News - 2025

ശ്രീലങ്ക ഈസ്റ്റര്‍ സ്ഫോടന ഇരകള്‍ക്ക് 1 ലക്ഷം യൂറോ കൈമാറി പാപ്പ; നന്ദിയര്‍പ്പിച്ച് കർദ്ദിനാൾ രഞ്ജിത്ത്

പ്രവാചകശബ്ദം 21-08-2022 - Sunday

കൊളംബോ: ശ്രീലങ്കയിൽ ഉയിർപ്പു ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് ഇരകളായവരുടെയും അതീജീവിതരുടെയും കുടുംബങ്ങൾക്ക് ഫ്രാന്‍സിസ് പാപ്പ നല്‍കിയ സാമ്പത്തിക സഹായത്തിന് നന്ദിയര്‍പ്പിച്ച് കൊളംബോ അതിരൂപതയുടെ അധ്യക്ഷനായ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. 400 കുടുംബങ്ങൾക്കായി ഏകദേശം 81 ലക്ഷം രൂപയ്ക്ക് തുല്യമായ 1 ലക്ഷം യൂറോയാണ് പാപ്പാ സംഭാവന ചെയ്തത്. ഇക്കഴിഞ്ഞ ആഴ്ച കൊച്ചൈക്കടയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ അപ്പസ്തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ബ്രയാൻ ഉദയ്ഗ്വെ, കൊളംബോയിലെ കർദ്ദിനാൾ രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 100,000 രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 75,000 രൂപയും കൈമാറിയെന്ന് കാരിത്താസ് ഡയറക്ടർ ഫാ. ലോറൻസ് രാമനായക് പറഞ്ഞു. 2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 267 പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ വേളയിൽ ഈ തുക കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിതരണം ചെയ്യുന്നുവെന്ന് കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. തെറ്റായ നയങ്ങളുടെയും തെറ്റായ സാമ്പത്തിക നടപടിക്രമങ്ങളുടെയും ഫലമായി രാജ്യം കൂപ്പുകുത്തിയിരിക്കുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിൽരഹിതരുടെ സംഖ്യ വളരെ വലുതാണ്. നിരവധി വ്യവസായ സംരംഭങ്ങൾ തകർന്നിരിക്കുകയാണെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി മുൻ സർക്കാരുകൾ തയ്യാറാക്കിയ പ്രയോജനരഹിതങ്ങളായ പദ്ധതികൾ നാടിനെ വൻ കടബാദ്ധ്യതകളിലേക്കു തള്ളിയിട്ടിരിക്കുകയാണെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് പറഞ്ഞു.

അരാജകത്വം, നീതിന്യായ വ്യവസ്ഥയിൽ രാഷ്ട്രീയ നേതാക്കളുടെ കൈകടത്തൽ, രാഷ്ട്രീയ രംഗത്തെ അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ജനാധിപത്യ മൂല്യ ശോഷണത്തിനു കാരണമായിരിക്കുകയാണ്. ആകയാൽ തെറ്റുകൾ തിരുത്തുന്നതിന് അന്താരാഷ്ട്ര സമൂഹം സർക്കാരിൻറെമേൽ സമ്മർദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 784