News - 2024

പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥ ശക്തി | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 17

പ്രവാചകശബ്ദം 17-05-2024 - Friday

മറിയത്തെ ഭക്തിയോടെ വിളിച്ചപേക്ഷിക്കുവിൻ നിങ്ങളുടെ കാര്യങ്ങളിൽ അവൾ ശ്രദ്ധിക്കാതിരിക്കില്ല കാരണം അവൾ കാരുണ്യത്തിന്റെ അമ്മയാണെന്ന് വിശുദ്ധ ബർണാഡ് പറയുന്നു. ദൈവത്തിൽ നിന്ന് നാം ആഗ്രഹിക്കുന്ന എല്ലാ നല്ല കാര്യങ്ങളും കന്യകയായ അമ്മയുടെ ശക്തിയേറിയ മാധ്യസ്ഥതയിലൂടെ ദൈവത്തിൽനിന്ന് സ്വീകരിക്കണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഈശോ കുരിശിൽ കിടന്നുകൊണ്ട് യോഹന്നാന് തന്റെ അമ്മയെ നൽകിയത്.

വിശുദ്ധ അൽഫോൻസ് ലിഗോരിയോട് ഒരിക്കൽ ഈശോ പറഞ്ഞു, എന്റെ അമ്മയുടെ ഏതൊരു ആഗ്രഹവും ഞാൻ നിർവഹിച്ചു കൊടുക്കും ഈ ലോകത്തിലെ ഏറ്റവും വലിയ പാപിയെ ഏറ്റവും വലിയ വിശുദ്ധനാക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടാലും അതും ഞാൻ സാധിച്ചു കൊടുക്കും. കാരണം ഞാൻ ഭൂമിയിൽ ആയിരുന്നപ്പോൾ എന്റെ അമ്മ എന്റെ ചെറിയ ഒരു ആഗ്രഹം പോലും എനിക്ക് നിഷേധിച്ചിട്ടില്ല. അതിനാൽ ഞാനും അമ്മയ്ക്ക് യാതൊന്നും നിഷേധിക്കുകയില്ല.

പരിശുദ്ധ മറിയത്തിൽ നിന്നാണ് നമ്മൾ ഈശോയെ സ്വീകരിച്ചതും ഈശോമിശിഹായുടെ യോഗ്യതകളിൽ നിന്നാണ് നമുക്ക് എല്ലാ കൃപകളും ലഭിക്കുന്നത്. മറ്റ് എല്ലാ സൃഷ്ടികളെക്കാളും ഉപരിയായി ദൈവത്തെ അനുസരിച്ച് പരിശുദ്ധ മറിയമാണ് അതിനാൽ അവൾ അപേക്ഷിക്കുന്ന യാതൊരു കാര്യവും ദൈവത്തിന് നിരസിക്കാൻ സാധ്യമല്ല. പല മിസ്റ്റിക്കുകൾക്കും ഈശോ ഈ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഗബ്രിയേല ബോസീസ് എന്ന മിസ്റ്റിക്കിനോട് ഈശോ പറഞ്ഞു നിങ്ങളെല്ലാം എന്റെ അമ്മയോട് പറയുക. അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുക എന്റെ അടുക്കൽ എത്താനുള്ള ഏറ്റവും എളുപ്പമാർഗം എന്റെ ഏറ്റവും പരിശുദ്ധയായ അമ്മയാണ്. മത്തായി 20/20ൽ സെബദി പുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരെ ഈശോയുടെ വലതും ഇടതും ഇരുത്തുന്ന കാര്യം ഈശോയോട് അപേക്ഷിക്കുന്ന ഭാഗമാണ്.

സ്വന്തം മക്കൾക്ക് വേണ്ടിയുള്ള അമ്മ ഈശോയോട് ശുപാർശ ചെയ്യുമ്പോൾ അത് പിതാവിന്റെ അധികാരത്തിലുള്ളതാണ് എന്നാണ് ഈശോ മറുപടി നൽകുന്നത്. ഈശോയുടെ കൂടെ എപ്പോഴും നടന്നിരുന്ന യാക്കോബ് യോഹന്നാനും ഈശോയുടെ കൂടെ നടന്നിട്ടും അവിടുത്തെ പ്രത്യേകതകൾ അറിയാതെ പോയില്ലേ? ഈ പ്രതികരണം ഈശോയുടെ അമ്മയുടെ അടുത്ത് എത്തിച്ചിരുന്നെങ്കിൽ ഈശോയുടെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല. ഈശോ ശരിക്കും കുഴങ്ങി പോകുമായിരുന്നു ഈശോയ്ക്ക് സ്വന്തം അമ്മയോട് No പറയാൻ എങ്ങനെ കഴിയും.

ഈശോയ്ക്ക് അമ്മയോട് No പറയാൻ കഴിയുകയില്ല എന്ന് കാനായിലെ കല്യാണത്തിന് ശിഷ്യന്മാർ കണ്ടതാണ്. ആ സംഭവം അവർ ഓർമ്മിച്ചിരുന്നെങ്കിൽ അതിൽ നിന്നും പഠിച്ചിരുന്നെങ്കിൽ അവർ തീർച്ചയായും പരിശുദ്ധ അമ്മ വഴി ഈശോയെ സമീപിക്കുമായിരുന്നു. ആരോട് സംസാരിക്കണമോ അവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളവർ വഴി ഇടപെടുമ്പോഴാണ് ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനം ലഭിക്കുക. ഈശോയുടെ അടുക്കൽ ഏറ്റവും അധികം സ്വാധീനശക്തിയുള്ളത് പരിശുദ്ധ അമ്മയ്ക്ക് അല്ലാതെ മറ്റാർക്കാണ്?

വിശുദ്ധ ബർണാഡിന്റെ അഭിപ്രായപ്രകാരം രാജാവിനാൽ അയക്കപ്പെടുന്ന ഓരോ കൽപ്പനയും കൊട്ടാരത്തിന്റെ കവാടത്തിലൂടെ വരുന്നതുപോലെ നിനക്കുള്ളതെല്ലാം പരിശുദ്ധ മറിയത്തിൽ നിന്ന് സ്വീകരിക്കണമെന്നനിലയിൽ അതെല്ലാം പരിശുദ്ധ മറിയത്തിന് കൊടുത്തിരിക്കുന്നു അഥവാ സ്വർഗ്ഗത്തിൽ നിന്ന് ലോകത്തിലേക്ക് വരുന്ന ഓരോ കൃപയും പരിശുദ്ധ മറിയത്തിന്റെ കരങ്ങളിലൂടെ കടന്നു പോകണം.

മറിയം സ്വർഗ്ഗത്തിന്റെ കവാടം ആണെങ്കിൽ മറിയത്തിലൂടെ കടന്നുപോകാതെ ആർക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക സാധ്യമല്ല. പരിശുദ്ധ മറിയം ആഗ്രഹിക്കുന്നവർക്ക് എല്ലാം താൻ ആഗ്രഹിക്കുമ്പോൾ താൻ ഇഷ്ടപ്പെടുന്ന രീതിയിൽ എല്ലാ ദാനങ്ങളും,എല്ലാ പുണ്യങ്ങളും, എല്ലാ കൃപകളും,തന്നിലൂടെ വിതരണം ചെയ്യുന്നു. അതിനാൽ അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ ശക്തിയിൽ നമുക്ക് അഭയം തേടാം.


Related Articles »