News - 2025

'യേശു പാപിയും ക്രൂരനും': ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബൈബിള്‍ പുനരെഴുത്ത് തുടരുന്നു

പ്രവാചകശബ്ദം 29-09-2022 - Thursday

ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ ബൈബിള്‍ പുനരെഴുത്ത് വിവാദമായി തുടരുന്നു. വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വിശുദ്ധ ലിഖിതങ്ങള്‍ക്കും സുവിശേഷ സത്യങ്ങള്‍ക്കും കടകവിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെയുള്ള ബൈബിള്‍ പുനരെഴുത്തെന്നു ‘ദി വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ (വി.ഒ.എം) എന്ന മതപീഡന നിരീക്ഷക സംഘടനയുടെ ഔദ്യോഗിക വക്താവായ ടോഡ്‌ നെറ്റില്‍ട്ടണ്‍ വെളിപ്പെടുത്തി. 2019-ല്‍ പ്രഖ്യാപിച്ച ഈ പദ്ധതി 10 വര്‍ഷങ്ങളോളം നീളുന്ന പ്രക്രിയയായിരിക്കുമെന്നും, കണ്‍ഫ്യൂഷ്യന്‍, ബുദ്ധമതം എന്നീ മതങ്ങളുടെ ആശയങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും പുനരെഴുത്തുമെന്നും ‘ദി ഫെയ്ത്ത് വയറി’ന് നല്‍കിയ അഭിമുഖത്തില്‍ ചൈനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് നെറ്റില്‍ട്ടണ്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരു പുനരെഴുത്തായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’യുടെ (സിസിപി) കാലാനുസൃതമായ ബൈബിള്‍ പുനരെഴുത്തില്‍ അടിസ്ഥാന സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ചേര്‍ക്കുമെന്നും, കമ്മ്യൂണിസ്റ്റ് വിരുദ്ധമായ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും സൂചനയുണ്ട്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 2021 സെപ്തംബറില്‍ പുറത്തിറക്കിയ ഒരു പാഠപുസ്തകത്തില്‍, യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലെ വ്യഭിചാരത്തിന് പിടിക്കപ്പെട്ട സ്ത്രീയോട് യേശു കാണിക്കുന അനുകമ്പയേ കുറിച്ച് പറയുന്ന ഭാഗത്തിന്റെ പുനരെഴുത്ത് വിവരിക്കുന്നുണ്ട്. ഇതില്‍ ജനങ്ങള്‍ പിരിഞ്ഞു പോയ ശേഷം, “ഞാനും ഒരു പാപിയാണ്” എന്ന് പറഞ്ഞുകൊണ്ട് യേശു തന്നെ ആ സ്ത്രീയെ കല്ലെറിയുന്നതായിട്ടാണ് ചൈനീസ് ഗവണ്‍മെന്റിന്റെ പുനരെഴുത്തില്‍ പറയുന്നത്.

ഇത് യേശുവിന്റെ ദിവ്യത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നു അദ്ദേഹം സൂചിപ്പിച്ചു. ഇതെല്ലാം ക്രൈസ്തവ വിശ്വാസത്തിന് കണിഞ്ഞാടുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും, ക്രിസ്ത്യന്‍ സന്ദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണങ്ങളെ ഇല്ലാതാക്കുമോ എന്ന ഭയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടെന്നും നെറ്റില്‍ട്ടണ്‍ പറയുന്നു. ക്രൈസ്തവ വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന നടപടികളുടെ ഒരു ഭാഗം മാത്രമാണ് ഈ ബൈബിള്‍ പുനരെഴുത്ത്. ദേവാലയങ്ങളില്‍ നിന്നും യേശുവിന്റെ രൂപം മാറ്റി ചൈനീസ് പ്രസിഡന്റിന്റെ ചിത്രങ്ങളും, സ്തുതിപ്പുകള്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് ഗാനങ്ങളും ആക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ ബൈബിളിന്റെ ഈ കമ്മ്യൂണിസ്റ്റ് പുനരെഴുത്ത് വലിയ അപകടം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് അതിവേഗം ക്രൈസ്തവ വിശ്വാസം വ്യാപിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഇതാണ് നിരീശ്വര ഭരണകൂടത്തെ വല്ലാതെ ചൊടിപ്പിക്കുന്നത്.

More Archives >>

Page 1 of 794