Faith And Reason
സ്വര്‍ണ്ണ നേട്ടത്തിന് പിന്നാലെ ചുറ്റും കൂടിയ മാധ്യമങ്ങള്‍ക്കു മുന്നില്‍ ജപമാല ഉയര്‍ത്തിപിടിച്ച് അലന്‍ മാത്യുവിന്റെ ക്രിസ്തീയ സാക്ഷ്യം
പ്രവാചകശബ്ദം 05-12-2022 - Monday
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തില്‍ സ്വർണ്ണം നേടിയ മലപ്പുറത്തിന്റെ അലൻ മാത്യുവിന്റെ ക്രിസ്തീയ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജൂനിയർ ആൺകുട്ടികളിൽ മലപ്പുറം കടാശ്ശേരി ഐഡിയൽ സ്‌കൂളിനെ പ്രതിനിധീകരിച്ച അലൻ മാത്യു 11.39 സെക്കന്റിലാണ് സ്വർണമണിഞ്ഞത്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ്. ഫോട്ടോ ഫിനിഷിലെ വിജയ നേട്ടത്തിന് പിന്നാലെ ചുറ്റും ഓടിക്കൂടിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കഴുത്തില്‍ ധരിച്ച കൊന്ത ഊരി കരങ്ങളില്‍ ഉയര്‍ത്തി മുറുക്കെ പിടിച്ച് നിശബ്ദനായി നിന്നുക്കൊണ്ടാണ് തന്റെ വിജയം മലയാളി സമൂഹത്തിന് മുന്നില്‍ അലന്‍ പ്രഘോഷിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നിലും തന്റെ ക്രിസ്തു വിശ്വാസം അലന്‍ സധൈര്യം പ്രഘോഷിച്ചുവെന്നതും ശ്രദ്ധേയമാണ്. "ദൈവം ഉള്ളതു കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്. ഈ വിജയം ദൈവത്തിന്റെ അനുഗ്രഹത്താൽ മാത്രം..അല്ലാതെ വേറെ ഒന്നുമല്ല" - അലന്‍ പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയും കോച്ചിന്റെ കഷ്ടപ്പാടും കഠിനാധ്വാനവുമാണ് വിജയത്തിലേക്ക് നയിച്ചതെന്നും തന്റെ അമ്മ ഇപ്പോഴും തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവുമെന്നും അലന്‍ വികാരാധീനനായി പറഞ്ഞു.
വിജയ പരാജയങ്ങള്‍ നിമിഷങ്ങള്‍ക്കകം മാറി മറിഞ്ഞ മത്സരമായിരിന്നു അലന്‍ പങ്കെടുത്ത ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരം. ആദ്യം പ്രഖ്യാപിച്ച് മത്സരഫലത്തില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്നു അധികൃതര്‍ ഓട്ടത്തിന്റെ ക്ലോസ് ഫിനിഷ് പരിശോധിയ്ക്കുകയായിരിന്നു. വൈകാതെ സ്ക്രീനില്‍ തെളിഞ്ഞ മത്സരഫലം പിന്‍വലിച്ച് ഫോട്ടോഫിനിഷില്‍ അലനെ വിജയിയായി പ്രഖ്യാപിക്കുകയായിരിന്നു.
നേട്ടങ്ങളില്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന അനേകം വിദേശ കായിക താരങ്ങളുടെ വാര്‍ത്ത ഇതിന് മുന്‍പും ചര്‍ച്ചയായിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള സ്കൂള്‍ താരമായ അലന്റെ ഈ ശക്തമായ സാക്ഷ്യം വേറിട്ടതാകുകയാണ്. ദൈവ വിശ്വാസത്തെയും ക്രിസ്തീയ മൂല്യങ്ങളെയും പലപ്പോഴും ചോദ്യം ചിഹ്നം ചെയ്യുന്ന മലയാളി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൗമാരത്തില്‍ തന്നെ തന്റെ അടിയുറച്ച വിശ്വാസം ശക്തമായ പ്രഘോഷിച്ച അലന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക