Faith And Reason - 2024
രണ്ടാം വത്തിക്കാൻ കൗണ്‍സില്‍ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു: ബെനഡിക്ട് പതിനാറാമൻ പാപ്പ
പ്രവാചകശബ്ദം 25-10-2022 - Tuesday
വത്തിക്കാന്‍ സിറ്റി: രണ്ടാം വത്തിക്കാൻ കൗണ്‍സില്‍ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. ഒക്ടോബർ 20നു അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റൂബൻവില്ലിന്റെ അധ്യക്ഷൻ ഫാ. ഡേവ് പിവോങ്ഗയ്ക്ക് അയച്ച കത്തിലാണ് കൗണ്‍സില്‍ പ്രധാനപ്പെട്ട സമ്മേളനം മാത്രമായിരുന്നില്ലായെന്നും, അത് കാലഘട്ടത്തിൻറെ ആവശ്യമായിരുന്നുവെന്നും പാപ്പ പറഞ്ഞത്.
സർവ്വകലാശാലയിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ദൈവശാസ്ത്രത്തെ സംബന്ധിച്ച് നടക്കുന്ന കോൺഫറൻസിനോട് അനുബന്ധിച്ചാണ് പാപ്പയുടെ കത്ത്. മൂന്നര പേജുകളുള്ള കത്തിൽ സൂനഹദോസിനെ പറ്റി വിവിധ നിരീക്ഷണങ്ങളാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന കത്തോലിക്ക ദൈവശാസ്ത്രജ്ഞരിൽ ഏറ്റവും പ്രമുഖനായ ബെനഡിക്ട് പാപ്പ നടത്തിയിരിക്കുന്നത്. 60 വർഷം മുമ്പ് നടന്ന സൂനഹദോസിൽ അദ്ദേഹവും സജീവമായി പങ്കെടുത്തിരുന്നു.
1945ൽ ദൈവശാസ്ത്രം പഠിക്കാൻ ആരംഭിച്ച സമയത്ത് ആരും ഇങ്ങനെ ഒരു എക്യുമെനിക്കൽ കൗൺസിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലായെന്ന് പാപ്പ സ്മരിച്ചു. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ ആളുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സൂനഹദോസ് നടക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അത് പ്രാധാന്യമുള്ളതാകുമോയെന്നും, സഭക്ക് ദിശ നൽകാൻ ഉതകുന്ന വിധം ചിന്തകളും, ചോദ്യങ്ങളും ക്രോഡീകരിച്ച് ഒരു രേഖയാക്കി മാറ്റാൻ സാധിക്കുമോയെന്നും സംശയമുണ്ടായിരുന്നുവെന്ന് ബെനഡിക്ട് പാപ്പ കുറിച്ചു. എന്നാൽ ഇതിനെല്ലാം വിപരീതമായി സംഭവിച്ചു.
സഭയുടെ പ്രകൃതത്തെപ്പറ്റിയും, അതിന്റെ ലക്ഷ്യത്തെപ്പറ്റിയുമുള്ള ചോദ്യങ്ങൾക്ക് രണ്ടാമത് ഒന്നു കൂടി രൂപം നൽകേണ്ട ആവശ്യം സ്പഷ്ടമായി പ്രകടമാകുന്ന സാഹചര്യത്തിൽ, സൂനഹദോസിന്റെ നല്ല ഫലം ശക്തി പ്രാപിക്കുകയാണെന്ന് പാപ്പ വിശദീകരിച്ചു. സഭയെ പൂർണ്ണമായി ആത്മീയവൽക്കരിക്കുക മാത്രം ചെയ്താൽ വിശ്വാസത്തിനും, സഭയുടെ പ്രസ്ഥാനങ്ങൾക്കും തന്മയത്വം നഷ്ടപ്പെടും. എന്നാൽ വത്തിക്കാൻ സൂനഹദോസിൽ 'സഭ ലോകത്തിൽ' എന്ന വിഷയം ക്രമേണ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയമായി മാറി. ഫ്രാൻസിസ്കൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മേളനം ഈ കാലഘട്ടത്തിലെ സഭയെപ്പറ്റിയും, ലോകത്തെപ്പറ്റിയും ആഴത്തിൽ മനസ്സിലാക്കാൻ സഹായകരമാകും എന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് ബെനഡിക്ട് പാപ്പയുടെ കത്ത് അവസാനിക്കുന്നത്.
1962 ഒക്ടോബര്‍ 11-ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ കാലത്ത് ആരംഭിച്ച് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ പൂര്‍ത്തിയാക്കിയ ആഗോള കത്തോലിക്ക സഭയുടെ 21-മത് സാര്‍വ്വത്രിക സൂനഹദോസായിരിന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. തിരുസഭ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 11നു 60 വര്‍ഷം തികഞ്ഞിരിന്നു.