News - 2025

ഭ്രൂണഹത്യ അനുകൂലികൾ കത്തോലിക്ക ദേവാലയങ്ങള്‍ ആക്രമിച്ചതിനെ അപലപിച്ച് വൈറ്റ്ഹൗസ്

പ്രവാചകശബ്ദം 04-07-2022 - Monday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പേരില്‍ രാജ്യത്തുടനീളം കത്തോലിക്ക ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതിനെ അപലപിച്ചുകൊണ്ട് വൈറ്റ്ഹൗസ് രംഗത്ത്. വിധി പുറത്തുവന്നതിന് ശേഷം വിര്‍ജീനിയയിലെ 145 വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം ഉള്‍പ്പെടെ ചുരുങ്ങിയത് ആറോളം കത്തോലിക്കാ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് ‘ഫോക്സ് ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരുമാകട്ടെ, എന്ത് ലക്ഷ്യവുമായിക്കോട്ടേ അക്രമം, ഭീഷണി, വിനാശം എന്നിവയെ പ്രസിഡന്റ് എപ്പോഴും അപലപിച്ചിട്ടുണ്ടെന്നും, പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നു വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി ആന്‍ഡ്ര്യൂ ബേറ്റ്സ് പറഞ്ഞു.

അമേരിക്കയില്‍ ഭ്രൂണഹത്യ ദേശവ്യാപകമായി നിയമപരമാക്കിയ റോ വേഴ്സസ് വേഡ് വിധിയെ അസാധുവാക്കുകയും, ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടുകയും ചെയ്ത കേസിന്റെ വിധിയ്ക്ക് തൊട്ടുപിന്നാലെ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണങ്ങൾ അരങ്ങേറുകയായിരിന്നു. അക്രമം ഒരിക്കലും സ്വീകാര്യമല്ലായെന്നും അക്രമത്തിനെതിരായി നിലകൊള്ളണമെന്നും ബൈഡന് വേണ്ടി വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി പറഞ്ഞു. ന്യൂ ഓര്‍ലീന്‍സിലെ ഹോളി നെയിം ഓഫ് മേരി കത്തോലിക്കാ ദേവാലയത്തിലെ അബോര്‍ഷനിരയായ കുരുന്നുകളെ ആദരിച്ചുകൊണ്ടുള്ള രൂപത്തിന്റെ മുഖം ചുവന്ന പെയിന്റടിച്ച് വികൃതമാക്കപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ വര്‍ജീനിയയിലെ സെന്റ്‌ കോള്‍മാന്‍ കത്തോലിക്ക ദേവാലയം അഗ്നിക്കിരയായി. വിര്‍ജീനിയയിലെ തന്നെ റെസ്റ്റോണിലെ സെന്റ്‌ ജോണ്‍ ന്യൂമാന്‍ കത്തോലിക്കാ ദേവാലയം സ്പ്രേ പെയിന്റടിച്ച് വികൃതമാക്കപ്പെട്ട നിലയിലാണ്.

ടെക്സാസിലെ ഹാര്‍ലിഞ്ചെനിലെ സെന്റ്‌ ആന്റണീസ് ദേവാലയത്തിലെ മൂന്നു തിരുസ്വരൂപങ്ങള്‍ തകര്‍ക്കപ്പെട്ടിരിന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെ ദി അസെന്‍ഷന്‍ ദേവാലയത്തിന്റെ ചുവരുകള്‍ “ഭ്രൂണഹത്യ സുരക്ഷിതമല്ലെങ്കില്‍, നിങ്ങളും സുരക്ഷിതരല്ല” എന്ന ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയതും ഇക്കഴിഞ്ഞ ദിവസമാണ്. വാഷിംഗ്ടണിലെ ബെല്ലെവ്യൂവിലെ സെന്റ്‌ ലൂയീസ് കത്തോലിക്ക ദേവാലയത്തിന്റെ ഭിത്തിയിലും “സ്ത്രീവിരോധികള്‍”, “വിദ്വേഷത്തിന്റെ മതം” എന്നിങ്ങനെയുള്ള ചുവരെഴുത്തുകളാൽ വികൃതമാക്കിയിരിന്നു. കത്തോലിക്ക സഭ ജീവന്റെ മഹത്വത്തെ മാനിക്കുന്നതും ഭ്രൂണഹത്യയെ മാരക പാപമായി കണക്കാക്കുന്നതുമാണ് അബോർഷൻ അനുകൂലികളെ ചൊടിപ്പിക്കുന്നത്.


Related Articles »