Social Media

നിങ്ങളുടെ അകത്തളങ്ങളിലെ മാലിന്യങ്ങൾ തുടച്ചു നീക്കിയിട്ട് പോരെ ക്രൈസ്തവ സന്യസ്തരെ നന്നാക്കൽ?

സി. സോണിയ തെരേസ് ഡി. എസ്. ജെ 13-03-2023 - Monday

നാലുവർഷം മുമ്പുള്ള ഒരനുഭവമാണ്: പഠനത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ നിന്ന് അത്യാവശ്യം വലിയ ഒരു നഗരത്തിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. ആ നഗരത്തിലെ ഏറ്റവും പാവപ്പെട്ടവർ തിങ്ങി പാർക്കുന്ന ഒരു മേഖലയിൽ ആയിരുന്നു ഞങ്ങളുടെ മഠം. പഠനത്തിന് ഒപ്പം എനിക്ക് അല്പം ഇടവക പ്രവർത്തനവും കൂടിയുണ്ട്. ഒരു ദിവസം യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലാസ് ഒക്കെ കഴിഞ്ഞ് എന്റെ കൂട്ടുകാരികളുമായി പഠനകാര്യങ്ങൾ ഒക്കെ ചർച്ച ചെയ്ത് മഠത്തിനടുത്തുള്ള റോഡരികിൽ നിൽക്കുമ്പോൾ ഞങ്ങളുടെ അടുത്തുകൂടിപ്പോയ ചെറുപ്പക്കാരായ ദമ്പതികൾ പെട്ടെന്ന് എന്നെ നോക്കി തങ്ങളുടെമേൽ കുരിശടയാളം വരയ്ക്കുന്നത് കണ്ടു. പെട്ടെന്ന് എന്റെ മുഖം വല്ലാത്ത ഒരു അവസ്ഥയിൽ ആയി. എന്റെ മുഖത്തിന്റെ ഭാവം മാറുന്നത് കണ്ട് എന്റെ കൂട്ടുകാർ ചോദിച്ചു, നിനക്ക് എന്തു പറ്റി? മുഖം വല്ലാണ്ടായല്ലോ എന്ന്..

ഞാൻ അവരോട് മറുപടി പറഞ്ഞു: "നിങ്ങൾ കണ്ടില്ലേ ആ ദമ്പതികൾ കാണിച്ചത്! അവർ എന്നെ കളിയാക്കിയതാണെന്ന് തോന്നുന്നു". പെട്ടെന്ന് കൂട്ടുകാർ ചിരിക്കാൻ തുടങ്ങി. ഞാൻ അതിശയത്തോടെ അവരെ നോക്കിയപ്പോൾ അവർ പറഞ്ഞു: "അവർ നിന്നെ കളിയാക്കിയതെന്നുമല്ല. ബഹുമാനത്തോടെ ചെയ്ത ഒരു കാര്യമാണത്. നിന്റെ സന്യാസ വസ്ത്രം കണ്ടപ്പോൾ അവർ നിന്നിൽ ദൈവത്തെ ദർശിച്ച് അവരുടെമേൽ കുരിശടയാളം വരച്ച് പ്രാർത്ഥിച്ചതാണ്. ഈ നഗരത്തിലെ ഒരു പ്രത്യേകതയാണത്".

ആ സംഭവം ഒരു തുടക്കം മാത്രമായിരുന്നു. ഒത്തിരി ദൈവ വിശ്വാസികൾ ഉള്ള ആ നഗരത്തിൽ പിന്നീട് മിക്കവാറും ദിവസങ്ങളിൽ ഞാൻ യൂണിവേഴ്സിറ്റിയിൽ പോകാൻ ബസ്സ് കാത്ത് നിൽക്കുമ്പോഴും പള്ളിയിൽ പോകുവാൻ റോഡ് മുറിച്ച് കടക്കാൻ ട്രാഫിക്ക് സിഗ്നൽ കാത്ത് നിൽക്കുമ്പോഴും യുവജനങ്ങളും പ്രായമായവരും തങ്ങളുടെമേൽ കുരിശടയാളം വരയ്ക്കുന്നത് അല്പം ആകുലതയോടെ ഞാൻ കണ്ടിട്ടുണ്ട്. ആകുലപ്പെടാൻ കാരണം ഓരോ കുരിശടയാളം കാണുമ്പോഴും ഞാൻ എന്റെ ജീവിതത്തെ എത്രമാത്രം നന്മ നിറഞ്ഞതാക്കേണ്ടിയിരിക്കുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ എന്റെ ഉള്ളിൽ നിറയാറുള്ളതു കൊണ്ടാണ്... അതെ, ക്രൈസ്തവ സന്യാസവും സന്യസിനികളുടെ വസ്ത്രവും ഒരു സാക്ഷ്യമാണ്, പ്രത്യേകിച്ച് അത് ഒരു ഓർമ്മപ്പെടുത്തലാണ്. ഈ ലോകത്തേക്കാൾ കൂടുതൽ മറ്റൊരു ലോകത്തെക്കുറിച്ചും ആ ലോകത്തിന്റെ അധിപനായ സർവശക്തനായ ദൈവത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ.

