Faith And Reason - 2024

കോവിഡിന് ശേഷം ബെയ്ജിംഗ് കത്തീഡ്രൽ തുറന്നു; ആദ്യ ദിനത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് 101 പേർ

പ്രവാചകശബ്ദം 24-07-2022 - Sunday

ബെയ്ജിംഗ്: കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ടിരുന്ന ബെയ്ജിംഗിലെ കത്തീഡ്രൽ ദേവാലയം ആറുമാസങ്ങൾക്ക് ശേഷം വിശ്വാസികൾക്ക് വേണ്ടി തുറന്നു നൽകി. ഇക്കഴിഞ്ഞ ജൂലൈ പതിനാറാം തീയതി കത്തീഡ്രൽ ദേവാലയം വീണ്ടും തുറന്നപ്പോള്‍ ജ്ഞാനസ്നാന സ്വീകരണം നടത്തിയത് നൂറ്റൊന്നു പേരാണെന്നത് ശ്രദ്ധേയമാണ്. ഇതിൽ ഭൂരിഭാഗവും മുതിർന്നവരാണ്. ജ്ഞാനസ്നാനം സ്വീകരിച്ചവരുടെയും, അവർക്ക് പരിശീലനം നൽകിയവരുടെയും, വൈദികരുടെയും, സന്യസ്ഥരുടെയും മുഖത്ത് വലിയ സന്തോഷം ദൃശ്യമായിരുന്നുവെന്ന് 'ഏജൻസിയ ഫിഡെസ്' റിപ്പോർട്ട് ചെയ്തു.

ക്രിസ്തുവിനെ ഉൾക്കൊണ്ടും, സ്നേഹത്തിലൂടെയും, പ്രവർത്തിയിലൂടെയും ക്രിസ്തുവിന് സാക്ഷ്യം നൽകുകയും വഴി ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ പ്രകാശവും ആയി മാറണമെന്ന് ബെയ്ജിംഗ് ആർച്ച് ബിഷപ്പ് ജോസഫ് ലി ഷാൻ പുതിയതായി വിശ്വാസം സ്വീകരിച്ചവരോട് ആഹ്വാനം ചെയ്തു. ജ്ഞാനസ്നാനമെന്നത് ഒരു ആചാരം മാത്രമല്ലന്നും, ഉള്ളിലെ ഒരു മാനസാന്തരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി സൂര്യോദയത്തിന് മുന്‍പേ ചില വിശ്വാസികൾ ദേവാലയത്തിന് പുറത്ത് തടിച്ചു കൂടിയിരുന്നു. മണിക്കൂറുകളാണ് ഇവര്‍ കാത്തുനിന്നത്.

ബെയ്ജിംഗ് കത്തീഡ്രലിൽ നടന്ന ജ്ഞാനസ്നാനം ഒരു സന്തോഷവാർത്ത ആണെങ്കിലും, വലിയ പീഡനങ്ങളുടെ നടുവിലൂടെയാണ് ചൈനയിലെ സഭ കടന്നു പോകുന്നത്. വൈദികരെയും, മെത്രാന്മാരെയും ഒരു വിചാരണയും കൂടാതെ സർക്കാർ രഹസ്യ സ്ഥലങ്ങളിൽ തടവറയിൽ ആക്കിയിരിക്കുന്നത് ഉള്‍പ്പെടെ നിരവധി വിശ്വാസ വിരുദ്ധ നടപടികള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന്‍ ഉണ്ടാകുന്നുണ്ട്. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പതിനേഴാമതാണ് ചൈനയുടെ സ്ഥാനം. അതേസമയം കൊടിയ പീഡനങ്ങള്‍ക്കിടയിലും രാജ്യത്തു ക്രൈസ്തവ വിശ്വാസം രഹസ്യമായി സ്വീകരിച്ച് ഭൂഗര്‍ഭ സഭയില്‍ അംഗങ്ങളായി കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2030-ഓടെ ചൈന ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാഷ്ട്രമാകുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 72