News - 2025
ആഫ്രിക്കയിലെ കത്തോലിക്ക സഭയ്ക്ക് പുതിയ അധ്യക്ഷന്‍
പ്രവാചകശബ്ദം 01-08-2022 - Monday
ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും ദ്വീപുകളിലെയും കത്തോലിക്ക ബിഷപ്പുമാരുടെ കൂട്ടായ്മയായ സിമ്പോസിയം ഓഫ് എപ്പിസ്‌കോപ്പൽ കോൺഫറൻസസ് ഓഫ് ആഫ്രിക്ക, മഡഗാസ്‌കറിന് (SECAM) പുതിയ അധ്യക്ഷന്‍. ഘാനയിലെ നിന്നുള്ള നിയുക്ത കര്‍ദ്ദിനാള്‍ റിച്ചാർഡ് കുയ ബാവോബറിനെയാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. തലസ്ഥാന നഗരമായ അക്രയിൽ നടന്ന SECAM-ന്റെ 19-ാമത് പ്ലീനറി അസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ചായിരിന്നു തെരഞ്ഞെടുപ്പ്. ഇതോടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കത്തോലിക്ക സഭയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്. ആഗസ്റ്റ് 27ന് റോമില്‍ നടക്കുന്ന കൺസിസ്റ്ററിയിൽ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന 21 പുതിയ കർദ്ദിനാൾമാരിൽ ഒരാളാണ് റിച്ചാർഡ് കുയ ബാവോബര്‍.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വേളയിലാണ്, ഭാഷാ വ്യത്യാസവും ചരിത്രപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ മറികടന്ന് ഒരുമിച്ച് സംസാരിക്കാനും പ്രവർത്തിക്കാനുമുള്ള ആഫ്രിക്കൻ ബിഷപ്പുമാരുടെ കൂട്ടായ്മയായി SECAM പിറവിയെടുത്തത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) കിൻഷാസ അതിരൂപതയിലെ കർദ്ദിനാൾ അംബോംഗോ ബെസുംഗുവാണ് SECAM-ന്റെ ആദ്യ വൈസ് പ്രസിഡന്‍റ്. മൊസാംബിക്കിലെ സായ് സായ് രൂപതയിലെ ബിഷപ്പ് ലൂസിയോ ആൻഡ്രിസ് മുണ്ടൂല SECAM-ന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1987 ജൂലൈയിലാണ് നിയുക്ത പ്രസിഡന്‍റ് റിച്ചാർഡ് കുയ വൈദികനായത്. 1868-ൽ സ്ഥാപിതമായ മിഷ്ണറീസ് ഓഫ് ആഫ്രിക്കയുടെ (വൈറ്റ് ഫാദേഴ്‌സ്) സുപ്പീരിയർ ജനറലിന്റെ ആദ്യ അസിസ്റ്റന്റ് ജനറലായി ആറ് വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. 2010 മെയ് മാസത്തിൽ, സമൂഹത്തിന്റെ ആദ്യത്തെ ആഫ്രിക്കൻ സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ പരിശുദ്ധ പിതാവ് ഘാനയിലെ വ രൂപതയുടെ അധ്യക്ഷനായി നിയമിച്ചു. വിവിധ രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നവരെയും മാനസിക രോഗികളെയും ചേര്‍ത്തുപിടിച്ച് കൊണ്ട് അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരിന്നു.