News - 2024
സ്വര്‍ഗ്ഗത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗം ക്ഷമയും അനുതാപവും: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 05-08-2016 - Friday
അസീസി: മറ്റുള്ളവരുടെ തെറ്റുകള്‍ നമ്മള്‍ ക്ഷമിക്കുന്നത് തന്നെയാണ് സ്വര്‍ഗ്ഗത്തിലേക്ക് എത്തുവാനുള്ള ഏറ്റവും നല്ല വഴിയെന്നു ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയന്‍ പട്ടണമായ അസീസിയില്‍, 'പാര്‍ഡന്‍ ഓഫ് അസീസി' എന്ന വിശ്വവിഖ്യാതമായ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ 800-ാമത് വാര്‍ഷികത്തില്‍ സംസാരിക്കുകയായിരിന്നു ഫ്രാന്‍സിസ് പാപ്പ. ഫ്രാന്‍സിസ് അസീസിയുടെ ജീവിതവും ഓര്‍മ്മകളും തിങ്ങി നില്‍ക്കുന്ന നഗരത്തിലേക്ക് എത്തിയ മാര്‍പാപ്പ ക്ഷമയുടെ ആവശ്യത്തെ കുറിച്ചാണ് അവിടെ നടത്തിയ പ്രസംഗത്തില്‍ മുഖ്യമായും സംസാരിച്ചത്.
"ഇന്നത്തെ ലോകത്തില്‍ നിരവധി പേര്‍ക്ക് മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ കഴിയുന്നില്ല. ഈ പ്രശ്‌നം മൂലം പലര്‍ക്കും വിവിധ തരം ബുദ്ധിമുട്ടുകളും കഷ്ടങ്ങളും നേരിടേണ്ടതായി വരുന്നു. ക്ഷമയില്ലാത്ത മനസുകളില്‍ നിന്നും, വെറുപ്പും വിദ്വേഷവും പകയും ജന്മം കൊള്ളുന്നു". പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
"മറ്റുള്ളവരുടെ തെറ്റുകള്‍ നമ്മള്‍ ക്ഷമിക്കുന്നത് തന്നെയാണ് സ്വര്‍ഗ്ഗത്തിലേക്ക് എത്തുവാനുള്ള ഏറ്റവും നല്ല വഴി. നമ്മള്‍ ആരുടെയെങ്കിലും കൈയില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍ കടം തന്നയാള്‍ ഇളവു ചെയ്താല്‍ നന്നായിരിക്കും എന്ന് നാം ആഗ്രഹിക്കും. എന്നാല്‍ നമ്മളുടെ കൈയില്‍ നിന്നും ആരെങ്കിലും പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നാം ഒരു ഇളവും ചെയ്തു നല്‍കുകയില്ല. നമ്മുടെ ഈ മനോഭാവം മാറണം. നാം ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെ സാക്ഷികളായി മാറണം. അങ്ങനെ ദൈവികകാരുണ്യം ലോകത്ത് പങ്കുവയ്ക്കപ്പെടണം". പിതാവ് തന്റെ സന്ദേശം ശ്രവിച്ച് കൊണ്ടിരിന്നവരെ ഉത്ബോധിപ്പിച്ചു.
ഫ്രാന്‍സിസ് അസീസി ക്ഷമയുടെ വക്താവായിരുന്നുവെന്ന കാര്യവും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. ‘പോര്‍സ്യൂങ്കൊള’ തീര്‍ത്ഥാടനത്തിലൂടെ ദൈവികാരുണ്യത്തിന്‍റെ കവാടമാണ് ലോകത്തിനു വിശുദ്ധ ഫ്രാന്‍സിസ് തുറന്നു തന്നത്. നിങ്ങളെയും എന്നെയും സകലരെയും ക്രിസ്തുവിന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ പാതയിലൂടെ പിതൃഗേഹത്തിലേയ്ക്ക് ആനയിക്കാന്‍ അസ്സീസിയിലെ വിശുദ്ധന്‍ ആഗ്രഹിച്ചു". പിതാവ് പറഞ്ഞു. കരുണയുടെ ഈ വര്‍ഷത്തില്‍ നാം നമ്മോടു തെറ്റു ചെയ്തവരോട് ക്ഷമിക്കണമെന്ന ആഹ്വാനത്തോടെയാണ് പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
നേരത്തെ അസീസിയിലെ 'സെന്റ് മേരീസ് ഓഫ് ദ എയ്ഞ്ചല്‍സ്' ദേവാലയത്തില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സിസ് അസീസി പ്രാര്‍ത്ഥിച്ചിരുന്ന 'പോര്‍സ്യുങ്കുള' ചാപ്പലില്‍ സന്ദര്‍ശനം നടത്തുകയും മൗനമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ ദേവാലയത്തില്‍ ചെലവഴിച്ച മാര്‍പാപ്പ 19 പേരെ കുമ്പസാരിപ്പിക്കുന്നതിനും സമയം കണ്ടെത്തി. പിന്നീട് തദ്ദേശീയ മത സാംസ്‌കാരിക നേതാക്കളെ കണ്ട മാര്‍പാപ്പ പെറുഗ്വയില്‍ നിന്നുള്ള മുസ്ലീം ഇമാമിനേയും പ്രത്യേകം സന്ദര്‍ശിച്ചു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക