരവും, ഹൃദയഭേദകവും” എന്ന്‍ വിശേഷിപ്പിക്കുകയുമാണ്‌ ചെയ്തത്. ഇതിനിടെയാണ് ഇവര്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന്‍ ദിവ്യകാരുണ്യ സ്വീകരണം നടത്തിയെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പെലോസിയും, ഭര്‍ത്താവും പാപ്പയെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു.അതേസമയം പെലോസിയുടെ ദിവ്യകാരുണ്യ സ്വീകരണത്തേക്കുറിച്ചുള്ള വാര്‍ത്തയില്‍ സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത പ്രതികരിച്ചിട്ടില്ല.

More Archives >>

Page 1 of 770