Faith And Reason - 2024
സീറോ മലബാര്‍ സഭയിലെ പ്രതിസന്ധി: ഡിവൈൻ ധ്യാനകേന്ദ്രം ഒരുക്കുന്ന അഖണ്ഡ ഉപവാസത്തിലും പ്രാർത്ഥനയിലും നമ്മുക്കും പങ്കുചേരാം
പ്രവാചകശബ്ദം 28-12-2022 - Wednesday
സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. ഒരേസമയം ഒരേ ബലിവേദിയിൽ രണ്ടു തരത്തിൽ വിശുദ്ധ കുർബാന അർപ്പണം നടത്തുക, ബലിപീഠത്തിലെ വിശുദ്ധ വസ്തുക്കൾ തട്ടിമാറ്റുക, പരിശുദ്ധമായ അൾത്താരയുടെ മുന്നിൽവെച്ച് അസഭ്യ വർഷം നടത്തുക, തർക്കിക്കുക, കൈയാങ്കളി നടത്തുക.... ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അതിദയനീയമായ കാഴ്ചകൾക്കു എറണാകുളം നഗര ഹൃദയത്തിലെ തന്നെ കത്തീഡ്രൽ ബസിലിക്ക ദേവാലയം വേദിയായി.
ഇതെല്ലാം നടന്നത് വിശുദ്ധ കുർബാനയുടെ പേരിൽ, ഇതെല്ലാം നടന്നത് ദിവ്യകാരുണ്യം അതിപാവനമായി സൂക്ഷിച്ച പരിശുദ്ധ സക്രാരിയുടെ മുന്നിൽ. കേരളം മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഈ അതികഠിനമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ദീർഘനേരം തത്സമയ സംപ്രേക്ഷണം ചെയ്തു. തിരുപ്പിറവിയുടെ തലേന്നാൾ നടന്ന സംഭവങ്ങൾ അക്രൈസ്തവർ പോലും ലജ്ജാപൂർവ്വമാണ് നോക്കികണ്ടതെന്നു സമൂഹ മാധ്യമങ്ങളിൽ പലരും കുറിച്ച കമന്റുകളിൽ നിന്ന് വ്യക്തമായിരുന്നു.
ഇതെല്ലാം കണ്ടുകൊണ്ട് സഭാമാതാവ് കരയുകയാണ്. ഈ അവസരത്തിൽ വിശ്വാസികളായ നമ്മുക്കെല്ലാവർക്കും നമ്മുടെ സഭക്കുവേണ്ടി പ്രാർത്ഥിക്കുവാൻ കടമയുണ്ട്. ഉപവാസവും പ്രാർത്ഥനയും കൊണ്ടല്ലാതെ ഈ തിന്മയെ കീഴടക്കാൻ നമ്മുക്കാവില്ല. അതിനാൽ ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന അഖണ്ഡ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകുകയാണ് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ ജോർജ് പനയ്ക്കൽ. ഡിവൈൻ ധ്യാനകേന്ദ്രം പ്രത്യേകമായി തയ്യാറാക്കിയ ഓൺലൈൻ കലണ്ടറിലൂടെ നിങ്ങൾക്കും ഒരു ദിവസം പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി തിരഞ്ഞെടുക്കാം.
ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കലണ്ടറിൽ 2023 ജനുവരി 1 മുതൽ ഡിസംബര്‍ 31 വരെയുള്ള ദിവസങ്ങൾ ലഭ്യമായിരിക്കും. ഏതാനും മാസങ്ങളിലേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ കലണ്ടര്‍ തുറന്നു വരുമ്പോഴുള്ള 'View next month' ഒപ്ക്ഷനിലൂടെ മുന്നോട്ടു പോയി ലഭ്യമായ ദിവസം തെരഞ്ഞെടുക്കാവുന്നതാണ്.
ദൈവത്തിനു മാത്രമേ ഈ പ്രശ്‍നം പരിഹരിക്കാൻ സാധിക്കൂ. ഈ കലണ്ടറിലൂടെ നിങ്ങൾ ബുക്ക് ചെയ്യുന്ന ദിവസം നിങ്ങൾ ഉപവസിച്ചു പ്രാർത്ഥിക്കുന്നതോടൊപ്പം ഡിവൈൻ ധ്യാനകേന്ദ്രം പ്രത്യേകമായി നിർദ്ദേശിക്കുന്ന താഴെപറയുന്ന പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടും ഈ തിന്മക്കെതിരെ പോരാടുകയും, ഈ സന്ദേശം അനേകരിലേക്ക് എത്തിച്ചുകൊണ്ട് സഭയെ വീണ്ടും ഐക്യത്തിലേക്ക് നയിക്കുന്ന മഹത്തായ ശുശ്രൂഷയിൽ നമ്മുക്കും പങ്കാളികളാവുകയും ചെയ്യാം.
ഉപവാസദിവസം ചൊല്ലേണ്ട പ്രാർത്ഥനകൾ:
1. എത്രയും ദയയുള്ള മാതാവേ... എന്ന പ്രാർത്ഥന (9 പ്രാവശ്യം)
2. "ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്കു തരും" (ഏശയ്യാ 45: 2, 3) ഈ വചനങ്ങൾ 9 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുക.
ഉപവാസപ്രാർത്ഥനക്കുള്ള ദിവസം ബുക്കു ചെയ്യുവാനുള്ള കലണ്ടറിന്റെ Link:
➧ https://calendly.com/divineuk/chain-fasting ➧
(ശ്രദ്ധിയ്ക്കുക: മുകളിലെ ലിങ്കില്‍ നിങ്ങള്‍ ഉപവാസമെടുക്കുന്ന തീയതി തെരഞ്ഞെടുത്ത ശേഷം പൂരിപ്പിക്കേണ്ട ഫോമില്‍ വാട്സാപ്പ് നമ്പര്‍ കൃത്യമായി നല്‍കുകയാണെങ്കില്‍ ഡിവൈന്‍ ടീം ഉപവാസ പ്രാര്‍ത്ഥനയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും.)
- News Published on 28th December 2022
- Updated on 30th December 2022