Youth Zone
ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ട ക്രിസ്ത്യന്‍ പെൺകുട്ടികൾ മാർപാപ്പയെ സന്ദർശിച്ചു
പ്രവാചകശബ്ദം 10-03-2023 - Friday
വത്തിക്കാന്‍ സിറ്റി: നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളായ ബൊക്കോഹറാം തട്ടിക്കൊണ്ടുപോയി ക്രൂരമായ അതിക്രമങ്ങൾക്ക് വിധേയരാക്കിയ ക്രിസ്ത്യന്‍ പെൺകുട്ടികൾ മാർപാപ്പയെ സന്ദർശിച്ചു. വനിതാദിനമായ മാർച്ച് 8 ബുധനാഴ്ച പൊതുകൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് 16 വയസ്സുള്ള മരിയ (മരിയാമു) ജോസഫ്, ജനാധ മാർക്കൂസ് എന്നീ പെണ്‍കുട്ടികള്‍ക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ഇടപെടലില്‍ പാപ്പയെ കാണാൻ അവസരം ലഭിച്ചത്. മരിയാമുവിനും, ജനാദായ്ക്കും കുടുംബാംഗങ്ങൾ തൊട്ട് കൺമുന്നിൽ കൊല്ലപ്പെടുന്നത് കാണേണ്ടതായി വന്നിട്ടുണ്ട്. 2018ൽ ജനാധയുടെ മുന്നിൽവെച്ചാണ് പിതാവിനെ തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. 2019ൽ സഹോദരനെ വെട്ടിനുറുക്കി കൊലപ്പെടുത്തുന്നതിന് മരിയാമു ദൃക്സാക്ഷിയായിരുന്നു. ഇരുവരുമായി സംസാരിച്ച പാപ്പ അപ്പസ്തോലിക ആശീര്‍വാദവും നല്‍കി.
തന്റെ കൺമുമ്പിൽവെച്ചാണ് സഹോദരരിൽ ഒരാളുടെ കൈകളും, ശിരസ്സും, കാലുകളും മുറിച്ചു കളഞ്ഞതെന്നു മരിയാമു എയിഡ് ടു ദ ചർച്ച് ഇൻ നീഡിനോടു വെളിപ്പെടുത്തിയിരിന്നു. തീവ്രവാദികളിൽ നിന്ന് രക്ഷപ്പെട്ടതിനു ശേഷം, നേരിട്ട മാനസിക ആഘാതത്തിൽ നിന്നും ഒരു പരിധിവരെ ഇരുവർക്കും മോചനം നേടാൻ സാധിച്ചത് എസിഎൻ സഹായത്തോടെ വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗിരിയിൽ നിർമ്മിച്ച ഒരു കേന്ദ്രത്തില്‍ നിന്നാണ്. തീവ്രവാദികളുടെ പീഡന മുറകളിലൂടെ കടന്നുപോയ കത്തോലിക്ക വിശ്വാസികൾ പങ്കുവെച്ച അനുഭവങ്ങൾ അടങ്ങിയ 'നൈജീരിയ: എ ബ്ലീഡിങ് വൂണ്ട്' എന്ന റിപ്പോർട്ടിൽ മരിയാമുവിന്റെയും, ജനാദായുടെയും അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്. 9 വർഷത്തോളമാണ് മരിയാമു തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞത്.
ഗ്രാമം ആക്രമിച്ച് 21 പേരോടൊപ്പമാണ് മരിയാമുവിനെ അവർ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത തീവ്രവാദികൾ, അയിഷ എന്ന മുസ്ലിം പേര് മരിയാമുവിന് നൽകി. കൂടാതെ ക്രൈസ്തവ പ്രാർത്ഥനകൾ ഉച്ചരിക്കരുതെന്നും തീവ്രവാദികൾ അവരെ ഭീഷണിപ്പെടുത്തി. 9 വർഷം ഹൃദയമില്ലാത്ത, ക്രൂരരായ തീവ്രവാദികളില്‍ നിന്ന് ഒരുപാട് സഹനങ്ങൾ സഹിച്ചിട്ടുണ്ടെന്ന് മരിയാമു പറയുന്നു. നിരപരാധികളായ ക്രൈസ്തവരുടെ ചോര വീഴുന്നത് 9 വർഷം കണ്ടു. ഒരു പശ്ചാത്താപവും ഇല്ലാതെ സാധാരണ ഒരു കാര്യം പോലെയാണ് തീവ്രവാദികൾ കൊലകൾ നടത്തിയതെന്ന് അവള്‍ സ്മരിച്ചു. ജനാദായെ കുടുംബത്തോടൊപ്പം പിടികൂടിയ തീവ്രവാദികൾ, അവളുടെ പിതാവിനോട് സ്വന്തം മകളെ പീഡിപ്പിക്കുക അല്ലെങ്കിൽ മരണം വരിക്കുക എന്ന മുന്നറിയിപ്പ് നൽകുകയായിരുന്നു. അവരുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിനാൽ അദ്ദേഹത്തെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരിന്നു.