News - 2025
മെക്സിക്കോയില്‍ പൊതുസ്ഥലങ്ങളില്‍ തിരുപ്പിറവി ദൃശ്യങ്ങള്‍ നിരോധിക്കുവാൻ നീക്കം: വ്യാപക പ്രതിഷേധം
പ്രവാചകശബ്ദം 05-11-2022 - Saturday
മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ പൊതു സ്ഥലങ്ങളില്‍ ക്രിസ്തുമസിന് തിരുപ്പിറവി ദൃശ്യങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിക്കുവാൻ നീക്കം നടക്കുന്ന പശ്ചാത്തലത്തിൽ പ്രതിഷേധം. നടപടി അസംബന്ധവും, മതസ്വാതന്ത്ര്യത്തിന് എതിരേയുള്ള അക്രമവുമാണെന്ന് 'നാഷ്ണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി' (എഫ്.എന്‍.എഫ്). മെക്സിക്കോയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നു എഫ്.എന്‍.എഫ്’ന്റെ പ്രസിഡന്റ് റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ യേശു ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട അലങ്കാരങ്ങള്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരെ ഈ വരുന്ന നവംബര്‍ 9-ന് സുപ്രീം കോടതിയുടെ ആദ്യ ചേംബര്‍ വിശകലനം ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ എഫ്.എന്‍.എഫ് രംഗത്ത് വന്നിരിക്കുന്നത്.
കേസിൽ പ്രതികൂല വിധിയുണ്ടായാൽ പൊതു സ്ഥലങ്ങളില്‍ തിരുപ്പിറവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് രാജ്യവ്യാപകമായി വിലക്കപ്പെടും. ജസ്റ്റിസ് ജുവാന്‍ ലൂയീസ് ഗോണ്‍സാലസ് തയ്യാറാക്കിയ നിയമത്തിന്റെ കരടുരൂപത്തെക്കുറിച്ച് സുപ്രീം കോടതിയുടെ ആദ്യ ചേംബര്‍ ചര്‍ച്ച ചെയ്യുകയും, വോട്ടെടുപ്പ് നടത്തുകയും ചെയ്യും. ഭാവിയില്‍ പൊതുസ്ഥലങ്ങളില്‍ വിശ്വാസപരമായ അടയാളങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്നും സിറ്റി കൗണ്‍സിലിനെ തടയുകയാണ് സുപ്രീം കോടതിയുടെ ലക്ഷ്യം. തിരുപ്പിറവി ദൃശ്യങ്ങള്‍ക്ക് മാത്രമല്ല, പൊതുസ്ഥലങ്ങളിലെ മതപരമായ പ്രതീകങ്ങള്‍ക്കെല്ലാം തന്നെ ഈ ഉത്തരവ് ബാധകമായിരിക്കും.
ഭ്രൂണഹത്യ നിയമപരമാക്കിയതിനെ ആഘോഷത്തോടെ വരവേറ്റ സുപ്രീം കോടതി അധ്യക്ഷൻ ജസ്റ്റിസ് ആര്‍തുറോ സാല്‍വിദാര്‍ ലെലോ ഡെലാറിയക്ക് യേശുവിന്റെ ജനനത്തിന്റെ സ്മരണയെ തടയുവാനാണ് ശ്രമിക്കുന്നതെന്നും, നിര്‍ദ്ദേശിച്ച നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ രാജ്യം യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന കാലഘട്ടത്തിലേക്ക് മടങ്ങിപോകുന്നതിന് തുല്യമായിരിക്കുമെന്നും 'നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി' അധ്യക്ഷൻ റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് മുന്നറിയിപ്പ് നല്‍കി.
സുപ്രീം കോടതിക്ക് ഒരു വ്യക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ നേരത്തെ തന്നെ തിരുപ്പിറവി ദൃശ്യങ്ങള്‍ ഉണ്ടാക്കുവാനും അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുവാനും ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. “ഇപ്പോള്‍ കോടതി ക്രിസ്തുമസ്സിന് പിന്നാലെയാണ്” എന്ന പ്രചാരണ പരിപാടിയില്‍ ഏതാണ്ട് 14,000-ത്തോളം ആളുകള്‍ ഇതിനോടകം തന്നെ ഒപ്പുവെച്ചിട്ടുണ്ട്.