News - 2025
ജോ ബൈഡന്‍ മത്സരിക്കാൻ ഭൂരിപക്ഷം കത്തോലിക്കരും ആഗ്രഹിക്കുന്നില്ല: സര്‍വ്വേ ഫലം പുറത്ത്
പ്രവാചകശബ്ദം 04-10-2022 - Tuesday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ നിലവിലെ പ്രസിഡന്റായ ജോ ബൈഡൻ രണ്ടാം തവണ മത്സരിക്കാൻ ഭൂരിപക്ഷം കത്തോലിക്കരും ആഗ്രഹിക്കുന്നില്ലായെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ട് പുറത്തുവന്നു. ഇറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്വർക്കിന്റെ വാർത്താ വിഭാഗവും, റിയൽ ക്ലിയർ പൊളിറ്റിക്സ് എന്ന ഏജൻസിയും സംയുക്തമായാണ് സർവ്വേ സംഘടിപ്പിച്ചത്. സെപ്റ്റംബർ മാസം 12-19 തീയതികള്‍ക്കിടയിൽ നടത്തിയ സർവ്വേ പ്രകാരം, തെരഞ്ഞെടുപ്പിന് മുന്നോടിയായി കത്തോലിക്കാ വിശ്വാസികളുടെ പിന്തുണ നേടാന്‍ ബൈഡൻ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. സാധാരണയായി ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്ന ഹിസ്പാനിക്ക് വംശജരായ കത്തോലിക്കരുടെ ഇടയിലും ബൈഡന്റെ പിന്തുണയിൽ ഇടിവുണ്ടായി.
നാണയപ്പെരുപ്പവും, സാമ്പത്തിക പ്രതിസന്ധിയുമാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങളായി വോട്ടർമാർ കാണുന്നത്. കൂടാതെ കോവിഡ് 19 ലോക്ക്ഡൗണിന് ശേഷം വിദ്യാഭ്യാസ മേഖലയിലെ അവസ്ഥയും ഗൗരവതരമായ പ്രശ്നമാണെന്ന് വോട്ടർമാർ പറയുന്നു. പ്രതിസന്ധികളെ ബൈഡൻ വേണ്ടവിധം കൈകാര്യം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ആശ്വാസകരമല്ലായെന്ന് 52% കത്തോലിക്കാ വോട്ടർമാർ പറഞ്ഞപ്പോൾ, ഒട്ടും ആശ്വാസകരമല്ലായെന്ന് 47 ശതമാനം വോട്ടർമാരാണ് അഭിപ്രായപ്പെട്ടത്. 58% കത്തോലിക്ക വോട്ടർമാരും ബൈഡൻ രണ്ടാമത് മത്സരിക്കുന്നതിനോട് എതിർപ്പ് രേഖപ്പെടുത്തി. ഇതിനെ അനുകൂലിച്ചത് 22 ശതമാനം വോട്ടർമാർ മാത്രമാണ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വീണ്ടും മത്സരിക്കാൻ ഭൂരിപക്ഷം കത്തോലിക്കരും ആഗ്രഹിക്കുന്നില്ല എന്ന് സർവ്വേയിൽ പറയുന്നു.
ഡെമോക്രാറ്റിക് പാർട്ടി അംഗത്തിന് വോട്ട് ചെയ്യുമോ, അല്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗത്തിന് വോട്ട് ചെയ്യുമോ എന്ന് ചോദ്യത്തിന് 49% പേരും റിപ്പബ്ലിക്കൻ പാർട്ടി അംഗത്തിന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. ദേവാലയത്തിൽ ആഴ്ചയിൽ ഒരിക്കലോ, അതല്ലെങ്കിൽ സജീവമായോ പങ്കെടുക്കുന്ന കത്തോലിക്ക വോട്ടർമാരിൽ 75% വും റിപ്പബ്ലിക്കൻ പാർട്ടി അംഗത്തിന് വോട്ട് ചെയ്യും എന്ന നിലപാടാണ് എടുത്തത്. 1581 കത്തോലിക്ക വോട്ടർമാർക്കിടയിൽ ട്രാഫൽഗർ ഗ്രൂപ്പാണ് സർവേ നടത്തിയത്. ഭ്രൂണഹത്യയെ ശക്തമായി പിന്തുണയ്ക്കുന്ന ജോ ബൈഡനെതിരെ നേരത്തെ വിവിധ അമേരിക്കന്‍ മെത്രാന്‍മാര്‍ പ്രസ്താവന പുറത്തിറക്കിയിരിന്നു.