News - 2025

ഭ്രൂണഹത്യ കേന്ദ്രങ്ങളുടെ മുന്നിലുള്ള പ്രാര്‍ത്ഥനകള്‍ കുറ്റകരമാക്കാന്‍ നീക്കം; പ്രതിഷേധവുമായി ഐറിഷ് പ്രോലൈഫ് പ്രവര്‍ത്തകര്‍

പ്രവാചകശബ്ദം 30-07-2022 - Saturday

ഡബ്ലിന്‍: ഭ്രൂണഹത്യ കേന്ദ്രങ്ങളുടെ മുന്നിലുള്ള ജാഗരണ പ്രാര്‍ത്ഥനകള്‍ കുറ്റകരമാക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അയര്‍ലന്‍ഡിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ രംഗത്ത്. ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം “സേഫ് ആക്സസ് മേഖല”യാക്കി മാറ്റിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞുവെന്ന് ഇക്കഴിഞ്ഞ ജൂലൈ 24നു ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡൊണേലി വ്യക്തമാക്കിയിരിന്നു. പുതിയ നിയമമനുസരിച്ച് ഭ്രൂണഹത്യ കേന്ദ്രങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിശബ്ദമായിട്ടാണെങ്കില്‍ പോലും ജാഗരണ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് കണ്ടാല്‍ തടവു ശിക്ഷയോ പിഴയോ നേരിടേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും, പൊതുസ്ഥലങ്ങളില്‍ സമാധാനപരമായി ഒരുമിച്ചു കൂടുന്നതിനുള്ള അവകാശത്തിന്റെ മേലുള്ള അപകടകരമായ കടന്നുകയറ്റമാണ് ഈ നീക്കമെന്നു പ്രോലൈഫ് പ്രവര്‍ത്തകയായ എല്ലിസ് മുള്‍റോയ് പറഞ്ഞു. ഭാവിയില്‍ ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് സമീപം അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ ഇത് വഴിവെക്കുമെന്ന്‍ മുള്‍റോയി കാത്തലിക് ന്യൂസ് സര്‍വീസിനോട് പറഞ്ഞു. ഭ്രൂണഹത്യ കേന്ദ്രങ്ങളിലെ രോഗികളുടെയോ, സ്റ്റാഫുകളുടെയോ ഭാഗത്തു നിന്നും യാതൊരു പരാതിയുമില്ലെന്നിരിക്കെ ഇത്തരമൊരു നിയമനിര്‍മ്മാണം അനാവശ്യമാണെന്നു പ്രമുഖ പ്രോലൈഫ് സംഘടനയായ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിയം ഉയി ബ്രിയന്‍ പ്രതികരിച്ചു.

ഒരു സമയത്ത് രണ്ടു സ്ത്രീകള്‍ മാത്രം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ട് അബോര്‍ഷന്‍ കേന്ദ്രത്തിന് ചുറ്റും നടക്കുക മാത്രമാണ് ജാഗരണ പ്രാര്‍ത്ഥനകളില്‍ സംഭവിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം ആളുകളും അബോര്‍ഷന്‍ അനുകൂലികളല്ല. ബില്‍ സമാധാനപരമായി പ്രാര്‍ത്ഥിക്കുന്ന സ്ത്രീകളെ കുറ്റവാളികളായി ചിത്രീകരിക്കുകയാണെന്ന സത്യം ആളുകള്‍ അറിയുകയാണെങ്കില്‍ അവര്‍ തീര്‍ച്ചയായും ഇതിനെ എതിര്‍ക്കുമെന്നും ബ്രിയന്‍ പറഞ്ഞു. വ്യാജ സംഭവങ്ങളുടെയും, വളച്ചൊടിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭ്രൂണഹത്യ കേന്ദ്രങ്ങളുടെ മുന്നിലുള്ള ജാഗരണ പ്രാര്‍ത്ഥനകള്‍ കുറ്റകരമാക്കുവനുള്ള സര്‍ക്കാര്‍ നീക്കമെന്ന് പറഞ്ഞ ബ്രിയന്‍ ഇത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

More Archives >>

Page 1 of 778