News

യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 11-11-2022 - Friday

റോം: യുദ്ധത്തിന്റെ അതികഠിനമായ പ്രതിസന്ധികള്‍ക്കിടെ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് വത്തിക്കാനിലെത്തി എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബർ 9ന് പാപ്പ വിശ്രമ ജീവിതം നയിക്കുന്ന മാത്തര്‍ എക്ലേസിയ ആശ്രമത്തിൽവെച്ചാണ് ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാ കൂടിക്കാഴ്ച നടത്തുകയും യുക്രൈനായി പ്രാർത്ഥിക്കുന്നത് തുടരാൻ പാപ്പയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. യുക്രൈന് വേണ്ടി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പ ആർച്ച് ബിഷപ്പിനോട് പ്രതികരിച്ചു. ഫെബ്രുവരി 24 മുതൽ റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ച സമയം മുതല്‍ സമാധാനത്തിനായി താൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പ ഊന്നിപറഞ്ഞു.

പ്രാർത്ഥനയുടെ ശക്തി മാത്രമാണ് ഉക്രേനിയൻ ജനതയെ ജീവനോടെ നിലനിർത്തുന്നതെന്നു ആർച്ച് ബിഷപ്പ് പറഞ്ഞു, രാജ്യത്തെ സ്ഥിതിഗതികൾ താൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉക്രേനിയൻ ജനതയുടെ കഷ്ടപ്പാടുകളിൽ അതീവ ദുഃഖമുണ്ടെന്നും സമാധാനം സംജാതമാകാന്‍ താൻ എപ്പോഴും പ്രാർത്ഥിക്കുന്നതായും എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പ ആവര്‍ത്തിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും വാഗ്ദാനം ചെയ്തു ബെനഡിക്ട് പതിനാറാമൻ എഴുതിയ കത്തിന് ആർച്ച് ബിഷപ്പ് നന്ദി പറഞ്ഞു. 2019 ഫെബ്രുവരിയിലാണ് ഇരുവരും ഇതിനു മുന്‍പ് അവസാന കൂടിക്കാഴ്ച നടത്തിയത്.

2009 ജനുവരി 14-ന് ബെനഡിക്ട് പതിനാറാമൻ പാപ്പ തന്നെയാണ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ബ്യൂണസ് അയേഴ്സിലെ സാന്താ മരിയ ഡെൽ പത്രോസിനിയോയുടെ രൂപതയുടെ സഹായ മെത്രാനായാണ് നിയമിക്കപ്പെട്ടത്. 2011 മാർച്ച് 23-ന്, ആരോഗ്യപരമായ കാരണങ്ങളാൽ വിരമിച്ച ലുബോമിർ ഹുസാറിന് പകരമായി യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ഷെവ്ചുക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 മാർച്ച് 25ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്നെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ലോകത്തെ ഏറ്റവും വലിയ പൌരസ്ത്യ കത്തോലിക്ക സഭയാണ് യുക്രേനിയന്‍ സഭ.

More Archives >>

Page 1 of 802