News

ക്രിസ്തുമസിന് തൊട്ടുപിന്നാലെ കര്‍ണാടകയില്‍ ദേവാലയത്തിനു നേരെ അജ്ഞാതരുടെ ആക്രമണം; ഉണ്ണീശോയുടെ രൂപം തകര്‍ത്തു

പ്രവാചകശബ്ദം 29-12-2022 - Thursday

മൈസൂരു: ക്രിസ്തുമസിന് തൊട്ടുപിന്നാലെ കര്‍ണാടകയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മൈസൂരുവിലെ പെരിയപട്ടണത്തിലെ സെന്റ്‌ മേരീസ് ദേവാലയമാണ് ആക്രമണത്തിനിരയായത്. ദേവാലയത്തില്‍ പുല്‍ക്കൂടിനുള്ളില്‍ പ്രതിഷ്ഠിച്ചിരുന്ന ഉണ്ണീശോയുടെ രൂപം അക്രമികള്‍ തകര്‍ത്തതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ ആക്രമണം നടന്ന വിവരം മനസിലാക്കിയ ദേവാലയ ജീവനക്കാരന്‍ ഉടന്‍ തന്നെ വൈദികനെ വിവരം അറിയിക്കുകയായിരുന്നു. ദേവാലയത്തിലെ പിറകിലെ വാതില്‍ തകര്‍ത്താണ് അക്രമികള്‍ ദേവാലയത്തില്‍ പ്രവേശിച്ചിരിക്കുന്നതെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ് പറയുന്നത്.

പോലീസ് വിവിധ സംഘങ്ങളായി ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുറ്റവാളികളെ കണ്ടെത്തുവാന്‍ ദേവാലയ പരിസരത്ത് സ്ഥാപിച്ചിരുന്ന സി.സി.ടിവി ദൃശ്യങ്ങളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. അക്രമികള്‍ പണവും, ദേവാലയത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടിയും കൊണ്ട് പോയിരിക്കുന്നതിനാല്‍ പ്രഥമദൃഷ്ട്യാ മോഷണ ശ്രമമാണെന്നാണ് വിലയിരുത്തലെന്ന് മൈസൂരു പോലീസ് സൂപ്രണ്ട് സീമാ ലാട്കാര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യമാണ് സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള മതപരിവര്‍ത്തന വിരുദ്ധ ബില്‍ കര്‍ണാടക സര്‍ക്കാര്‍ പാസ്സാക്കിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും, മിഷ്ണറിമാരും വ്യാജമതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരാഖണ്ടിലെ ഉത്തരകാശിയിലെ ഒരു ക്രിസ്തുമസ് പരിപാടിയില്‍ കുറുവടികളുമായി അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ അവിടെ മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നാരോപിച്ചു പരിപാടി അലങ്കോലമാക്കിയിരിന്നു. ഉത്തര്‍പ്രദേശില്‍ വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ രണ്ടു ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്.

More Archives >>

Page 1 of 811