News - 2024

ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 10-04-2024 - Wednesday

ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ. സെപ്തംബർ 3 മുതൽ 6 വരെ ഫ്രാന്‍സിസ് പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുമെന്ന് ഇന്തോനേഷ്യന്‍ എപ്പിസ്കോപ്പൽ കോൺഫറൻസ് (കെഡബ്ല്യുഐ) പ്രസിഡന്‍റും ജക്കാർത്ത ആർച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദർശനം 2020-ൽ തീരുമാനിച്ചിരിന്നതാണ്. എന്നാൽ കോവിഡ് -19 മഹാമാരിയെ തുടര്‍ന്നു യാത്ര റദ്ദാക്കുകയായിരിന്നു. വത്തിക്കാനും ഇന്തോനേഷ്യൻ സർക്കാരും തമ്മിൽ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ സന്ദര്‍ശനം നടത്തുവാന്‍ തീരുമാനമായിരിക്കുന്നത്.

ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം, സെപ്റ്റംബറിൽ ക്രമീകരിച്ചിരിക്കുന്ന സന്ദർശനം ഒരു മാര്‍പാപ്പ നടത്തുന്ന മൂന്നാമത്തെ സന്ദർശനമായിരിക്കും. ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തിലേക്ക് ആദ്യമായി സന്ദര്‍ശനം നടത്തിയത് പോൾ ആറാമൻ പാപ്പയായിരിന്നു. 1970 ഡിസംബർ 3-നായിരിന്നു സന്ദര്‍ശനം. 1989 ഒക്ടോബർ 8 മുതൽ 12 വരെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചു. ജക്കാർത്ത സ്റ്റേഡിയത്തിൽ അന്ന് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. വടക്കൻ സുമാത്ര, ജാവ ഉള്‍പ്പെടെയുള്ള മേഖലകളിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അന്നു സന്ദര്‍ശനം നടത്തി.

ഇന്തോനേഷ്യ സ്വതന്ത്രമായ നാള്‍ മുതല്‍ വത്തിക്കാനുമായി നല്ല ബന്ധമുണ്ട്. 1947ൽ പരിശുദ്ധ സിംഹാസനം ജക്കാർത്തയിൽ നയതന്ത്ര ദൗത്യം ആരംഭിച്ചു. 1950-നും 1960-നും ഇടയിൽ, ആദ്യത്തെ പ്രസിഡൻ്റ് സുകാർണോ വത്തിക്കാനിൽ മൂന്ന് ഔദ്യോഗിക സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. 1956-ൽ പയസ് പന്ത്രണ്ടാമൻ, 1959-ൽ ജോൺ ഇരുപത്തിമൂന്നാമൻ, 1964-ൽ പോൾ ആറാമൻ എന്നി പാപ്പമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു. നിലവിലെ പ്രസിഡൻ്റ് ജോക്കോ വിഡോഡോ വത്തിക്കാനിൽ സന്ദര്‍ശനം നടത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാഷ്ട്രമാണ് ഇന്തോനേഷ്യ. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 87.02% ആളുകളാണ് ഇസ്ലാം മതം പിന്തുടരുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കര്‍.

More Archives >>

Page 1 of 953