News - 2025
സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ മതനേതാക്കൾ ദുരിതങ്ങൾ കാണാതെ പോകരുത്: ബഹ്‌റൈൻ സംവാദവേദിയിൽ പാപ്പ
പ്രവാചകശബ്ദം 05-11-2022 - Saturday
മനാമ: സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ മറഞ്ഞു കിടക്കുന്ന ദുരിതങ്ങളെ കാണാതിരിക്കരുതെന്ന് ഫ്രാൻസിസ് പാപ്പയുടെ ഓർമ്മപ്പെടുത്തൽ. ഇന്നലെ നവംബർ 4ന് റോയൽ പാലസിലെ അൽ-ഫിദ സ്‌ക്വയറിൽവെച്ച് സംവാദത്തിനായുള്ള ബഹ്‌റൈൻ വേദിയിൽ സംസാരിക്കുകയായിരുന്നു പാപ്പ. ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും അനുഭവിക്കുന്ന അനീതി, പട്ടിണി, കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ എന്നിവ നമ്മുടെ പൊതു ഭവനത്തെ വേണ്ടത്ര പരിരക്ഷിക്കാത്തതിന്റെ അടയാളമാണ്. ഇത്തരം കാര്യങ്ങളിൽ മത നേതാക്കൾ തീർച്ചയായും പ്രതിബദ്ധതയുള്ളവരും മാതൃകകളുമായിരിക്കണമെന്ന് മത നേതാക്കളുടെ ഉത്തരവാദിത്വവും പങ്കും അടിവരയിട്ടുകൊണ്ട് പാപ്പ പറഞ്ഞു.
മനുഷ്യത്വം മുമ്പെങ്ങുമില്ലാത്തവിധം ഐക്യപ്പെടുന്നതിനെക്കാൾ വിഘടിച്ച് നിൽക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് പാപ്പ ഖേദം പ്രകടിപ്പിച്ചു. രണ്ട് ഭയാനകമായ ലോകമഹായുദ്ധങ്ങൾക്കും, പതിറ്റാണ്ടുകൾ ലോകത്തെ സന്നിഗ്ധാവസ്ഥയിൽ നിറുത്തിയ ശീതയുദ്ധത്തിനും ശേഷം, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന വിനാശകരമായ സംഘട്ടനങ്ങൾ, ആരോപണങ്ങളുടെയും ഭീഷണികളുടെയും മധ്യേ നാം ഒരു പതനത്തിന്റെ വക്കിലാണ് നമ്മെ തന്നെ കണ്ടെത്തുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
പരസ്പരം മനസ്സിലാക്കുന്നതിനേക്കാൾ സംഘർഷങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുകയും സ്വാർത്ഥമായ സ്വന്തം മാതൃകകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുകയാണ്. തീയും മിസൈലും ബോംബും കൊണ്ട് മരണവും വെറുപ്പും ഉണ്ടാക്കുന്ന ഒരുതരം കുട്ടികളിയാണ് നമുക്ക് ചുറ്റും നാം കാണുന്നത്. പാവങ്ങളുടെ സ്വരം ശ്രവിക്കാനും എല്ലാവരും ഒരുമിച്ച് വരാനും പാപ്പ ആഹ്വാനം ചെയ്തു. ദൈവത്തിൽ വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാർ എന്ന നിലയിൽ അവിടെ സന്നിഹിതരായിരുന്നവരോട് ഒറ്റപ്പെടുത്തൽ മനോഭാവം ഉപേക്ഷിക്കാൻ പാപ്പ ആവശ്യപ്പെട്ടു. സങ്കുചിത താൽപ്പര്യങ്ങളും യുദ്ധവും കൊണ്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, മുറിവേറ്റ നമ്മുടെ മനുഷ്യകുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും മതനേതാക്കൾ ഒരു നല്ല മാതൃക കാണിക്കണമെന്നും സ്വയം പ്രതിബദ്ധരാകണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.