News - 2024
മദര്‍ മേരി ബര്‍ണാഡെറ്റയെ ദൈവദാസിയായി പ്രഖ്യാപിച്ചു; ഗോത്ര വിഭാഗത്തില്‍ നിന്നും ദൈവദാസിയാക്കപ്പെട്ട പ്രഥമ ഭാരത വനിതയായി മദര്‍ മേരി
സ്വന്തം ലേഖകന്‍ 08-08-2016 - Monday
റാഞ്ചി: ഭാരതത്തിലെ ഗോത്രവിഭാഗത്തില്‍പെടുന്ന ഒരു വനിത ഇതാദ്യമായി വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് പൂര്‍ത്തിയാക്കി. മദര്‍ മേരി ബര്‍ണാഡെറ്റ പ്രസാദാണ് ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ഇന്നലെ റാഞ്ചി ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ടെലസ്‌പോര്‍ പി. ടോപ്പോയാണ് മേരി ബര്‍ണാഡെറ്റയെ ദൈവദാസിയായി പ്രഖ്യാപിച്ചത്.
ഭാരതത്തില്‍ നിന്ന്‍ ഗോത്രവിഭാഗത്തില്‍പെടുന്ന ഒരു വനിത ഇതാദ്യമായാണ് വിശുദ്ധ പദവിയിലേക്കുള്ള നീണ്ട പ്രക്രിയയുടെ ആദ്യ ചുവടിലേക്ക് കടന്നിരിക്കുന്നത്. 'ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആനി' എന്ന കോണ്‍ഗ്രിഗേഷന്റെ സ്ഥാപകയാണ് ദൈവദാസിയായി ഉയര്‍ത്തപ്പെട്ട മദര്‍ മേരി ബര്‍ണാഡെറ്റ.
1878 ജൂണ്‍ 16-നാണ് മദര്‍ മേരി ബര്‍ണാഡെറ്റ ജനിച്ചത്. 1897 ജൂലൈ 16-നു ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ മദര്‍ മേരി ബര്‍ണാഡെറ്റയും സിസിലിയ, വെറോണിക്ക, മേരീ എന്നീ കന്യാസ്ത്രീമാരും ചേര്‍ന്ന് 'ഡോട്ടേഴ്‌സ് ഓഫ് ദ സെന്റ് ആനി' എന്ന കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. അക്കാല ഘട്ടങ്ങളില്‍ ഏറെ പിന്നോക്കം നിന്നിരുന്ന ആദിവാസി ഗോത്ര ജനവിഭാഗങ്ങള്‍ക്കിടയിലും, സാധാരണക്കാര്‍ക്കിടയിലും മികച്ച പ്രവര്‍ത്തനമാണ് മദര്‍ മേരിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ കോണ്‍ഗ്രിഗേഷന്‍ നടത്തിയത്.
വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ കോണ്‍ഗ്രിഗേഷന് സാധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഛോട്ടാനാഗ്പൂര്‍ എന്ന പ്രദേശത്ത് നിരവധി പേര്‍ കോളറ രോഗം ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. രോഗികളുടെ ഇടയില്‍ സജീവ സേവനത്തിനായി മദര്‍ മേരിയും മറ്റു കന്യാസ്ത്രീമാരും ഇറങ്ങി ചെന്നു.
മേരി ബര്‍ണാഡെറ്റയോടൊപ്പം കോണ്‍ഗ്രിഗേഷന്റെ സ്ഥാപകരായി പ്രവര്‍ത്തിച്ച സിസ്റ്റര്‍ വെറോണിക്കയും, സിസ്റ്റര്‍ മേരിയും രോഗം മൂലം ഈ സമയത്ത് അന്തരിച്ചു. ദീര്‍ഘദൂരം കാടുകളും മലകളും താണ്ടി മദര്‍ ബര്‍ണാഡെറ്റയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ സ്ഥലങ്ങളില്‍ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുകയും സേവനങ്ങള്‍ തുടരുകയും ചെയ്തു. 1961 ഏപ്രില്‍ മാസം 16-ാം തീയതിയാണ് ക്ഷയരോഗം ബാധിച്ചതിനെ തുടര്‍ന്ന് മദര്‍ മേരി ബര്‍ണാഡെറ്റ അന്തരിച്ചത്.
"തന്റെ ജീവിതം ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് ദൈവദാസിയായ മദര്‍ മേരി ബര്‍ണാഡെറ്റ പ്രവര്‍ത്തിച്ചത്. വിദ്യാഭ്യാസത്തിന്റെ വെളിച്ചം പ്രദേശത്ത് എത്തിക്കുന്നതിനായി മദര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മഹത്വകരമാണ്. കത്തോലിക്ക സഭയിലെ ധീര വനിതകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നവരാണ് മദര്‍ മേരിയും കോണ്‍ഗ്രിഗേഷനിലെ ആദ്യകാല അംഗങ്ങളും". കര്‍ദിനാള്‍ ടോപ്പോ ദൈവദാസി പദവി പ്രഖ്യാപന ചടങ്ങിനിടെ പറഞ്ഞു.
1897-ല്‍ നാലു പേര്‍ ചേര്‍ന്ന് ആരംഭിച്ച 'ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആനി' ഇപ്പോള്‍ 1040 കന്യസ്ത്രീമാരുള്ള വലിയൊരു സന്യസ്ഥ സമൂഹമാണ്. 142 കോണ്‍വെന്റുകളിലായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും പുറത്തും അവര്‍ സേവന സന്നദ്ധരായി ജീവിക്കുന്നു. കോണ്‍ഗ്രിഗേഷന്റെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ലിന്‍ഡ മേരി വൈഗാനാണ് മദര്‍ മേരി ബര്‍ണാഡെറ്റയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി പരിഗണിക്കണമെന്ന് കര്‍ദിനാള്‍ ടോപ്പോയോട് അഭ്യര്‍ത്ഥിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ദിനാള്‍ ടോപ്പോ വത്തിക്കാനുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചത്.
മദര്‍ മേരി ബര്‍ണാഡെറ്റയെ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തുന്നതിന് തടസമായി ഒന്നും നിലകൊള്ളുന്നില്ലെന്ന് വത്തിക്കാനില്‍ നിന്നും ജൂലൈ മാസം അറിയിപ്പ് ലഭിച്ചിരുന്നു. ബര്‍ണാഡെറ്റയുമായി ബന്ധപ്പെട്ട രേഖകള്‍ എന്തെങ്കിലും കൈവശമുള്ളവര്‍ അത് സഭയില്‍ അറിയിക്കണമെന്നും കര്‍ദിനാള്‍ ടോപ്പോ ആവശ്യപ്പെട്ടു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനു മുമ്പ് സഭ നിയോഗിക്കുന്ന പ്രത്യേക കമ്മിറ്റികള്‍ പലവട്ടം വ്യക്തിയുടെ ജീവിതവുമായി ബന്ധപെട്ട രേഖകള്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഇതിനായിട്ടാണ് രേഖകള്‍ ഹാജരാക്കുവാന്‍ കര്‍ദിനാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റാഞ്ചിയില്‍ ആദിവാസി ദളിത് ഗോത്ര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ജനങ്ങളുടെ ഇടയില്‍ കത്തോലിക്ക സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. സഭയുടെ സുവിശേഷ വത്ക്കരണത്തിന്റെ ഫലമായി ആയിരങ്ങളാണ് ഇവിടെ ക്രിസ്തുമാര്‍ഗത്തിലേക്ക് വന്നു ചേര്‍ന്നു കൊണ്ടിരിക്കുന്നത്.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക