News

1500 വർഷങ്ങൾക്ക് മുന്‍പ് വിശുദ്ധ നാട്ടിലേക്ക് ക്രൈസ്തവര്‍ തീർത്ഥാടനങ്ങള്‍ നടത്തിയതിന് തെളിവുമായി ഇസ്രായേൽ ഗവേഷകര്‍

പ്രവാചകശബ്ദം 24-05-2024 - Friday

ജെറുസലേം: 1500 വർഷങ്ങൾക്ക് മുന്‍പ് വിശുദ്ധ നാട്ടിലേക്ക് ക്രിസ്ത്യൻ തീർത്ഥാടനങ്ങള്‍ നടന്നതിന് തെളിവുമായി ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകർ. ഇന്നലെ മെയ് 23 ന് ആൻറിക്വിറ്റീസ് അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ കണ്ടെത്തലുകളുള്ളത്. വടക്കൻ നെഗേവ് മരുഭൂമിയിൽ ബൈസൻ്റൈൻ കാലഘട്ടത്തിൽ കപ്പലുകൾ പ്രദർശിപ്പിക്കുന്ന ചുമർചിത്രങ്ങളുള്ള ഒരു പള്ളി ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. നഗര വിപുലീകരണ പദ്ധതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ പുരാവസ്തു അതോറിറ്റി വർഷങ്ങളായി ഖനനം നടത്തിയിരുന്ന ബെഡൂയിൻ നഗരമായ റാഹത്തിൻ്റെ തെക്ക് ഭാഗത്തായിരുന്നു കണ്ടെത്തൽ.

ഖനനം ചെയ്ത സ്ഥലം ബൈസൻ്റൈൻ കാലഘട്ടത്തിൻ്റെ അവസാനത്തിലും ഇസ്ലാമിക കാലഘട്ടത്തിൻ്റെ തുടക്കത്തിലും വടക്കൻ നെഗേവ് മരുഭൂമിയിലെ വാസസ്ഥലമായിരിന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൗതുകമുണർത്തുന്ന ഈ ചിത്രങ്ങൾ ഗാസ തുറമുഖത്തേക്ക് കപ്പലിൽ എത്തിയ ക്രിസ്ത്യൻ തീർത്ഥാടകർ ഉപേക്ഷിച്ചതാകാമെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. അവരുടെ തീര്‍ത്ഥാടനത്തിലെ ആദ്യത്തെ ഉൾനാടൻ ഇടത്താവളം റാഹത്ത് പള്ളിയായിരുന്നു. ഇവിടെ നിന്നാണ് രാജ്യത്തുടനീളമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തിയതെന്നും ഗവേഷകര്‍ പറയുന്നു.

പുരാതന തുറമുഖമായ ഗാസയിൽ നിന്ന് അര ദിവസത്തെ കാൽനടയാത്ര മാത്രമേയുള്ളൂ, തീരത്ത് നിന്ന് നെഗേവിൻ്റെ പ്രധാന നഗരമായ ബിയർ ഷെവയിലേക്ക് നയിക്കുന്ന പുരാതന റോഡിലാണ് കണ്ടെത്തിയ പള്ളി സ്ഥിതി ചെയ്യുന്നത്. ജെറുസലേമിലെയും ബെത്‌ലഹേമിലെയും ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളിലും നെഗേവ് കുന്നുകളിലും സീനായിലുമുള്ള ആശ്രമങ്ങളിലും എത്തിച്ചേരാൻ ക്രിസ്ത്യൻ തീർത്ഥാടകർ ഈ പാത തെരഞ്ഞെടുത്തുവെന്ന് ഉദ്ഘനനത്തിന്റെ ഡയറക്ടർമാരായ ഡോ. ഒറെൻ ഷ്മുവേലി, ഡോ. എലീന കോഗൻ-സെഹാവി, ഇസ്രായേൽ പുരാവസ്തു അതോറിറ്റിക്ക് വേണ്ടി ഡോ. നോ ഡേവിഡ് മൈക്കൽ, ഹൈഫ യൂണിവേഴ്സിറ്റി ഓഫ് മാരിടൈം സിവിലൈസേഷൻസ് ഡിപ്പാർട്ട്‌മെൻ്റിലെ പ്രൊഫസർ ഡെബോറ സിവികെൽ എന്നിവർ പ്രസ്താവിച്ചു.

പാറയിൽ വരച്ച കപ്പലുകൾ ഗാസ തുറമുഖത്തേക്ക് കപ്പലിൽ എത്തുന്ന ക്രിസ്ത്യൻ തീർത്ഥാടകരുടെ അഭിവാദ്യത്തിന്റെ പ്രതീകമാണ്. പള്ളി സന്ദർശിച്ച തീർഥാടകർ അതിൻ്റെ ചുവരുകളിൽ കപ്പൽ ഡ്രോയിംഗുകളുടെ രൂപത്തിൽ അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചു. കപ്പൽ തീർച്ചയായും ഒരു പഴയ ക്രിസ്ത്യൻ പ്രതീകമാണ്. എന്നാൽ ഈ സാഹചര്യത്തിൽ, തീർത്ഥാടകർ വിശുദ്ധ നാട്ടിലേക്ക് യാത്ര ചെയ്ത യഥാർത്ഥ കപ്പലുകളുടെ യഥാർത്ഥ ഗ്രാഫിക്കൽ ചിത്രീകരണമാണിതെന്നും ഗവേഷകര്‍ പറയുന്നു. ഇസ്ലാം മതത്തിന് മുന്‍പ് വിശുദ്ധ നാട്ടിലേക്ക് ക്രൈസ്തവര്‍ നടത്തിയ തീര്‍ത്ഥാടനത്തിന് ആയിരത്തിഅഞ്ഞൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

More Archives >>

Page 1 of 966