News - 2025

ആൽബർട്ടയിലെ സെന്റ് ആൻ തടാക തീരത്ത് പ്രാര്‍ത്ഥനാനിരതനായി പാപ്പ

പ്രവാചകശബ്ദം 27-07-2022 - Wednesday

ആൽബർട്ട: കാനഡ സന്ദർശനത്തിന്റെ മൂന്നാം ദിവസത്തില്‍ തദ്ദേശീയ ജനതയ്ക്ക് വളരെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ ആൽബർട്ടയിലെ സെന്റ് ആൻ തടാക തീരത്തും (ലാക് സ്റ്റെ ആന്‍) ദേവാലയത്തിലും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി. തദ്ദേശീയ സമൂഹം സുഖപ്രാപ്തിക്കായി യേശുവിന്റെ മുത്തശ്ശിയായ അന്നയുടെ മാധ്യസ്ഥം തേടുന്ന ഇടമാണ് ഈ തടാകം. പരിശുദ്ധ കന്യകാമറിയത്തിൻറെ മാതാപിതാക്കളായ, യേശുവിൻറെ മുത്തശ്ശീമുത്തച്ഛന്മാരായ ജോവാക്കിമിൻറെയും അന്നയുടെയും തിരുന്നാൾ ദിനത്തിലാണ് ഈ തീർത്ഥാടനം നടന്നതെന്നതും ശ്രദ്ധേയമാണ്. തടാകത്തിനരികെ ഒരുക്കിയിരുന്ന വേദിയിലെത്തിയ പാപ്പ പ്രാർത്ഥന ചൊല്ലി കുരിശടയാളം വരച്ചു.

വീല്‍ചെയറില്‍ തന്നെ തടാകത്തിനടുത്തേക്ക് ആനയിക്കപ്പെട്ട പാപ്പ അവിടെ ഏതാനും നിമിഷം പ്രാർത്ഥനയിൽ മുഴുകി. ഇതിന് പിന്നാലെ പാത്രത്തിൽ കൊണ്ടുവന്ന വെള്ളം വെഞ്ചരിച്ചു. അവിടെ നിന്ന് തടാകത്തിലെ താൻ ആശീർവദിച്ച ജലം തളിച്ചുകൊണ്ടാണ് വീല്‍ചെയറില്‍ വചനവേദിയിലേക്ക് മുന്നോട്ടു പോയത്. യേശു ക്രിസ്തുവിന്റെ പരസ്യ ജീവിതത്തിന്റെ ഏറിയ പങ്കും ഗലീലി കടൽത്തീരത്താണ് ചെലവഴിച്ചതെന്നും, അവിടെയും വിവിധ സ്ഥലങ്ങളിൽ നിന്ന് ലേക്ക് സെന്റ് ആനിൽ ആളുകൾ എത്തുന്നത് പോലെ യേശുക്രിസ്തുവിനെ ശ്രവിക്കാൻ ആളുകൾ എത്തുമായിരുന്നുവെന്നും മാർപാപ്പ ഓർമിപ്പിച്ചു.

1844ലാണ് ലേക്ക് സെന്റ് ആനിൽ ആദ്യമായി ദേവാലയം പണിയപ്പെടുന്നത്. 1889ൽ വിശുദ്ധ അന്ന - ജൊവാക്കിം ദമ്പതികളുടെ തിരുനാൾ ദിനത്തിൽ ഇവിടേക്കുള്ള ആദ്യത്തെ തീർത്ഥാടനം ആരംഭിച്ചു. ഉത്തര അമേരിക്കയിലെ തന്നെ വലിയൊരു തീർത്ഥാടനമായി ഇവിടേക്ക് എല്ലാവർഷവും നടക്കുന്ന തീർത്ഥാടനം മാറി. ദൈവത്തിൻറെ തടാകം, പരിശുദ്ധാരൂപിയുടെ തടാകം എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ തടാകത്തിന് 1842ൽ ആൽബർട്ടയിൽ കത്തോലിക്ക സഭയുടെ സ്ഥിരമായ ആദ്യത്തെ മിഷൻ ആരംഭിച്ച ഫാ. ജിയാൻ ബാപ്റ്റിസ്റ്റ് തിബോൾട്ടാണ് 'ലാക് സ്റ്റെ ആന്‍' എന്ന പേര് നൽകിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »