Faith And Reason - 2024

കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ സ്മരിച്ച് ക്രിസ്തുവിന്റെ ചിത്രവുമായി പെറുവിൽ ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം

പ്രവാചകശബ്ദം 30-10-2022 - Sunday

ലിമ: കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ തങ്ങളുടെ സഹോദരങ്ങളെ സ്മരിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഒക്ടോബർ 28നു ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം നടന്നു. പതിനേഴാം നൂറ്റാണ്ടിൽ ഒരു അടിമ വരച്ച, ലാസ് നസ്റേനസ് ദേവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന 'അത്ഭുതത്തിന്റെ കർത്താവിന്റെ' ചിത്രത്തിന്റെ പകർപ്പ് വഹിച്ചു കൊണ്ടാണ് പ്രദക്ഷിണം നടന്നത്. രണ്ടുവർഷം കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടർന്ന് റദ്ദാക്കപ്പെട്ട പ്രദക്ഷിണം ഈ വർഷം നാലു തവണയാണ് നടന്നത്. ഒക്ടോബർ എട്ടാം തീയതി ആയിരുന്നു ആദ്യത്തെ പ്രദക്ഷിണം. ഒക്ടോബർ 28നു ലിമയിലെ ആർച്ച് ബിഷപ്പ് കാർലോസ് കാസ്റ്റില്ലോ പ്രദക്ഷിണത്തോട് അനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു.

അത്ഭുതത്തിന്റെ കർത്താവിന്റെ പ്രദക്ഷിണം ആളുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളിൽ ഒന്നാണ്. പെറുവിൽ നിന്നുള്ള കത്തോലിക്ക വിശ്വാസികൾ ചേക്കേറി ജീവിക്കുന്ന മറ്റു രാജ്യങ്ങളിലും അത്ഭുതത്തിന്റെ കർത്താവിനോടുള്ള ഭക്തി പ്രശസ്തമാണ്. ഒക്ടോബർ 23 ഞായറാഴ്ച അത്ഭുതത്തിന്റെ കർത്താവിന്റെ ചിത്രവും വഹിച്ചുകൊണ്ട് വത്തിക്കാനിൽ എത്തിയ തീർത്ഥാടകരെ ഫ്രാൻസിസ് മാർപാപ്പ ത്രികാല പ്രാർത്ഥനക്കിടെ അഭിവാദ്യം ചെയ്തിരുന്നു. ഈ വർഷത്തെ ഏറ്റവും അവസാനത്തെ പ്രദക്ഷിണം നവംബർ ഒന്നാം തീയതിയാണ് നടക്കുക.

More Archives >>

Page 1 of 77