Arts - 2024
സ്‌പെയിനിലെ പ്രധാനപ്പെട്ട ചത്വരത്തിന് തീവ്രവാദി കൊലപ്പെടുത്തിയ അള്‍ത്താര ശുശ്രൂഷിയുടെ പേര് നല്‍കാന്‍ മുൻസിപ്പാലിറ്റി
പ്രവാചകശബ്ദം 28-01-2023 - Saturday
അൽജെസിറാസ്: ഇസ്ലാമിക തീവ്രവാദി കത്തി ഉപയോഗിച്ചു കൊലപ്പെടുത്തിയ ദേവാലയ ശുശ്രൂഷിയുടെ പേര് സ്പെയിനിലെ പ്രധാനപ്പെട്ട ചത്വരത്തിന് നല്‍കാന്‍ മുൻസിപ്പാലിറ്റി. ഡിയാഗോ വലൻസിയ പെരസ് എന്ന ദേവാലയ ശുശ്രൂഷിയുടെ പേര് അൽജെസിറാസ് എന്ന ഫ്രഞ്ച് മുൻസിപ്പാലിറ്റിയിലെ ഒരു ചത്വരത്തിന് നൽകാനുള്ള നിർദേശം അടുത്ത മുൻസിപ്പൽ പ്ലീനറി സെക്ഷനിൽ മുന്നോട്ടുവെക്കുമെന്ന് മുനിസിപ്പാലിറ്റിയുടെ മേയർ ജോസ് ഇഗ്നാസിയോ പറഞ്ഞു. യുക്തിരാഹിത്യത്താല്‍ കവർന്നെടുത്ത ഏറ്റവും പരിപാവനമായ ജീവനു ആദരവായി നഗരത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യമാണ് നാമകരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
തീവ്രവാദത്തിന്റെ ഇരകളെ സ്മരിക്കാൻ വേണ്ടി നിർമ്മിച്ച സ്മാരകത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ജോസ് ലൂയിസ് കാനോ ഡോക്യുമെന്ററി സെന്ററിന് മുന്നിലായി നിർമ്മിക്കുന്ന പ്ലാസയ്ക്കു ഡിയാഗോ വലൻസിയയുടെ പേരിടാനാണ് പദ്ധതി. ജീവൻ പണയപ്പെടുത്തി അക്രമിയെ അറസ്റ്റ് ചെയ്ത രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് നൽകാനുള്ള ആഗ്രഹവും മേയർ പ്രകടിപ്പിച്ചു. ന്യയിസ്ട്ര സെനോര ഡി ലാ പാൽമ ദേവാലയത്തിലാണ് ഡിയാഗോയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. അദ്ദേഹത്തിന്റെ കുടുംബത്തോടും, സുഹൃത്തുക്കളോടും കാഡിസ് മെത്രാൻ മോൺ. റാഫേൽ സ്വർനോസ തന്റെ അടുപ്പം രേഖപ്പെടുത്തുകയും, വിശ്വാസത്തിനു വേണ്ടിയാണ് ഡിയാഗോ കൊല്ലപ്പെട്ടതെന്നു അനുസ്മരിക്കുകയും ചെയ്തു.
ക്ഷമിക്കാനും, പീഡിപ്പിക്കപ്പെടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ക്ഷമിക്കാൻ തയ്യാറായില്ലെങ്കിൽ, തിന്മ വിജയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ബുധനാഴ്ച നടന്ന ആക്രമണത്തിൽ സമീപത്തെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഒരു വൈദികനും പരിക്കേറ്റിരുന്നു. മൊറോക്കന്‍ സ്വദേശിയും ഇസ്ലാമിക അഭയാര്‍ത്ഥിയുമായ യാസിന്‍ കാന്‍ജാ എന്നയാളാണ് തീവ്രവാദി ആക്രമണം നടത്തിയത്.