News - 2025

സീറോ മലബാർ സഭയുടെ സിനഡാനന്തര സർക്കുലറിന്റെ പൂർണ്ണരൂപം

പ്രവാചകശബ്ദം 25-08-2022 - Thursday

കൊച്ചി: കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിന് ശേഷമുള്ള സിനഡാനന്തര സർക്കുലർ പുറത്തിറക്കി. സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവ്വം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണ് സിനഡ് പിതാക്കന്മാർ ശ്രമിച്ചതെന്ന് സർക്കുലറിൽ പറയുന്നു. കുടിയേറ്റ കർഷകരും തീരദേശവാസികളും സമാനതകളില്ലാത്ത വെല്ലുവിളികളെ കുറിച്ചും ഞായറാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കുന്നതിൽ പ്രതിഷേധവും യാമപ്രാർത്ഥനകളുടെ നവീകരണം സംബന്ധിച്ച വിവരങ്ങളും എറണാകുളം-അങ്കമാലി അതിരൂപത വിഷയവും സിനഡാനന്തര സർക്കുലറിൽ പ്രമേയമാകുന്നുണ്ട്.

പുതിയ നിയമനങ്ങൾക്ക് പുറമേ, ചിക്കാഗോ രൂപതയുടെ മെത്രാനായി രണ്ടുപതിറ്റാണ്ടിലേറെ ശുശ്രൂഷചെയ്ത മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് 75 വയസ്സ് പൂർത്തിയായതിനെത്തുടർന്ന് സഭാനിയമപ്രകാരം നൽകിയ രാജി പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ സ്വീകരിച്ച വിവരവും സർക്കുലറിലുണ്ട്. ആഗസ്റ്റ് 16ന് ആരംഭിച്ച മെത്രാൻ സമ്മേളനം 25നാണ് സമാപിച്ചത്.

സിനഡാനന്തര സർക്കുലറിന്റെ പൂർണ്ണ രൂപം താഴെ : ‍

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ.

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

സീറോമലബാർസഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് 16 മുതൽ 25 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവ്വം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണ് സിനഡ് പിതാക്കന്മാർ ശ്രമിച്ചത്.

നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം സമുചിതമായ രീതിയിൽ വിവിധ രൂപതകളിൽ ആചരിക്കുന്നതിൽ സിനഡ് സംതൃപ്തി രഖപ്പെടുത്തി. ഈശോമിശിഹായ്ക്കു സാക്ഷ്യം വഹിക്കുക എന്നത് രക്തസാക്ഷിത്വത്തിനു കാരണമാണെന്ന് മാർതോമാശ്ലീഹായുടെ ജീവിതമാതൃക നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ കൈ്രസ്തവർ അനുഭവിക്കുന്ന പീഡനങ്ങളെയും വിവേചനങ്ങളെയും ഈ രക്തസാക്ഷിത്വത്തിന്റെ പശ്ചാത്തലത്തിലാണു നാം മനസ്സിലാക്കേണ്ടത്. വിശ്വാസവഴികളിലെ പ്രതിസന്ധികളിൽ നഷ്ടധൈര്യരാകാതിരിക്കാനും പ്രേഷിതപ്രവർത്തനങ്ങൾക്കായി പുനരർപ്പണം ചെയ്യാനും മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വസ്മരണ നമ്മെ ശക്തിപ്പെടുത്തും.

കർഷകരും തീരദേശവാസികളും ‍

കുടിയേറ്റ കർഷകരും തീരദേശവാസികളും സമാനതകളില്ലാത്ത സങ്കടങ്ങളിലൂടെയും ആശങ്കകളിലൂടെയുമാണു കടന്നുപോകുന്നത് എന്ന് സിനഡ് വിലയിരുത്തി. ബഫർസോൺ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയിൽ കർഷകരുടെ ഗുരുതരമായ ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള വീഴ്ചകൾ ദുഃഖകരമാണ്. 1977-ന് മുൻപു പട്ടയം ലഭിച്ച കുടിയേറ്റ കർഷകരെ വനം കയ്യേറിയവരായി ചിത്രീകരിച്ചു പരമോന്നത നീതിപീഠത്തിനുമുന്നിൽ കേരളസർക്കാർ നൽകിയ സത്യവാങ്മൂലം കുടിയേറ്റ കർഷകരോടുള്ള വെല്ലുവിളിയായിട്ടാണ് അവർ മനസ്സിലാക്കുന്നത്. കർഷകരുടെ ആവശ്യങ്ങളോട് എന്നും വൈമുഖ്യം പുലർത്തിയിട്ടുള്ള വനംവകുപ്പിനെമാത്രം ഈ കേസിന്റെ നടത്തിപ്പിനായി നിയോഗിച്ചതുതന്നെ അടിസ്ഥാനപരമായ വീഴ്ചയാണ്.

ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൃഷി, റവന്യൂ വകുപ്പുകൾക്കൂടി ഉൾപ്പെടുന്ന സമിതിയെ കേസിന്റെ നടത്തിപ്പിനായി നിയോഗിക്കണമെന്നു സീറോമലബാർ സഭാസിനഡ് കേരളസർക്കാറിനോട് അഭ്യർത്ഥിക്കുന്നു. നിഷ്പക്ഷമായി നീതി നടപ്പിലാക്കാൻ നിർദിഷ്ട ബഫർസോൺ പ്രദേശങ്ങളിലെ ജനപ്രതിനിധികളെക്കൂടി സമിതിയിൽ ഉൾപ്പെടുത്തണം. കർഷകരുടെ കൃഷിയിടങ്ങളൊന്നും ബഫർസോൺ ആയി പ്രഖ്യാപിക്കപ്പെടുന്ന മേഖലയിൽ ഉൾപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ സർക്കാരിനു കഴിയണം.

വൻകിട കമ്പനികൾക്കുവേണ്ടി കുടിയിറക്കപ്പെടുന്ന വിഴിഞ്ഞത്തെ തീരദേശവാസികളുടെ സമരത്തിനു സീറോമലബാർസഭ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വികസനത്തിന്റെ പേരിൽ തീരദേശവാസികളുടെ വാസസ്ഥലവും ഉപജീവനമാർഗവും നഷ്ടമായിട്ടു വർഷങ്ങളായി. വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും സർക്കാർ ആത്മാർത്ഥതയോടെ ഇടപെടണം. അതിജീവനത്തിനായി പൊരുതുന്ന തീരദേശവാസികളുടെ സമരത്തിന്റെ ആത്മാർത്ഥതയെ ചോദ്യംചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകൾ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്.

പ്രളയക്കെടുതിയിൽ വൻതോതിൽ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ കർഷകരുടെയും പ്രകൃതിക്ഷോഭങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട മലയോരകർഷകരുടെയും ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലെ മനുഷ്യരുടെയും സങ്കടങ്ങൾക്കു പരിഹാരം ആവശ്യമാണ്.

ഞായറാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കുന്നതിൽ പ്രതിഷേധം ‍

ഫയലുകൾ തീർപ്പാക്കുന്നതിന്റെ മറവിൽ ഞായറാഴ്ചകളെ പ്രവൃത്തിദിവസങ്ങളാക്കുന്ന ഉത്തരവുകൾ സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്ന് ആവർത്തിച്ചുണ്ടാകുന്നത് പുനഃപരിശോധിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുന്നു.ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ പരിഗണിച്ചുകൊണ്ടുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രത്യാശിക്കുന്നു. വിവിധ മത്സര, പ്രവേശന പരീക്ഷകൾ ഞായറാഴ്ചകളിൽ ക്രമീകരിക്കുന്നത് ക്രൈസ്തവരായ അപേക്ഷകർക്ക് അവസരം നിഷേധിക്കുന്നതിനു സമാനമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പതിവുകളെ മതേതരത്വത്തിന് വിരുദ്ധമായ ചിന്തകളോടെ മാറ്റിമറിക്കാനുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ നീക്കങ്ങളെ തിരിച്ചറിയാനും തിരുത്താനുമുള്ള ആർജ്ജവത്വം സർക്കാർ പ്രകടമാക്കണം.

