News - 2025

അമേരിക്കയിലെ തിരഞ്ഞെടുപ്പ് ദിനം ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആർച്ച് ബിഷപ്പിന്റെ ആഹ്വാനം

പ്രവാചകശബ്ദം 08-11-2022 - Tuesday

സാൻ ഫ്രാൻസിസ്കോ: അമേരിക്കയിൽ തിരഞ്ഞെടുപ്പ് ദിനമായ ഇന്നു നവംബർ എട്ടാം തീയതി സമാധാനത്തിനു വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണിയുടെ ആഹ്വാനം. ട്വിറ്ററിൽ നടത്തിയ ആഹ്വാനത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥവും അദ്ദേഹം തേടി. അതിരൂപതയുടെ യൂട്യൂബ് ചാനലിൽ സാൽവത്തോർ കോർഡിലിയോണിക്ക് ഒപ്പം ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള സൗകര്യം വിശ്വാസികൾക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. രാഷ്ട്രീയ അതിക്രമങ്ങൾ വർദ്ധിക്കുന്ന സമയത്ത്, അമേരിക്കൻ ജനത തിരഞ്ഞെടുപ്പിൽ പങ്കാളികളാകുമ്പോൾ, നാം സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണെന്ന്, രൂപതയുടെ വെബ്സൈറ്റിൽ പറയുന്നു.

അമേരിക്കൻ ഭൂഖണ്ഡങ്ങളുടെയും, ഗർഭസ്ഥശിശുക്കളുടെയും മധ്യസ്ഥയായ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും വെബ്സൈറ്റിൽ ദൃശ്യമാക്കിയിട്ടുണ്ട്. സെനറ്റ്, ജനപ്രതിനിധി സഭ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതേദിവസം തന്നെ നാല് സംസ്ഥാനങ്ങൾക്ക് ഒപ്പം, കാലിഫോർണിയ സംസ്ഥാനം ഭ്രൂണഹത്യാ വിഷയത്തിൽ ജനഹിത പരിശോധന നടത്തും.

ഭ്രൂണഹത്യക്ക് കൂടുതൽ നിയമപരമായ സാധുത നൽകുന്ന പ്രൊപ്പോസിഷൻ ഒന്ന് എന്ന് പേരിട്ടിരിക്കുന്ന ജനഹിത പരിശോധനയാണ് കാലിഫോർണിയയിൽ നടക്കുക. സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണിയും, കാലിഫോർണിയയിലെ മെത്രാൻ സമിതിയും ഭ്രൂണഹത്യയ്ക്ക് എതിരെ വോട്ട് ചെയ്യണമെന്ന് വിശ്വാസികളോട് ആഹ്വാനം നൽകിയിരുന്നു. ഏകദേശം 24 ആഴ്ചകൾ വരെ ഭ്രൂണഹത്യ ചെയ്യാനുള്ള അവകാശം ഇപ്പോൾ സംസ്ഥാനത്ത് നിലവിലുണ്ട്.

More Archives >>

Page 1 of 802