News - 2025

ജോ ബൈഡൻ കത്തോലിക്ക സഭയുമായി ഐക്യത്തിൽ അല്ല: യു‌എസ് ആർച്ച് ബിഷപ്പ് ചാപുട്ട്

പ്രവാചകശബ്ദം 24-10-2022 - Monday

ഫിലാഡെൽഫിയ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫിലാഡെൽഫിയ മുൻ ആർച്ച് ബിഷപ്പ് ചാൾസ് ചാപുട്ട്. കത്തോലിക്ക സഭയുമായി ബൈഡൻ ഐക്യത്തിൽ അല്ലായെന്ന് അർലിങ്ടൺ രൂപതയിൽ ഒക്ടോബർ 22നു നടന്ന ദിവ്യകാരുണ്യ സിമ്പോസിയത്തിൽ സന്ദേശം നൽകി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വൈദികൻ ജോ ബൈഡനു വിശുദ്ധ കുർബാന നൽകിയാൽ ആ വൈദികനും, അമേരിക്കൻ പ്രസിഡന്റിന്റെ കപടതയിൽ പങ്കു ചേരുകയാണ്. ഭ്രൂണഹത്യ അനുകൂല നിലപാടിലൂടെ ജോ ബൈഡൻ വിശ്വാസത്യാഗം ചെയ്തെന്നും എഴുപത്തിയെട്ടു വയസ്സുള്ള ആർച്ച് ബിഷപ്പ് ചാൾസ് ചാപുട്ട് ചൂണ്ടിക്കാട്ടി. "ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ: ഓർമ്മ, സംസ്കാരം, കൂദാശ" എന്ന വിഷയത്തിലാണ് എമിരിറ്റസ് ആർച്ച് ബിഷപ്പ് സന്ദേശം നൽകി സംസാരിച്ചത്.

അമേരിക്കയിലെ പൊതു സംസ്കാരത്തോട് ഇഴകി ചേരാൻ, 200 വർഷമായി കത്തോലിക്കാ വിശ്വാസികൾ നടത്തുന്ന ശ്രമം അദ്ദേഹം സ്മരിച്ചു. അമേരിക്കൻ സംസ്കാരത്തോട് ഇഴകിചേരാൻ സാധിച്ചെങ്കിലും, ആ സംസ്കാരം കത്തോലിക്കാ വിശ്വാസത്തെ വിഴുങ്ങിക്കളഞ്ഞു. ഭ്രൂണഹത്യ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് എടുക്കുന്ന നിലപാടാണ് ഈ വിഷയത്തിലെ ഏറ്റവും അരോചകമായ ഉദാഹരണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്തുവിന്റെയും, സഭയുടെയും പ്രബോധനങ്ങൾ അംഗീകരിക്കാതെ, സൗകര്യപ്രദമായ സമയത്ത് മാത്രം സഭയുമായി ഐക്യത്തിലാണെന്ന പ്രതീതി ഉണ്ടാക്കാൻ സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് ഒരുതരത്തിൽ പറഞ്ഞാൽ കള്ളം പറയുന്നതിന് തുല്യമാണെന്ന്‍ അദ്ദേഹം വ്യക്തമാക്കി.

നവംബർ മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടിയാൽ ഭ്രൂണഹത്യ ദേശീയതലത്തിലെ എഴുതപ്പെട്ട നിയമമാക്കി മാറ്റുമെന്ന് കഴിഞ്ഞ ആഴ്ച ജോ ബൈഡൻ പ്രഖ്യാപിച്ചിരിന്നു. കത്തോലിക്കനായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭ്രൂണഹത്യയെ പിന്തുണക്കുന്നതില്‍ പൊരുത്തക്കേടുണ്ടെന്ന്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു. ജൂലൈ 12-ന് യുണിവിഷന്‍ ആന്‍ഡ്‌ ടെലിവിസാ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജോ ബൈഡന്‍ ഭ്രൂണഹത്യ വിഷയത്തില്‍ സ്വീകരിക്കുന്ന അനുകൂല നിലപാടില്‍ പ്രതിഷേധവുമായി നിരവധി പ്രാവശ്യം അമേരിക്കന്‍ മെത്രാന്‍ സമിതിയും രംഗത്തുവന്നിരിന്നു. ഗര്‍ഭധാരണം മുതല്‍ ജീവന്‍ ആരംഭിക്കുന്നു എന്ന വാദത്തോട് താന്‍ യോജിക്കുന്നില്ലെന്ന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ബൈഡന്‍ പറഞ്ഞിരുന്നു.

More Archives >>

Page 1 of 799