ഈ ജീവിതാനുഭവം നിങ്ങളോട് പങ്കുവയ്ക്കാൻ കാരണം നമ്മുടെ കൊച്ചു കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രൈസ്തവ സന്യസ്തരേയും അവരുടെ വസ്ത്രങ്ങളേയും അവഹേളിക്കാനും അധിക്ഷേപിക്കാനും പലരും മത്സരിക്കുന്നത് കണ്ടിട്ടാണ്. ക്രൈസ്തവ സന്യസ്തർ തന്നെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചവർ ഉൾപ്പെടെ വിവിധ സംഘടനകളും, ഒപ്പം വിശ്വാസം ഉള്ളവരും ഇല്ലാത്തവരും, പാർട്ടിക്കാരും മാധ്യമ മേലാളൻമാരും, സ്വന്തം സ്ത്രീകൾക്ക് അവരുടെ ഭവനത്തിന്റെ ഉമ്മറത്തിണ്ണയിൽ പോലും വന്നിരിക്കാൻ അവകാശം നൽകാത്ത ഇതരമതസ്തരും ഒക്കെയുണ്ട് എന്നത് അതിശയമേറിയ കാര്യമാണ്... വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നതു പോലെ സ്വന്തം കണ്ണിൽ തടിക്കഷണം വച്ചിട്ട് അപരന്റെ കണ്ണിലെ കരട് എടുക്കാൻ വെപ്രാളപ്പെടുന്ന കോമാളികൾ എന്നല്ലാതെ എന്ത് പറയാൻ!!

ലോകത്തിന്റെ ഏത് കോണിൽ ആയാലും ഏത് കാലത്ത് ആയാലും ശരി, സമൂഹത്തിൽ നല്ല സംസ്കാരങ്ങൾ പടുത്തുയർത്താൻ കല ഒത്തിരി സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് സിനിമയും, നാടകങ്ങളും. എന്നാൽ ഈ ആധുനിക നൂറ്റാണ്ടിൽ കേരളത്തിൽ കലയെ കൊലയാക്കി മാറ്റാൻ ചിലർ നിഗൂഢ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നത് വിസ്മരിക്കാനാവില്ല. കഴിഞ്ഞ 25 വർഷത്തോളം, അണിയറയിൽ തയ്യാറാക്കിയ വ്യക്തമായ പ്ലാനുകളാൽ ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും കരുതിക്കൂട്ടി കരിവാരിത്തേച്ച് പുതുതലമുറയുടെ മുമ്പിൽ വികലമായി ചിത്രീകരിക്കാൻ പണം വാരിക്കോരി എറിയുന്നതിന്റെ തെളിവാണ് ഇന്ന് ഇറങ്ങുന്ന വികലമായ സിനിമകളും നാടകങ്ങളും.

ഏതാനും നാൾ മുമ്പ് ക്രൈസ്തവനായ ഒരു സംവിധായകൻ ഇറക്കാൻ പോകുന്ന സിനിമയെക്കുറിച്ച് അദ്ദേഹത്തിന്റെ ഉറ്റബന്ധു എന്നോട് സംസാരിക്കുകയുണ്ടായി. കഥയിൽ ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ ഞാൻ എന്തേ ഒരു ക്രിസ്ത്ര്യാനി ഇങ്ങനെ ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി 'ഇങ്ങനെയുള്ള സിനിമകൾ ഇറക്കാനേ ഇന്ന് കാശുമുടക്കാൻ ആൾക്കാർ ഉള്ളൂ' എന്നാണ്. അതായത് വ്യക്തവും ശക്തവുമായ അജണ്ടകളുടെ ഭാഗമാണിത്. കേരള സമൂഹത്തിൽ ആഴത്തിൽ ആഴ്ന്നിറങ്ങിയ ക്രൈസ്തവികതയെ വേരോടെ പിഴുതെറിയുക എന്ന വ്യക്തമായ അജണ്ട. വിദ്യാഭ്യാസവും വിവരവും ഒക്കെ ഒരു സൈഡിൽ മാറ്റിവച്ചിട്ട് മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും മായാലോകത്തിൽ കറങ്ങി നടക്കുന്ന ഒരു സമൂഹമാക്കി മാറ്റിയാൽ മാത്രമേ ചിലർക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കൂ.

കേരളത്തിൽ വിവിധ സംഘടനകൾ ക്രൈസ്തവ സന്യസ്തരെ നിരന്തരം ആക്രമിക്കുകയും ഭയക്കുകയും ചെയ്യുന്നത് എന്തിനെന്നറിയാമോ? കാരണം വിവിധ സംഘടനകളുടെയും ചില തീവ്ര മതമൗലികവാദികളുടെയും കുടില ബുദ്ധികളെ സന്യസ്തർ കൗശലപൂർവ്വം കൈകാര്യം ചെയ്യുന്നതിനാൽ തന്നെ. തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ സംരക്ഷിക്കുന്നപ്പോലെ സന്യസ്തർ തങ്ങളുടെ സ്ഥാപനങ്ങളിലെ കുട്ടികളെ കാത്തുസൂക്ഷിക്കുകയും മയക്കുമരുന്നിന്റെയും പ്രണയ കെണികളുടെയും നീരാളി പിടിയിൽ അകപ്പെടാൻ സാധ്യതയുള്ള മക്കളെ സംരക്ഷിക്കാൻ ശത്രുവിനെ നഖശികാന്തം എതിർത്ത് തോല്പ്പിക്കുകയും ചെയ്യുന്നത് അവരുടെ സ്വപ്നങ്ങൾ പൊലിഞ്ഞു പോകാൻ കാരണമാകുന്നു. ഇതിന്റെ രോഷമാണ് മസാലകഥകളുടെ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നത്.

വിവിധ സിനിമകൾ വഴിയും നാടകങ്ങൾ വഴിയും ക്രൈസ്തവ സന്യസ്തർ അബലകളാണ്, അടിമകളാണ്, കൂച്ചുവിലങ്ങുകളാൽ ബന്ധിക്കപ്പെട്ടവരാണ് എന്നൊക്കെ പറഞ്ഞ് ഞങ്ങളെ രക്ഷിക്കാൻ തേരാപാരാ ഓടി നടക്കുന്ന ചെമ്മരിയാടിന്റെ തോലണിഞ്ഞ കുറുനരികൾ എന്തേ സിനിമാ ഫീൽഡിൽ പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ നൊമ്പരങ്ങളും തേങ്ങലുകളും കാണാതെ പോകുന്നത്? ഫ്ലവേഴ്സ് ടിവി നടത്തുന്ന ഒരുകോടി എന്ന പ്രോഗ്രാമിൽ ഏതാനും നാൾ മുമ്പ് ഒരു നടി തുറന്ന കുമ്പസാരം നടത്തിയത് കേൾക്കാൻ ഇടവന്നു. അവർ പറയുന്നത് ഇങ്ങനെയാണ്: പലപ്പോഴും ഒരു സിനിമയിൽ നല്ല റോളുകൾ കിട്ടണമെങ്കിൽ ചില വിട്ടുവീഴ്ചകളും ഷോപ്പിങ്ങ് യാത്രകളും ഒക്കെ നടത്താൻ ഞങ്ങൾ നിർബന്ധിതരാകാറുണ്ട് എന്ന്... ഈ പറഞ്ഞ വിട്ടുവീഴ്ച്ചകളിൽ ചിലത് കേസുകളായി കോടതിയിൽ ഉണ്ട് എന്നത് ആരും മറന്ന് പോകാൻ സാധ്യതയില്ല...

ഒത്തിരി ക്ലേശങ്ങൾ നിറഞ്ഞ സിനിമാ ഫീൽഡിലെ സാഹചര്യങ്ങൾ ഒക്കെ ഒന്ന് കഥയാക്കി സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി യത്നിക്കാനും ചില തുറന്ന സത്യങ്ങൾ കാണികളുടെ മുമ്പിൽ എത്തിക്കാനും കേരളത്തിലെ ഏതെങ്കിലും സംവിധായകനോ കഥാകൃത്തിനോ ധൈര്യം ഉണ്ടാകാറുണ്ടോ..? ക്രൈസ്തവ സന്യസ്തരുടെ സംരക്ഷകരായി സ്വയം അവതരിച്ച ഡ്യൂപ്ലിക്കേറ്റ് സഹോദരന്മാരോട് ആദ്യം നിങ്ങൾ സ്വന്തം സമുദായത്തിലെയും സംഘടനകളിലെയും സ്ത്രീകളുടെ സ്വാതന്ത്രത്തിനു വേണ്ടി ഒന്നു ശബ്ദമുയർത്തി അവർക്ക് എന്തെങ്കിലും ഒക്കെ നന്മകൾ ചെയ്ത ശേഷമാണ് ഞങ്ങളെ നന്നാക്കാനും സംരക്ഷിക്കാനും ഇറങ്ങി പുറപ്പെടേണ്ടത് എന്ന ഓർമ്മപ്പെടുത്തലോടെ....

സി. സോണിയ തെരേസ് ഡി. എസ്. ജെ.

More Archives >>

Page 1 of 36