News - 2025

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വൈദികര്‍ അടക്കമുള്ള 9 പേര്‍ക്കും മോചനം

പ്രവാചകശബ്ദം 25-10-2022 - Tuesday

യോണ്ടേ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കി വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികരും സന്യസ്തരും ഉള്‍പ്പെടെ 9 പേരും മോചിതരായി. മോചനദ്രവ്യം ഒന്നും നല്‍കാതെയാണ് മോചനം സാധ്യമായത്. മോചനദ്രവ്യം ഒന്നും കൂടാതെ തങ്ങളെ മോചിപ്പിച്ചതിന് അംബാസോണിയ സ്വതന്ത്ര്യ പോരാളികള്‍ക്ക് നന്ദി പറയുന്നുവെന്ന് മോചിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പറയുന്നു. സെപ്റ്റംബര്‍ 16നു ബന്ദിയാക്കപ്പെട്ടു ഒരു മാസത്തിനു ശേഷമാണ് ഇവര്‍ മോചിപ്പിക്കപ്പെടുന്നത്. മോചന വാര്‍ത്ത സ്ഥിരീകരിച്ച മാംഫെ രൂപതാധ്യക്ഷന്‍ അലോഷ്യസ് ഫോണ്ടോങ്ങ്, ബന്ധികളുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതിന് വിശ്വാസികള്‍ക്ക് നന്ദി അറിയിച്ചു.

പണം സമ്പാദിക്കുന്നതിന് സഹോദരീസഹോദരന്‍മാരുടെ സ്വാതന്ത്ര്യം ലംഘിക്കുന്നത് മാനുഷികമല്ലെന്നും, മാനുഷികാന്തസ്സ് സംരക്ഷിക്കുന്നതിനുള്ള സമീപനത്തേക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കുകയാണെങ്കില്‍ അതൊരു പുതിയ പ്രവണതക്ക് വഴിവെക്കുമെന്ന കാരണത്താല്‍ മോചന ദ്രവ്യം നല്‍കില്ലെന്ന് കാമറൂണ്‍ മെത്രാന്‍ സമിതി അസന്നിഗ്ദമായി പ്രഖ്യാപിച്ചിരുന്നു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേക്കുറിച്ച് കൂടുതലൊന്നും അറിയുവാന്‍ കഴിഞ്ഞിട്ടില്ല. അംബാസോണിയയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ എന്ന് മാത്രമേ അറിയുവാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍, വടക്ക് - പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. 2016-ല്‍ അഭിഭാഷകരും, അധ്യാപകരും നടത്തിയ ഒരു പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ്‌ ആംഗ്ലോഫോണ്‍ പ്രതിസന്ധി ഒരു സായുധ യുദ്ധമായി രൂപം പ്രാപിച്ചത്. ഈ സംഘര്‍ഷം ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, ലക്ഷകണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി.

കാമറൂണിന്റെ ഭാഗവും എന്നാല്‍ 2017-ല്‍ വിഘടനവാദികള്‍ സ്വന്തന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇംഗ്ലീഷ ഭാഷ സംസാരിക്കുന്നവരുടെ ആംഗ്ലോഫോണ്‍ മേഖലയേയാണ് അംബാസോണിയ എന്ന് പറയുന്നത്. വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് മേഖലകളാണ് അംബാസോണിയയില്‍ ഉള്‍പ്പെടുന്നത്. നിരവധി വിഘടനവാദ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘അംബാസോണിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവ’ര്‍ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര ശ്രദ്ധ നേടുവാന്‍ പുതിയൊരു വിഘടന വാദ സംഘടന നടത്തിയ ശ്രമമാകാം ഈ തട്ടിക്കൊണ്ടുപോകല്‍ എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നടത്തിയ ശ്രമമാവാന്‍ സാധ്യതയുണ്ടെന്നും അനുമാനിക്കപ്പെടുന്നുണ്ട്.

More Archives >>

Page 1 of 799