News
“ഞങ്ങളെ എല്ലാവരേയും കൊല്ലൂ”: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ വൈദികന്റെ കുറിപ്പ് പങ്കുവെച്ച് മെത്രാന്‍ സമിതി
പ്രവാചകശബ്ദം 28-06-2022 - Tuesday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വൈദികരും അത്മായരും അനുദിനം കൊല്ലപ്പെടുകയും തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കത്തോലിക്ക വൈദികന്റെ വേദനാജനകമായ കുറിപ്പ് പങ്കുവെച്ച് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ ബ്രോഡ്കാസ്റ്റ് വിഭാഗം. 'ഞങ്ങളെ എല്ലാവരേയും കൊല്ലൂ' എന്ന തലക്കെട്ടോടെ ഫാ. എ.എന്‍. അബിയാഗോം എന്ന വൈദികന്‍ എഴുതിയ കുറിപ്പാണ് മെത്രാന്‍ സമിതിയുടെ കീഴിലുള്ള കാത്തലിക് ബ്രോഡ്കാസ്റ്റ് കമ്മീഷന്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വൈദികരുടെ ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്. കൊള്ളക്കാരെന്ന് നമ്മള്‍ വിളിക്കുന്ന മുഖമില്ലാത്ത ഈ സംഘം ജുമാഅത്ത് നടക്കുമ്പോള്‍ മോസ്കുകളില്‍ ആക്രമണം നടത്തുകയോ, നിസ്കരിക്കുന്നവരെ വെടിവെച്ച് കൊലപ്പെടുത്തുകയോ ഇമാമുമാരെ തട്ടിക്കൊണ്ടു പോകുകയോ ചെയ്‌താല്‍ ഇപ്പറയുന്ന കൊള്ളസംഘം ഇന്ന്‍ നൈജീരിയയില്‍ ഉണ്ടാകുമോയെന്ന ചോദ്യം വൈദികന്‍ ഉയര്‍ത്തി.
“ഇത് തീര്‍ത്തും അസംബന്ധമാണ്! ആഫ്രിക്കയിലെ ഏറ്റവും ശക്തമായ സൈന്യങ്ങളില്‍ ഒന്നെന്ന് വിളിക്കപ്പെടാവുന്ന നമ്മുടെ രാഷ്ട്രത്തെ എങ്ങനെ കൊള്ളക്കാര്‍ക്ക് കീഴടക്കുവാന്‍ കഴിയും? നൈജീരിയയില്‍ അരി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ എളുപ്പത്തില്‍ എങ്ങനെ കൊള്ളക്കാര്‍ക്ക് തോക്കുകള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുവാനും, കൂട്ടക്കൊലകള്‍ നടത്തുവാനും കഴിയും? നൈജീരിയയില്‍ കത്തോലിക്ക വൈദികരോ, അല്ലാത്തവരോ കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തു എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് ഓരോ ദിവസവും നമ്മള്‍ ഉണരുന്നതെന്നും ഫാ. അബിയാഗോം കുറിച്ചു.
“രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ദേവാലയങ്ങളിലും, കൃഷിയിടങ്ങളിലും കൊല്ലപ്പെടുകയോ, ബന്ദിയാക്കപ്പെടുകയോ ചെയ്യുന്ന നൂറുകണക്കിനായ സാധാരണക്കാരെ കുറിച്ച് പറയേണ്ടതില്ല. നിര്‍ഭാഗ്യവശാല്‍, നൈജീരിയയില്‍ ഇതൊരു ആചാരമായി മാറിക്കൊണ്ടിരിക്കുകയാണ്. നാളെ ആളുകള്‍ സാധാരണപോലെ അവരുടെ ജോലിക്ക് പോകും, രാഷ്ട്രീയക്കാര്‍ ഒന്നും സംഭവിക്കാത്തപ്പോലെ അവരുടെ പ്രചാരണവുമായി മുന്നോട്ട് പോകും”.
നമ്മുടെ മേല്‍ മനപ്പൂര്‍വ്വം തുടര്‍ച്ചയായി തിന്മയെ അഴിച്ചു വിട്ടിരിക്കുകയാണെന്നത് വ്യക്തമാണ്. ഈ തിന്മയെ നേരിട്ട് പരാജയപ്പെടുത്തുന്നതിന് പകരം നമ്മള്‍ രണ്ടു കയ്യും കെട്ടി വലിയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് നിന്നാല്‍ മാത്രം മതിയോ? എത്രനാളത്തേക്ക് ഇങ്ങനെ തുടരുവാന്‍ കഴിയും? ആരായിരിക്കും അടുത്തത്? എവിടെയായിരിക്കും അടുത്തത്? ഫാ. അബിയാഗോം ചോദിക്കുന്നു. കൊള്ളക്കാര്‍ക്കും. തട്ടിക്കൊണ്ടു പോകുന്നവര്‍ക്കും മുഖമില്ലാത്തതുകൊണ്ട് രാജ്യത്തിന്റെ ഭരണത്തിന്റെ ഉന്നതിയില്‍ പ്രതിഷ്ഠിക്കപ്പെട്ടവര്‍ക്കും കൊള്ളക്കാരേപ്പോലെ തന്നെ ഈ കൊലപാതകങ്ങളിലും തട്ടിക്കൊണ്ടുപോകലുകളിലും തുല്യമായ ഉത്തരവാദിത്വമുണ്ടെന്ന് ഫാ. അബിയാഗോം പറഞ്ഞു.
നൈജീരിയനെന്ന് വിളിക്കപ്പെടുന്നത് തന്നെ സങ്കടമുള്ള കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നായകരുടെ കഴിഞ്ഞ കാലങ്ങളിലെ അധ്വാനം വെറുതെയായി, നിങ്ങള്‍ക്ക് സന്തോഷമാകുമെങ്കില്‍ ഞങ്ങളെ എല്ലാവരേയും കൊല്ലൂ എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഭരണകൂടത്തിന്റെയും കപട മതേതരം പ്രകടമാക്കുന്നവരുടെയും വാദമുഖങ്ങളുടെ മുനയൊടിക്കുന്നതാണ് വൈദികന്റെ ചോദ്യങ്ങളെല്ലാം. ഇക്കഴിഞ്ഞ നാലു ദിവസത്തിനിടെ രണ്ട് വൈദികര്‍ കൊല്ലപ്പെട്ടിരിന്നു. രാജ്യത്തു ഓരോ വര്‍ഷവും ആയിരകണക്കിന് നിരപരാധികളായ ക്രൈസ്തവരാണ് കൊല്ലപ്പെടുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക