News - 2024

ലോക സമാധാനത്തിനായി നാളെ ലാറ്റിൻ അമേരിക്കയില്‍ 'ഭൂഖണ്ഡ ജപമാല'

പ്രവാചകശബ്ദം 30-05-2024 - Thursday

ബൊഗോട്ട: ലോക സമാധാനത്തിനായി നാളെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ. മേഖലയിലെ എല്ലാ വിശ്വാസികളെയും ലോക സമാധാനത്തിനായി ഭൂഖണ്ഡത്തില്‍ നടത്തപ്പെടുന്ന വിശേഷാല്‍ ജപമാല സമര്‍പ്പണത്തില്‍ പങ്കെടുക്കണമെന്ന് മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. നാളെ മെയ് മാസത്തിലെ മരിയന്‍ വണക്കത്തിന് സമാപനം കുറിക്കുന്ന 31നാണ് ജപമാലയജ്ഞം നടക്കുക. 'ഭൂഖണ്ഡ ജപമാല' എന്നാണ് പ്രാര്‍ത്ഥനാദിനാചരണത്തിന് പേര് നല്‍കിയിരിക്കുന്നത്.

നാളെ വെള്ളിയാഴ്ചയാണെങ്കിലും പ്രകാശത്തിന്റെ രഹസ്യങ്ങള്‍ ചൊല്ലിയായിരിക്കും പ്രാര്‍ത്ഥിക്കുക. ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലിന് കീഴിലുള്ള അർജൻ്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ക്യൂബ, ഇക്വഡോര്‍, എൽ സാൽവഡോര്‍, ഗ്വാട്ടിമാല, ഡൊമിനിക്കൻ, ഹെയ്തി, ഹോണ്ടുറാസ്, മെക്സിക്കോ, നിക്കരാഗ്വേ, പനാമ, പെറു, ഉറുഗ്വേ, വെനിസ്വേല, ആൻ്റിലീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ജപമാലയജ്ഞത്തില്‍ പങ്കുചേരും.

മരിയന്‍ മാസത്തിന്റെ സമാപനത്തില്‍, വിശുദ്ധമായ തിരുവെഴുത്തുകളെ ധ്യാനിക്കാൻ എല്ലാ ദൈവജനത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് സമിതി വ്യക്തമാക്കി. 1955-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ആരംഭം കുറിച്ച ലാറ്റിനമേരിക്കൻ കരീബിയൻ എപ്പിസ്കോപ്പൽ കൗൺസിൽ, CELAM എന്നാണ് അറിയപ്പെടുന്നത്. കൊളംബിയയിലെ ബൊഗോട്ടയിലാണ് ആസ്ഥാനം.

'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 967