യാമപ്രാർത്ഥനകളുടെ നവീകരണം ‍

നമ്മുടെ കർത്താവിന്റെ രക്ഷാകരസംഭവങ്ങളിൽ തിരുസഭയോടൊത്ത് ഓരോ യാമത്തിലും പങ്കുചേർന്നു പ്രാർത്ഥിക്കാനുള്ള അവസരമാണ് യാമപ്രാർത്ഥനകൾ പ്രദാനം ചെയ്യുന്നത്. സീറോമലബാർസഭയുടെ യാമപ്രാർത്ഥനകൾ മൂലരൂപത്തോടു വിശ്വസ്തത പുലർത്തിക്കൊണ്ടു നവീകരിക്കാനുള്ള പരിശ്രമങ്ങൾ ഒരു വ്യാഴവട്ടക്കാലമായി തുടരുകയായിരുന്നു. ശ്രമകരമായ ഈ ദൗത്യം പൂർത്തിയാക്കി നവീകരിച്ച യാമപ്രാർത്ഥനാഗ്രന്ഥത്തിന് സിനഡ് അംഗീകാരം നൽകി. യാത്രകളിലും മറ്റ് അവശ്യസന്ദർഭങ്ങളിലും ഉപയോഗിക്കാനുതകുന്ന ഹ്രസ്വരൂപത്തിലുള്ള യാമപ്രാർത്ഥനാഗ്രന്ഥവും ലഭ്യമാകും. സഭയോടു ചേർന്നു പ്രാർത്ഥിക്കാനും രക്ഷാകരഫലങ്ങൾ അനുദിനം അനുഭവിക്കാനും സഹായകമായ യാമപ്രാർത്ഥനകൾ വൈദികർക്കും സന്യസ്തർക്കും മാത്രമല്ല എല്ലാ വിശ്വാസികൾക്കും ആത്മീയവളർച്ചക്കു സഹായകമാണ്. യാമപ്രാർത്ഥനകൾ ദൈവജനത്തെ പരിശീലിപ്പിക്കാൻ അജപാലകർ പ്രത്യേകം ശ്രദ്ധിക്കണം.

എറണാകുളം - അങ്കമാലി അതിരൂപത ‍

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ (sede plena) ആയി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ നിയമിച്ചിരിക്കുകയാണല്ലോ. തന്റെ നിയമനപത്രത്തിൽ വ്യക്തമാക്കിയ നിർദ്ദേശങ്ങൾക്കനുസൃതമായി അതിരൂപതയുടെ ഭരണം നിർവ്വഹിക്കാൻ താൻ കടപ്പെട്ടവനാണെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സിനഡിനെ അറിയിച്ചു. അതിരൂപതയുടെ കൂട്ടായ്മയും നന്മയും ലക്ഷ്യമാക്കി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എടുക്കുന്ന എല്ലാ നിലപാടുകൾക്കും സിനഡ് പൂർണ്ണ പിന്തുണ അറിയിച്ചു.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി എടുത്ത ഈ തീരുമാനങ്ങളോട് അഭിപ്രായാന്തരങ്ങൾ മറന്ന് ഒരുമനസ്സാേടെ സഹകരിക്കണമെന്ന് എറണാകുളംഅങ്കമാലി അതിരൂപതയിലെ എല്ലാ വൈദികരോടും സന്യസ്തരോടും അല്മായസഹോദരങ്ങളോടും സിനഡ് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ്. പൈതൃകസ്നേഹത്തോടെയുള്ള മാർപാപ്പയുടെ തീരുമാനത്തിനു മുമ്പിൽ വിയോജിപ്പിന്റെയും എതിർപ്പിന്റെയും ശബ്ദങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ആദരങ്ങളും ബഹുമതികളും ‍

സീറോമലബാർസഭയുടെ ആരാധനാക്രമരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകുന്നവരെ ആദരിക്കാനായി 'പൗരസ്ത്യരത്നം' അവാർഡ് ഏർപ്പെടുത്താൻ സിനഡ് തീരുമാനിച്ചു. നമ്മുടെ സഭയുടെ ആരാധനാക്രമപൈതൃകങ്ങളെ സംരക്ഷിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവാണ് പൗരസ്ത്യരത്നം അവാർഡിന് ആദ്യമായി അർഹനായിരിക്കുന്നത്. നവതിയുടെ നിറവിലായിരിക്കുന്ന അവാർഡുജേതാവിനു സഭയുടെ മുഴുവൻ അനുമോദനങ്ങളും പ്രാർത്ഥനകളും നേരുന്നു!

സാമൂഹികസേവനരംഗത്തെ നിസ്വാർത്ഥസേവനങ്ങളെ ആദരിക്കാനായി ഏർപ്പെടുത്തിയ അവാർഡിന് ഈ വർഷം അർഹരായിരിക്കുന്നത് ചങ്ങനാശ്ശേരി അതിരൂപതാംഗമായ നവജീവൻ ട്രസ്റ്റിലെ ശ്രീ. പി.യു. തോമസും മാനന്തവാടി രൂപതയിലെ ഫാ. ജോസഫ് ചിറ്റൂരും ജഗ്ദൽപൂർ രൂപതയിലെ ദീൻബന്ധു സമാജ് സന്യാസസമൂഹാംഗമായ സിസ്റ്റർ ലിസ്സെറ്റുമാണ്. അവാർഡ് ജേതാക്കളുടെ സമാനതകളില്ലാത്ത സാമൂഹിക പ്രതിബദ്ധതയെ സിനഡ് ആദരപൂർവ്വം അനുസ്മരിക്കുന്നു.

