News - 2025
ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നു; ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണെന്നു വത്തിക്കാന്‍
പ്രവാചകശബ്ദം 29-12-2022 - Thursday
വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ത്ഥന സഹായം ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചതിന്റെ തൊട്ടുപിന്നാലെ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി വഷളായികൊണ്ടിരിക്കുകയാണെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പ്രായാധിക്യത്തെ തുടര്‍ന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായികൊണ്ടിരിക്കുകയാണെന്നാണ് വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്റെ ഡയറക്ടറായ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
ഇതിനിടെ പാപ്പയുടെ നിലവിലെ ആരോഗ്യ സ്ഥിതി നിയന്ത്രണവിധേയമാണെന്നും, അദ്ദേഹം ഡോക്ടര്‍മാരുടെ നിരന്തരമായ നിരീക്ഷണത്തിലാണെന്നും ബ്രൂണിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. “നിശബ്ദമായി സഭയേ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന മുന്‍പാപ്പ ബെനഡിക്ടിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു” എന്ന് ഫ്രാന്‍സിസ് പാപ്പ തന്റെ ഇന്നലത്തെ പൊതു അഭിസംബോധനയില്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിന്നു.
കഴിഞ്ഞ ആറു നൂറ്റാണ്ടുകള്‍ക്കിടയില്‍ സ്ഥാനത്യാഗം ചെയ്ത ആദ്യ പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍. 2013 ഫെബ്രുവരി 28-നാണ് സ്ഥാനത്യാഗം ചെയ്തു പദവിയില്‍ നിന്നും രാജിവെച്ച അദ്ദേഹം വത്തിക്കാനിലെ മാറ്റർ ഏക്ളേസിയ ആശ്രമത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.