News

ഇസ്ലാമിക തീവ്രവാദത്തിന്റെ പരിണിത ഫലങ്ങൾ ജി20 ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി നൈജീരിയൻ ബിഷപ്പിന്റെ പ്രസംഗം

പ്രവാചകശബ്ദം 05-11-2022 - Saturday

ജക്കാർത്ത: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളുടെ മുഖ്യവേദിയായതിനെ ലോക മതനേതാക്കളുടെ ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി നൈജീരിയന്‍ മെത്രാന്‍. തട്ടിക്കൊണ്ടു പോകലുകളുടെയും, സായുധ കവര്‍ച്ചകളുടെയും, കൊലപാതകങ്ങളുടെയും വാര്‍ത്തകളാണ് നൈജീരിയയില്‍ നിന്നും ഓരോ ദിവസവും പുറത്തുവരുന്നതെന്നു ഇന്തോനേഷ്യയിലെ ബാലിയില്‍ നവംബർ 3നു നടന്ന ‘ജി20 റിലീജിയന്‍ ഫോറ’ത്തില്‍ സൊകോട്ടോ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യു ഹസന്‍ കുക്ക ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാത്രം നൈജീരിയയില്‍ 4,650 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിനെ ഉദ്ധരിച്ചുകൊണ്ട് മെത്രാന്‍ പറഞ്ഞു. ലോകത്തെ എല്ലാ രാഷ്ട്രങ്ങളിലേയും കണക്ക് എടുത്താല്‍ പോലും ഇത്രയധികം വരില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതനിന്ദയുടെ പേരില്‍ മുസ്ലീം ജനക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി ദെബോറ സാമുവലിന്റേത് ഉള്‍പ്പെടെ തന്റെ രൂപതയില്‍ സമീപകാലത്ത് ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ചില ആക്രമണങ്ങളെ കുറിച്ചും മെത്രാന്‍ വിവരിച്ചു. മതനിരപേക്ഷ നിയമങ്ങള്‍ ഇസ്ലാമിനുള്ള ഭീഷണിയായിട്ടാണ് മുസ്ലീം പുരോഹിതര്‍ കരുതുന്നതെന്ന്‍ പറഞ്ഞ മെത്രാന്‍, ഒരു മതത്തെയും രാഷ്ട്ര മതമായി സ്വീകരിക്കരുതെന്ന് നൈജീരിയന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യവും കൂട്ടിച്ചേര്‍ത്തു. വടക്കന്‍ നൈജീരിയയിലെ മുസ്ലീം വരേണ്യ വര്‍ഗ്ഗം ആധുനിക സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വന്തം മതത്തെ തകര്‍ക്കുവാന്‍ വന്ന അന്യഗ്രഹജീവിയായും, വിദേശ വിദ്യാഭ്യാസത്തെ ഒരു ശത്രുവായിട്ടുമാണ് കണ്ടുവരുന്നതെന്നും മെത്രാന്‍ പറഞ്ഞു.

ഇത്തരം അക്രമങ്ങള്‍ നടത്തുന്നവരെ എതിര്‍ക്കുവാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ലോക മതനേതാക്കളോട് ആവശ്യപ്പെട്ട ബിഷപ്പ്, മതത്തെ ആയുധവല്‍ക്കരിക്കുന്നത് നമുക്കെല്ലാവര്‍ക്കും ഭീഷണിയാണെന്നും പറഞ്ഞു. മതവിവേചനം അവസാനിപ്പിക്കുവാനും, അതിനുപകരം വിദ്യാഭ്യാസം, ഒരേ പൗരത്വം, എന്നിവ പ്രോത്സാഹിപ്പിക്കുവാനും സര്‍ക്കാരുകളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് മെത്രാന്‍ അവസാനിപ്പിച്ചത്. ഇറാഖിലെ ഇര്‍ബിലില്‍ നിന്നുള്ള കല്‍ദായ കത്തോലിക്ക മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദായും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഇറാഖി ക്രൈസ്തവര്‍ അനുഭവിക്കുന്ന മതപീഡനങ്ങളെ കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചു. അക്രമം, അടിച്ചമര്‍ത്തല്‍, മതന്യൂനപക്ഷങ്ങളുടെ പാര്‍ശ്വവല്‍ക്കരണം തുടങ്ങി നിരവധി അതിക്രമങ്ങൾ നൂറ്റാണ്ടുകളായി ഇസ്ലാമിക ലോകത്ത് നടക്കുന്നുണ്ടെന്നു മെത്രാപ്പോലീത്ത പറഞ്ഞു.

ഇസ്ലാമില്‍ അക്രമമുണ്ടെന്നും, മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ളവർ മനുഷ്യവര്‍ഗ്ഗത്തിന്റെ നന്മക്കായി ഇതവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ‘വ്യക്തിത്വത്തിന്റെ ആയുധവല്‍ക്കരണം തടയുക’, ‘സാമുദായിക വിദ്വേഷം അവസാനിപ്പിക്കുക’ എന്ന ലക്ഷ്യവുമായി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ നഹ്ദ്ലാതുല്‍ ഉലമാ എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ‘ജി20’ ഉച്ചകോടി സംഘടിപ്പിച്ചത്.

More Archives >>

Page 1 of 802