പുതിയ ഇടയന്മാർ ‍

ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഷംഷാബാദ് രൂപതയുടെ അതിർത്തികൾ ഇതര സീറോമലബാർ രൂപതകളുടെ അതിർത്തികളുമായി പുനഃക്രമീകരിക്കേണ്ടത് ആവശ്യമാണെന്ന് സിനഡ് വിലയിരുത്തി. ശ്ലൈഹിക സിംഹാസനത്തിന്റെ അനുമതിയോടെ ഇക്കാര്യം നടപ്പിൽ വരുത്തുന്നതാണ്. സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള കർമപദ്ധതികൾ സിനഡ് ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിവിശാലമായ ഷംഷാബാദ് രൂപതയുടെ മിഷൻ പ്രവർത്തനങ്ങളും പ്രവാസികളുടെ അജപാലനവും സുഗമമാക്കുന്നതിനായി പ്രസ്തുത രൂപതയ്ക്കായി രണ്ട് സഹായമെത്രാന്മാരെ സിനഡ് തെരഞ്ഞെടുത്തു.

പാലാ രൂപതയിലെ വൈദികനായ ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികനായ ഫാ. തോമസ് പാടിയത്ത് എന്നിവരാണ് ഷംഷാബാദ് രൂപതയുടെ പുതിയ സഹായമെത്രാന്മാരായി നിയമിതരായി. രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനും പുതിയ സഹായമെത്രാന്മാർക്കും ഷംഷാബാദ് രൂപതയ്ക്കും പ്രാർത്ഥനാനിർഭരമായ ഭാവുകങ്ങൾ ആശംസിക്കുന്നു. ഷംഷാബാദ് രൂപതയുടെ സ്ഥാപനത്തിലൂടെ ഭാരതം മുഴുവനിലും പ്രവർത്തനം വ്യാപിപ്പിക്കാൻ പുതിയ ക്രമീകരണങ്ങളിലൂടെ നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം.

1973-ൽ ആരംഭിച്ച മാനന്തവാടി രൂപത കേരളത്തിലെ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും വ്യാപിച്ചതാണ്. വിശാലമായ ഈ രൂപതയുടെ അജപാലന നിർവഹണത്തിന് ഒരു സഹായമെത്രാനെ ആവശ്യമാണെന്ന രൂപതാദ്ധ്യക്ഷന്റെ അഭ്യർത്ഥന അംഗീകരിച്ച സിനഡ് തലശ്ശേരി അതിരൂപതാംഗമായ ഫാ. അലക്സ് താരാമംഗലത്തിനെ മാനന്തവാടി രൂപതയുടെ സഹായമെത്രാനായി തെരഞ്ഞെടുത്തു.

രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിനും പുതിയ സഹായമെത്രാനും മാനന്തവാടി രൂപതയ്ക്കും പ്രാർത്ഥനാനിർഭരമായ ഭാവുകങ്ങൾ നേരുന്നു. ചിക്കാഗോ രൂപതയുടെ സഹായമെത്രാനായിരുന്ന അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവിനെ പ്രസ്തുത രൂപതയുടെ മെത്രാനായി ഫ്രാൻസീസ് മാർപ്പാപ്പ നിയോഗിച്ചു. പുതിയ ഇടയനും ചിക്കാഗോ രൂപതയ്ക്കും അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നു. തന്റെ സഭയിലെ ശുശ്രൂഷയ്ക്കായി അനുയോജ്യരായ ഇടയന്മാരെ നൽകുന്ന നല്ല ദൈവത്തിനു നമുക്ക് നന്ദി പറയാം.

