News - 2025
ആരും സുരക്ഷിതരല്ല, കഴിയുന്നത് കടുത്ത ഭയത്താല്‍: സാഹചര്യം വിവരിച്ച് കടുണ മെത്രാപ്പോലീത്ത
പ്രവാചകശബ്ദം 04-07-2022 - Monday
കടൂണ: നൈജീരിയയില്‍ ആരും സുരക്ഷിതരല്ലെന്നും ജനങ്ങള്‍ ഭീതിയിലും, മാനസിക ആഘാതത്തിലുമാണ് കഴിയുന്നതെന്നും കടുണ അതിരൂപത മെത്രാപ്പോലീത്ത മോണ്‍. മാത്യു മാന്‍-ഒസോ ണ്ടാഗോസോ. സമീപ ദിവസങ്ങളില്‍ രണ്ട് കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ചുകൊണ്ട് ജൂണ്‍ 28-ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’മായി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇത് തികച്ചും അപ്രതീക്ഷിതമാണ്. അവര്‍ പണത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകുന്നവരാണ്. തീര്‍ച്ചയായും തട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു അവരുടെ പദ്ധതി, പക്ഷേ അവര്‍ക്ക് ഞങ്ങളുടെ വൈദികരെ കൊല്ലേണ്ടതായി വന്നു, എന്താണ് കാരണമെന്ന് ദൈവത്തിനു മാത്രം അറിയാം”- ഈ സാഹചര്യത്തില്‍ ആരും എവിടേയും സുരക്ഷിതരല്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ വൈദികരില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും, നാലുപേര്‍ മോചിതരാവുകയും ചെയ്തപ്പോള്‍ ഒരാള്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്. (കഴിഞ്ഞ ദിവസം രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയിരിന്നു.) മോചന ദ്രവ്യത്തിനുള്ള എളുപ്പമാര്‍ഗ്ഗമായി വൈദികരെ കണക്കാക്കുന്നതിനാല്‍ അന്‍പതോളം ഇടവകകളില്‍ വൈദികര്‍ക്ക് അവരുടെ പള്ളിമുറികളില്‍ താമസിക്കുവാന്‍ കഴിയുന്നില്ല. തനിക്ക് സാധാരണ ചെയ്യാറുള്ളതുപോലെയുള്ള അജപാലക സന്ദര്‍ശനങ്ങള്‍ നടത്തുവാനോ, വൈദികര്‍ക്ക് ഗ്രാമങ്ങളില്‍ പോയി കുര്‍ബാന ചൊല്ലുവാനോ, കൃഷിക്കാര്‍ക്ക് കൃഷിചെയ്ത് കുടുംബത്തേ പോറ്റുവാനോ കഴിയുന്നില്ലെന്നും, ജനങ്ങള്‍ പള്ളിയും തിരുകര്‍മ്മങ്ങളും ഭയത്താല്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ നൈജീരിയയിലെ കടുണ അതിരൂപതയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഇക്കഴിഞ്ഞ ജൂണ്‍ 25-ന് കൊല്ലപ്പെട്ട ഫാ. വിറ്റൂസ് ബൊറോഗോ. കടുണയില്‍ നിന്നും അധികം ദൂരത്തല്ലാത്ത പ്രിസണ്‍ ഫാം മേഖലയിലെ തന്റെ കുടുംബത്തെ സന്ദര്‍ശിക്കുവാന്‍ പോയതായിരുന്നു അദ്ദേഹം. അക്രമി സംഘം അന്‍പതുകാരനായ വൈദികനെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം അദ്ദേഹത്തിന്റെ അനിയനേയും കൂടെയുണ്ടായിരുന്ന മറ്റൊരാളേയും അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ജൂണ്‍ 26 നാണ് ഔച്ചി രൂപതയിലെ നാല്‍പ്പത്തിയൊന്നുകാരനായ ഫാ. ക്രിസ്റ്റഫര്‍ ഒഡിയ സെന്റ് മൈക്കേല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുമ്പോള്‍ കൊല്ലപ്പെടുന്നത്.
തട്ടിക്കൊണ്ടുപോകുവാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. പെന്തക്കുസ്താ തിരുനാള്‍ ദിനത്തിലെ കൂട്ടക്കൊലക്ക് ശേഷം അധികം നാള്‍ കഴിയുന്നതിന് മുന്‍പാണ് ഈ രണ്ടു വൈദികരും കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്തെ അരക്ഷിതാവസ്ഥയുടെ പേരിലും, ജനങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കാത്തതിന്റെ പേരിലും കാലങ്ങളായി കത്തോലിക്കാ സഭ മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇസ്ലാമിക ഭീകരവാദത്തിനു തടയിടാന്‍ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.