News - 2025

ക്രൈസ്തവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ ഇറാന്റെ ശ്രമം: റിപ്പോർട്ടുമായി അമേരിക്ക

പ്രവാചകശബ്ദം 28-07-2022 - Thursday

ടെഹ്റാന്‍: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ഇറാനിലെ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ മതസാതന്ത്ര്യത്തിനും, വിശ്വാസത്തിനും കടുത്ത വെല്ലുവിളികള്‍ തുടരുകയാണെന്നതിന്റെ സ്ഥിരീകരണവുമായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) റിപ്പോര്‍ട്ട് പുറത്ത്. ക്രൈസ്തവരുടെ പ്രത്യേകിച്ച് പരിവര്‍ത്തിത ക്രൈസ്തവരുടെ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി വ്യാജ വിവരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, മതന്യൂനപക്ഷങ്ങളോട് ഇറാനിലെ ഭരണകൂടവും, നീതിപീഠവും കാണിക്കുന്ന അനീതിയെ ന്യായീകരിക്കുന്നതിനുമായി ഇറാനിൽ തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നു ‘യു.എസ്.സി.ഐ.ആര്‍.എഫ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തി ക്രൈസ്തവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അടിസ്ഥാനരഹിതമായ വിവരങ്ങള്‍ ഇറാനി ഭരണകൂടത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇത്തരം മാധ്യമങ്ങള്‍ ‘ജാ’അഫ്രി ഷി’യാ ഇസ്ലാം’മുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വ്യാഖ്യാനങ്ങളോട് പൂര്‍ണ്ണമായി യോജിച്ചു പോകുന്നവയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാനിലെ മതന്യൂനപക്ഷങ്ങളോടുള്ള മോശം പെരുമാറ്റത്തെ അനുകൂലിക്കുന്ന രീതിയില്‍ പൊതു അഭിപ്രായം വളര്‍ത്തി എടുക്കുകയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണ പരിപാടികള്‍ വഴി ഇറാനിയന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.

ഇറാനി നീതിപീഠം പരിവര്‍ത്തിത ക്രൈസ്തവരേയും, ബഹായികളേയും അടിച്ചമര്‍ത്തുവാന്‍ ദേശീയ സുരക്ഷ ആരോപണങ്ങള്‍ ഉപയോഗിക്കുമ്പോള്‍, രാഷ്ട്ര സുരക്ഷക്കെതിരായി പ്രവര്‍ത്തിച്ചതിനല്ല മറിച്ച് തങ്ങളുടെ വിശ്വാസത്തില്‍ ജീവിച്ചതിനാണ് സര്‍ക്കാര്‍ ഇവരെ ലക്ഷ്യം വെച്ചതെന്നാണ് ഈ രണ്ടു വിഭാഗക്കാര്‍ക്കെതിരേയുള്ള വ്യാജ പ്രചാരണ പരിപാടികള്‍ സൂചിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പ്രത്യേകം ആശങ്കപ്പെടേണ്ട രാഷ്ട്രങ്ങളുടെ (സി.പി.സി) വിഭാഗത്തിലുള്‍പ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സമീപ മാസങ്ങളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ നിര്‍ണ്ണായക സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

1999 മുതല്‍ ഇറാന്‍ സി.പി.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 2020-ല്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ നൂറ്റിഇരുപതോളം പരിവര്‍ത്തിത ക്രൈസ്തവരാണ് ഇറാനില്‍ അറസ്റ്റിലാവുകയോ, തടവിലാക്കപ്പെടുകയോ ചെയ്തത്. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഇറാനിയന്‍ സര്‍ക്കാരിന്റെ വിവേചനം തുടരുന്നത് 1975-ലെ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സ് (ഐ.സി.സി.പി.ആര്‍) ഉടമ്പടിയില്‍ ഉറപ്പുനല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന കാര്യം റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഓരോ വര്‍ഷവും ആയിരകണക്കിന് ഇറാന്‍ സ്വദേശികളാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 777