Videos

"വാൾ അതിന്റെ ഉറയിലിടുക" | നോമ്പുകാല ചിന്തകൾ | അഞ്ചാം ദിവസം

പ്രവാചകശബ്ദം 16-02-2024 - Friday

"യേശു പത്രോസിനോട് പറഞ്ഞു: വാൾ ഉറയിലിടുക" (യോഹ 18:11).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: അഞ്ചാം ദിവസം ‍

യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത സമയത്ത് അവനോടു കൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കൽ നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും യേശുവിനെ ബന്ധിക്കുവാനായി അവിടെ വന്നിരുന്നു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ ശിമയോൻ പത്രോസ് വാൾ ഊരി പ്രധാനപുരോഹിതന്റെ ഭൃത്യനെ വെട്ടി അവൻറെ അവന്റെ വലതു ചെവി ഛേദിച്ചു കളഞ്ഞു. അപ്പോൾ "യേശു പത്രോസിനോട് പറഞ്ഞു: വാൾ ഉറയിലിടുക" (യോഹ 18:11) വാളെടുക്കുന്നവൻ വാളാൽ നശിക്കും (മത്തായി 26:52). അനന്തരം, യേശു അവന്റെ ചെവി തൊട്ട് അവനെ സുഖപ്പെടുത്തി (ലൂക്കാ 22:51).

അക്രമത്തിനും വാളിനും പകരമായി സ്നേഹവും സൗഖ്യവും നല്കുന്ന സത്യദൈവമാണ് യേശു എന്നു ലോകത്തിന് വെളിപ്പെടുത്തിയ ഒരു സംഭവമായിരുന്നു ഇത്. സഭാപിതാവായിരുന്ന മിലാനിലെ വിശുദ്ധ അംബ്രോസ് ഇതേക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്: "രക്ഷകന്റെ കരങ്ങളാൽ വേദന എപ്രകാരം ഇല്ലാതാകുന്നുവെന്നും, അവന്റെ സ്‌പർശനത്താൽ മുറിവുകൾ എങ്ങനെ സുഖപ്പെടുന്നുവെന്നും കാണുക. കളിമണ്ണ് അതിന്റെ സ്രഷ്ടാവിനെ തിരിച്ചറിയുന്നു. മാംസം അത് രൂപപ്പെടുത്തിയ കർത്താവിന്റെ കരങ്ങളെ അനുഗമിക്കുന്നു. എന്തെന്നാൽ സ്രഷ്ടാവ് തന്റെ സൃഷ്ടിയെ താൻ ആഗ്രഹിക്കുന്നതുപോലെ പുനഃസൃഷ്‌ടിക്കുന്നു... ഭൂമിയിലെ പൊടിയിൽ നിന്ന് നമ്മുടെ ശരീരത്തിലെ അവയവങ്ങളെ രൂപപ്പെടുത്തിയതും, അവയ്ക്കു നിയതമായ ദൗത്യങ്ങൾ ഏൽപ്പിച്ചതും മനസ്സിന്റെ ശക്തി നമ്മുക്കു നൽകിയതും അവനാണ് എന്നു വ്യക്തമാക്കാനായിരുന്നു ഇത്" (Exposition of the Gospel of Luke).

അതിനാൽ സത്യദൈവമായ യേശുക്രിസ്‌തു കൂടെയുള്ളപ്പോൾ നാം ഒരിക്കലും വാളെടുക്കേണ്ട ആവശ്യമില്ല എന്നു മാത്രമല്ല ഒരു ക്രിസ്തു ശിഷ്യൻ ഒരിക്കലും വാളെടുക്കുവാൻ പാടില്ല എന്നും ഈ സംഭവത്തിലൂടെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. വാൾ ഉറയിലിടുവാൻ ആവശ്യപ്പെട്ടതിനുശേഷം യേശു പറയുന്ന വാക്കുകൾ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "എനിക്ക് എന്റെ പിതാവിനോട് അപേക്ഷിക്കാൻ കഴിയുകയില്ലന്നും ഉടൻതന്നെ അവിടുന്ന് എനിക്കു തൻറെ ദൂതൻമാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരികയില്ലെന്നും നീ വിചാരിക്കുന്നുവോ? അങ്ങനെയെങ്കിൽ ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്ധ ലിഖിതം എങ്ങനെ നിറവേറും?" (മത്തായി 26:53-54).

ഈ നോമ്പുകാലത്ത് നമ്മുക്ക് ഒരു നല്ല തീരുമാനമെടുക്കാം: വാക്കുകൾകൊണ്ടോ പ്രവർത്തികൾകൊണ്ടോ മറ്റുള്ളവരെ കീഴ്‌പ്പെടുത്തുവാൻ നാം ഒരുക്കിവച്ചിരിക്കുന്ന നമ്മുടെ വാളുകൾ നമ്മുക്ക് അതിന്റെ ഉറയിലിടാം. എല്ലാറ്റിനെയും പുനഃസൃഷ്‌ടിക്കുവാനും സഖ്യപ്പെടുത്തുവാനും കഴിയുന്ന ക്രിസ്‌തു നമ്മുടെ കൂടെയുള്ളപ്പോൾ നാം ആരെ ഭയപ്പെടണം. വിശുദ്ധ പൗലോസ് ശ്ലീഹായോട് ചേർന്ന് നമ്മുക്കും പറയാം "ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമ്മുക്ക് എതിരു നിൽക്കും?" (റോമാ 8:31).

More Archives >>

Page 1 of 28