വിരമിക്കൽ ‍

ചിക്കാഗോ രൂപതയുടെ മെത്രാനായി രണ്ടുപതിറ്റാണ്ടിലേറെ ശുശ്രൂഷചെയ്ത അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് 75 വയസ്സ് പൂർത്തിയായതിനെത്തുടർന്ന് സഭാനിയമപ്രകാരം നൽകിയ രാജി പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ സ്വീകരിച്ചു. ഇല്ലായ്മകളുടെ നടുവിൽനിന്നു ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയെ വളർത്തിയെടുത്തത് അഭിവന്ദ്യ പിതാവിന്റെ ക്രാന്തദർശനവും ദൈവാശ്രയ ബോധത്തിലൂന്നിയുള്ള കഠിനാദ്ധ്വാനവുമാണ്. അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ നിസ്തുലമായ സേവനത്തെ സിനഡ് ആദരപൂർവ്വം ഓർമിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരി സ്ഥാനത്തുനിന്നു വിരമിച്ച അഭിവന്ദ്യ മാർ ആന്റണി കരിയിൽ പിതാവിന്റെ സേവനങ്ങളെയും സിനഡ് കൃതജ്ഞതയോടെ സ്മരിക്കുന്നു. സീറോമലബാർസഭയുടെ മെത്രാൻ സിനഡിന്റെ സെക്രട്ടറി എന്ന നിലയിൽ അഭിവന്ദ്യ പിതാവു കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ചെയ്ത സേവനം ശ്ലാഘനീയമാണ്.

പാലാ രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തിരുന്ന അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ് സന്യാസജീവിതത്തോടുള്ള താത്പര്യത്താൽ ശുശ്രൂഷയിൽനിന്നു വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രാജി സമർപ്പിച്ചു. വിശദമായ ചർച്ചകൾക്കും പ്രാർത്ഥനകൾക്കുംശേഷം അഭിവന്ദ്യ മാർ മുരിക്കൻ പിതാവിന്റെ രാജി പെർമനന്റ് സിനഡിന്റെ അനുവാദത്തോടെ മേജർ ആർച്ചുബിഷപ്പു സ്വീകരിച്ചു. കഴിഞ്ഞ പത്തുവർഷങ്ങളായി പാലാ രൂപതയുടെ സഹായമെത്രാനെന്നനിലയിലും സിനഡിന്റെ വിവിധ കമ്മീഷനുകളിലെ അംഗമെന്നനിലയിലും അഭിവന്ദ്യപിതാവു നൽകിയ നിസ്തുലങ്ങളായ സേവനങ്ങളെ സിനഡ് നന്ദിയോടെ അനുസ്മരിക്കുന്നു. തുടർന്നുള്ള താപസജീവിതവഴികളിൽ എല്ലാ ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു!

യുവജനപ്രേഷിതത്വം ‍

സഭയുടെ ശക്തിയായ യുവജനങ്ങളുടെ അജപാലനം ഈ സിനഡിന്റെ മുഖ്യ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. യുവജനങ്ങളോടൊത്തു സഞ്ചരിക്കുന്ന സഭയായി നാം മാറേണ്ടതുണ്ടെന്നു സിനഡ് വിലയിരുത്തി. ഇന്ത്യയ്ക്കു പുറത്തുള്ള നാലു സീറോമലബാർ രൂപതകളിലെയും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലേയും യുവജനങ്ങൾ സംയുക്തമായി റോമിൽ നടത്തിയ സമ്മേളനം (Arise 2022) ഏറെ പ്രതീക്ഷ പകരുന്നതാണ്.

പ്രതിസന്ധികൾക്കുനടുവിലും സഭാനൗകയെ ശാന്തമായി മുന്നോട്ടുനയിക്കുന്ന നല്ല ദൈവത്തിന്റെ കരുതലാർന്ന പരിപാലനയ്ക്കു നമുക്ക് നന്ദി പറയാം. ദൈവത്തിന്റെ അനുഗ്രഹീതമാതാവും നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെയും മാധ്യസ്ഥ്യം നമുക്കു സഹായമാകട്ടെ. പിതാവായ ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹവും നമ്മുടെ കർത്താവീശോമിശിഹായുടെ നിരന്തരസാന്നിധ്യവും പരിശുദ്ധാത്മാവിന്റെ കൃപയാർന്ന പരിപാലനയും നമ്മോടുകൂടെ എന്നുമുണ്ടായിരിക്കട്ടെ!

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2022-ാം ആണ്ട് ആഗസ്റ്റ് മാസം 25-ാം തീയതി നല്കപ്പെട്ടത്.

- കർദ്ദിനാൾ ജോർജ് ആലഞ്ചേരി

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്

More Archives >>

Page 1 of 785