News

വിജയകരമായ ബഹ്റൈന്‍ സന്ദർശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് പാപ്പ റോമില്‍ മടങ്ങിയെത്തി

പ്രവാചകശബ്ദം 07-11-2022 - Monday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയൊന്‍പതാം വിദേശ അപ്പസ്തോലിക പര്യടനമായ ബഹ്റൈൻ സന്ദർശനത്തിന് പരിസമാപ്തി. ബഹ്റൈന്‍ രാജകുടുംബവും രാഷ്ട്ര പ്രതിനിധികളും നല്കിയ ആവേശകരമായ യാത്രയയപ്പിന് ശേഷമാണ് പാപ്പ റോമിലേക്ക് മടങ്ങിയത്. നാലു ദിവസം നീണ്ട ബഹ്റൈന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ സമാപന ദിനമായ ഇന്നലെ ഞായറാഴ്ച രാവിലെ, പാപ്പ അവാലിയിലെ തൻറെ താല്ക്കാലിക വസതിയിൽ സ്വകാര്യ ദിവ്യബലി അർപ്പിച്ചു. പ്രാതലിനു ശേഷം പാപ്പ അവിടെ ഉണ്ടായിരുന്നവരോടെല്ലാം വിട ചൊല്ലി 27 കിലോമീറ്റർ അകലെ മനാമയിൽ സ്ഥിതിചെയ്യുന്ന ഗൾഫ് പ്രദേശത്തെ പ്രഥമ കത്തോലിക്കാ ദേവാലയമായ തിരുഹൃദയ ദേവാലയത്തിലേക്കു കാറിൽ പുറപ്പെട്ടു. പോകുന്നതിനു മുമ്പ് പാപ്പ വെള്ളിയില്‍ തീര്‍ത്ത ഒരു താലവും കൂജയും, ഈ ഭവനത്തിന് സമ്മാനിച്ചിരിന്നു.

1930 കളിൽ ഷെയ്ക് ഹമാൻ ഇസാ അൽ ഖലീഫയാണ് കത്തോലിക്കർക്ക് ദേവാലയ നിർമ്മാണത്തിനായി സ്ഥലം നല്കിയത്. ആ കാലഘട്ടത്തിൽ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായിരുന്ന മോൺസിഞ്ഞോർ ജൊവാന്നി തിരിന്നാൻത്സിയുടെ ക്ഷണപ്രകാരം എത്തിയ ആരാധനാലയ നിർമ്മാണ വിദഗ്ദ്ധനായിരുന്ന കപ്പൂച്ചിൻ വൈദികൻ ഫാ. ലൂയിജി മല്യക്കാനോയുടെ സഹായത്തോടെയാണ് ഈ പള്ളി യാഥാര്‍ത്ഥ്യമായത്. മനാമയിലെ തിരുഹൃദയ ദേവാലയത്തിൽ പാപ്പായുടെ പരിപാടി മെത്രാന്മാരും വൈദികരും സമർപ്പിതരും അജപാലന പ്രവർത്തകരുമൊത്തുള്ള പ്രാർത്ഥനാ സംഗമം ആയിരുന്നു. ദേവാലയത്തിനു മുന്നിൽ കാറിൽ വന്നിറങ്ങിയ പാപ്പായെ ഉത്തര അറേബ്യയിലെ അപ്പസ്തോലിക് വികാരിയത്തിൻറെ ചുമതലയുള്ള ബിഷപ്പ് പോൾ ഹിന്‍ഡര്‍ സ്വീകരിച്ചു. തുടർന്ന് ഒരു സന്ന്യാസിനിയുടെ നേതൃത്വത്തിൽ മൂന്നു കുട്ടികൾ പൂക്കൾ നല്കി പാപ്പായെ സ്വാഗതം ചെയ്തു. പാപ്പാ അവർക്ക് ജപമാല സമ്മാനിച്ചു.

ദേവാലയത്തിൻറെ പ്രവേശനകവാടത്തിനരികെവച്ച് പാപ്പായ്ക്ക് ചുംബിക്കാൻ ക്രൂശിതരൂപവും തളിക്കാൻ വിശുദ്ധ ജലവും നല്കി. തുടർന്ന് പാപ്പാ അവരുമൊത്ത് ദേവാലയത്തിൻറെ മദ്ധ്യത്തിലൂടെ അൾത്താരയുടെ അടുത്തേക്ക് സാവധാനം നീങ്ങി. ഇരുവശത്തും ഉണ്ടായിരുന്നവരെ പാപ്പ ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് അഭിവാദ്യം ചെയ്തു. വേദിയിലെത്തിയ പാപ്പ, ആമുഖ പ്രാർത്ഥന ചൊല്ലിയതിനെ തുടർന്ന് ബിഷപ്പ് പോൾ ഹിന്‍ഡര്‍ ഔദ്യോഗികമായി പാപ്പയെ സ്വാഗതം ചെയ്തു. അവിടെ പാപ്പ സന്ദേശം നല്കി. മെത്രാന്മാരും വൈദികരും സമർപ്പിതരും അജപാലനപ്രവർത്തകരുമൊത്തുള്ള പ്രാർത്ഥനാ സമാഗമാനന്തരം പാപ്പാ 27 കിലോമീറ്റർ അകലെ അവാലിയിലുള്ള സകിർ എയർബേസ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളത്തിലേക്ക് കാറിൽ പോയി.

അവിടെ പാപ്പായെ സ്വീകരിച്ച് യാത്രയയ്ക്കാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ സൽമാൻ അൽ ഖലിഫ അനന്തരാവകാശിയായ രാജകുമാരൻ, പ്രധാനമന്ത്രി, മറ്റ് മൂന്നു മക്കൾ, ഒരു ചെറുമകൻ എന്നിവർ ഉള്‍പ്പെടെയുള്ള അനേകം പ്രമുഖര്‍ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. വിമാനത്താവളത്തിലെ രാജകീയ വേദിയില്‍വെച്ച് പാപ്പാ ഇവരുമൊത്ത് അല്പനേരം ചിലവഴിച്ചു. തുടർന്ന് സൈനികോപചാരം സ്വീകരിച്ച പാപ്പ അവിടെ സന്നിഹിതരായിരുന്നവരോടു വിടചൊല്ലി.

ഗൾഫ് എയറിന്റെ ബോയിംഗ് 787 വിമാനമായിരുന്നു പാപ്പായ്ക്കും സംഘത്തിനും വിമാനത്താവളത്തിൽ ഒരുക്കി നിറുത്തിയിരുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന് അവാലി വിമാനത്താവളത്തിൽ നിന്ന് റോമിലെ ലെയൊണാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പേപ്പല്‍ സംഘത്തിന്റെ വിമാനം പറന്നുയർന്നു. ഇന്ത്യയിലെ സമയം രാത്രിയോടെ റോമിലേക്ക് മടങ്ങിയെത്തിയ മാർപാപ്പ, പതിവ് തെറ്റിക്കാതെ സെന്റ് മേരി മേജര്‍ മരിയൻ ബസിലിക്ക സന്ദർശിക്കുകയും ദൈവ മാതാവിന്റെ മാധ്യസ്ഥത്തിന് നന്ദി പറയുകയും ചെയ്തു.

More Archives >>

Page 1 of 802