News - 2025
വ്യാജ മതനിന്ദ കേസ്: നിരപരാധിയായ പാക്ക് ക്രൈസ്തവ വിശ്വാസിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം
പ്രവാചകശബ്ദം 28-06-2022 - Tuesday
കറാച്ചി: യാതൊരു കാരണവുമില്ലാതെ കഴിഞ്ഞ അഞ്ചു മാസങ്ങളായി പാക്കിസ്ഥാനി ജയിലില്‍ നരകയാതന അനുഭവിക്കുന്ന റെഹ്മത് മസി എന്ന നാല്‍പ്പത്തിനാലുകാരനായ ക്രൈസ്തവനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പുറമേ സാധാരണക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഖുറാനെ അവഹേളിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് റെഹ്മത് അറസ്റ്റിലാകുന്നത്. റെഹ്മതിനെതിരെ യാതൊരു തെളിവുമില്ലെന്നും, ക്രൂരമായി മര്‍ദ്ദിച്ച് അദ്ദേഹത്തേക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും റെഹ്മത് മസിയുടെ കേസ് മുന്നോട്ട് കൊണ്ടുപോകുന്ന വോയിസ് ഓഫ് ദി ജസ്റ്റിസ് എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്റായ ജോസഫ് ജാന്‍സന്‍ വെളിപ്പെടുത്തി. ഭയവും പട്ടിണിയും കാരണം റെഹ്മതിന്റെ കുടുംബം നാടുവിട്ടു പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 20 വര്‍ഷങ്ങളായി കറാച്ചിയില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു റെഹ്മതിന്റെ മേല്‍ 2022 ജനുവരി 3-നാണ് മതനിന്ദ ആരോപിക്കുന്നത്. സംസം പബ്ലിഷേര്‍സ് പ്രസിദ്ധീകരിച്ച ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ താളുകളില്‍ അഴുക്കാക്കുകയോ അവഹേളിക്കുകയോ ചെയ്തു എന്നായിരുന്നു ആരോപണം. 2021 ഡിസംബര്‍ 25-ന് മലിന ജലം ഒഴുകുന്നയിടത്ത് ഖുറാന്റെ പേജുകള്‍ കിടക്കുന്ന വീഡിയോ പോലീസ് കാണുവാന്‍ ഇടയായതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തുകയും ഖുറാന്‍ പേജുകള്‍ കണ്ടെത്തുകയും പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 295 ഖണ്ഡിക ‘ബി’ യുടെ അടിസ്ഥാനത്തില്‍ അജ്ഞാതനായ വ്യക്തിയുടെ പേരില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുകയും ചെയ്തു.
ക്രിസ്തുമസ് അവധിക്ക് ശേഷം റെഹ്മത് ജോലിക്ക് കയറിയപ്പോള്‍ ഇതേക്കുറിച്ച് കമ്പനി അധികൃതര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരിന്നു. തനിക്കൊന്നും അറിയില്ലെന്ന് റെഹ്മത് പറഞ്ഞിട്ടും അദ്ദേഹം കുറ്റം സമ്മതിച്ചുവെന്ന് കള്ളം പറഞ്ഞ് റെഹ്മതിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജനുവരി 3-നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം സഹിക്കവയ്യാതെ റെഹ്മത് കുറ്റം സമ്മതിക്കുകയായിരുന്നു. 2022 ജനുവരി 24-ന് ആദ്യ വിചാരണയില്‍ തന്നെ കോടതി റെഹ്മതിന്റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. ഇക്കഴിഞ്ഞ മെയ് 31-ന് നടന്ന വിചാരണയില്‍ താന്‍ ഇത് ചെയ്തിട്ടില്ലെന്ന്‍ റെഹ്മത് കോടതിയെ ബോധിപ്പിച്ചു.
വിവിധ പൊതുജന സംഘനകളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ‘ബി ദി ലൈറ്റ് ടിവി’യുടെ പ്രസിഡന്റും, അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇല്യാസ് സാമുവല്‍ ഈ കേസില്‍ പൊരുത്തക്കേടുകള്‍ ഉള്ള വിവരം പുറത്തുവിട്ടിരിന്നു. റെഹ്മത് ഓടയില്‍ ഖുറാന്‍ പേജുകള്‍ എറിയുന്നതിന് ദൃക്സാക്ഷിയോ തെളിവോ ഇല്ലായെന്നും അതിനാല്‍ തന്നെ വ്യാജ ആരോപണമാണെന്നും ഇല്ല്യാസ് ‘എജന്‍സിയ ഫിദെ’സിനോട് പ്രസ്താവിച്ചിരിന്നു. ‘സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ’ (സി.എസ്.ജെ) കണക്കനുസരിച്ച് 1987 മുതല്‍ 2021 ഡിസംബര്‍ വരെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും, അഹ്മദികളും ഉള്‍പ്പെടെ 1949 പേരുടെ മേല്‍ മതനിന്ദ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 84 പേരെ കുറ്റം തെളിയിക്കുന്നതിന് മുന്‍പേ തന്നെ കോടതിക്ക് വെളിയില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു.