News - 2024

പരിശുദ്ധ അമ്മയുടെ കരം പിടിച്ച് നടന്ന വിശുദ്ധർ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 29

സി.റെറ്റി FCC 29-05-2024 - Wednesday

വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതം അനുസരിച്ച് രൂപപ്പെടുത്തുന്നതിലും പരിശുദ്ധ കന്യകാമറിയത്തിനുള്ള പങ്ക് അതുല്യമാണ്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ ദൈവവിളിയിൽ പരിശുദ്ധ കന്യകാമറിയം ഇടപെടുന്നത് കാണാം. ആറുമാസം പ്രായമായപ്പോൾ മാതാപിതാക്കൾ അദ്ദേഹത്തെ വെച്ചൂർ പള്ളിയിൽ കൊണ്ടുപോയി അമലോൽഭവമാതാവിന് അടിമ വച്ചു.അപ്പോൾ വികാരിയച്ചൻ അമ്മയോട് പറഞ്ഞു". ഇനി ഇവൻ നിന്റെ മകൻ അല്ല പരിശുദ്ധ അമ്മയുടെ മകനാണ്, ദൈവജനനിയുടെ മകനായി ഇവനെ വളർത്തണം". മാതാവിന്റെ ദാസനാണ് നീ എന്ന് അമ്മ കൂടെക്കൂടെ മകനെ ഓർമ്മിപ്പിച്ചിരുന്നു. മരണംവരെ അമ്മ സെപ്റ്റംബർ എട്ടിന് വെച്ചൂർ പള്ളിയിൽ പോയി. കുര്യാക്കോസച്ചൻ അടിമ നേർച്ച പുതുക്കി.

വിശുദ്ധ മറിയം ത്രേസ്യ പതിനാറാമത്തെ വയസ്സിൽ തന്റെ അമ്മ മരിച്ചപ്പോൾ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു:" എന്റെ അമ്മേ ഞാൻ അമ്മയുടെ മകളായി ജീവിച്ചു കൊള്ളാം അമ്മയുടെ അന്തസ്സിന് ചേരാത്തത് ഒന്നും ഈ മകളിൽനിന്ന് ഉണ്ടാകാതെ എന്നെ കാത്തുകൊള്ളണേ".

പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് പരിശീലനം നേടിയ പുണ്യ ശ്രേഷ്ഠനാണ് വിശുദ്ധ ഇഗ്നേഷ്യസ് ലയോള. യുദ്ധത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ ഒരു രാത്രി പരിശുദ്ധ കന്യകാ മറിയം ഉണ്ണീശോയുമായി പ്രത്യക്ഷപ്പെട്ടു, തുടർന്നും പല പ്രാവശ്യം ദർശനം ആവർത്തിക്കപ്പെട്ടപ്പോൾ അമ്മയും ഉണ്ണീശോയും ഏറെ കാര്യങ്ങൾ ഇഗ്നേഷ്യസിനു പറഞ്ഞുകൊടുത്തു. ആ ദിവ്യ പ്രേരണയാലാണ് ഇഗ്നേഷ്യസ് 1522 ഫെബ്രുവരിയിൽ എല്ലാ ഉപേക്ഷിച്ച് തീർത്ഥയാത്ര ആരംഭിച്ചതും ആദ്യമേ മൗണ്ട് സെറാറ്റ് എന്ന മലയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ദേവാലയത്തിലേക്ക് പോയി അവിടെവെച്ച് പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പണം നടത്തിയതും.

വിശുദ്ധ അലോഷ്യസ് ഗോൺസാഗെയുടെ ദൈവവിളിയിലും പരിശുദ്ധ അമ്മയുടെ സഹായം വ്യക്തമാണ്. തന്റെ അവകാശങ്ങളും സ്ഥാനമാനങ്ങളും സ്വത്തും മുഴുവൻ പരിത്യജിച്ച് ആ ചെറുപ്പക്കാരൻ തിടുക്കത്തിൽ പോകുന്നത് ലൊരെറ്റോ മാതാവിന്റെ തിരുസ്വരൂപത്തിന്റെ അടുത്തേക്കാണ്. മാതാവിന്റെ മുൻപിൽ മുട്ടുകുത്തി അവൻ ഇങ്ങനെ പറഞ്ഞു:" അമ്മേ മാതാവേ അങ്ങ് തന്ന ജീവിതമാണിത്. ഇപ്പോൾ ഇതാ എന് റെ ജീവിതത്തിന് രൂപാന്തരം സംഭവിക്കാൻ പോകുന്നു. അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്റെ സ്വന്തം അമ്മയായി എന്നെ സ്നേഹിക്കണമേ ".

ദാരിദ്ര്യത്തിന്റെ കഠിനയാതനയിൽ കഴിഞ്ഞിരുന്ന ജോസഫ് സാർത്തോ എന്ന കൊച്ചു മുടുക്കന് വൈദികൻ ആകാൻ ആഗ്രഹം, എന്നാൽ പഠന ചെലവ് താങ്ങാൻ അവൻ്റെ ദരിദ്ര കുടുംബത്തിനു സാധിക്കുമായിരുന്നില്ല. അവൻ തന്റെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തൃപ്പാദത്തിങ്കൽ തുറന്നുവച്ചു കണ്ണീരോടെ പ്രാർത്ഥിച്ചു: "എന്റെ നല്ല അമ്മയെ ഈശോയ്ക്കും അമ്മയ്ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു വൈദികൻ ആകാൻ എന്നെ സഹായിക്കണമേ".

തുടർന്ന് രൂപതയിൽ പഠനത്തിനായി അപേക്ഷ സമർപ്പിച്ചു എല്ലാ ദിവസവും നിയോഗം വെച്ച് പ്രാർത്ഥിക്കുകയും ചെയ്തു പരിശുദ്ധ കന്യകാമറിയാം ഇടപെട്ടു, രൂപത അധികാരികൾ അദ്ദേഹത്തിന് സ്കോളർഷിപ്പ് നൽകി. അങ്ങനെ ജോസഫ് സാർത്തോ എന്ന ബാലൻ വൈദീകനും പിന്നീട് സഭയെ നയിച്ച വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുമായി.

തന്റെ ജീവിതവും ദൈവവിളിയും പൂർണമായും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് കരോൾ ജോസഫ് വോയ്‌റ്റിവാ ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു:" അമ്മേ ഞാൻ പൂർണ്ണമായും അമ്മയുടെതാണ്, എന്റെ സമസ്തവും നിന്റേതാണ്, എന്റെ സർവ്വതിലും നിന്നെ ഞാൻ സ്വീകരിക്കുന്നു, മറിയമേ നിന്റെ ഹൃദയം എനിക്ക് തരിക. ദിവ്യരക്ഷകര സഭൂടെ സ്ഥാപകനായ അൽഫോൻസ് ലിഗോരി പ്രശസ്തനായഒരു അഭിഭാഷകനായിരുന്നു. 1729 ഓഗസ്റ്റ് എട്ടാം തീയതി ഇറ്റലിയിലെ നേപ്പിൾസിലെ തീരാ രോഗികൾക്കായുള്ള ആതുരാലയത്തിൽ ശുശ്രൂഷ ചെയ്തു വരവേ ഒരു അത്ഭുത പ്രകാശം തന്നെ വലയം ചെയ്യുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു.

ഒരു സ്വരവും കേട്ടു. " ലോകത്തെ ഉപേക്ഷിക്കുക നിന്റെ ജീവിതം എനിക്കായി സമർപ്പിക്കുക". ഒരിക്കൽ കൂടി ആ സ്വരം ആവർത്തിക്കപ്പെട്ടപ്പോൾ അൽഫോൻസ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി 'വീണ്ടെടുപ്പ് നാഥ'യുടെ ദേവാലയത്തിലേക്ക് പോയി. അവിടെയെത്തി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന് മുൻപിൽ മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു:" അമ്മേ എന്റെ അവകാശങ്ങളും മോഹങ്ങളും എല്ലാം ഞാൻ ഉപേക്ഷിക്കുന്നു, ലോക സുഖങ്ങളെല്ലാം ഈശോയെ പ്രതി ഞാനിതാ ത്യജിക്കുന്നു, ഒരു പുരോഹിതനായി ജീവിച്ചുകൊണ്ട് ജീവിതകാലം മുഴുവൻ ഈശോയ്ക്ക് ഞാൻ അടിയറവു വയ്ക്കാം എന്നെ അനുഗ്രഹിക്കണമേ".

ശാരീരിക വളർച്ചയിൽ ഭൗമിക മാതാവ് സഹായിക്കുന്നതിലും ഉപരിയായി കുറവുകൾ ഇല്ലാത്ത വിധം ആത്മീയ വളർച്ചയിൽ നമ്മെ സഹായിക്കുന്നവളാണ് പരിശുദ്ധ അമ്മ. അവൾ മക്കളെ തന്റെ തിരുക്കുമാരന്റെ തിരുഹൃദയത്തിന് അനുരൂപരാക്കുന്നു. പരിശുദ്ധ അമ്മയ്ക്കായി ആത്മാർത്ഥമായി സമർപ്പിച്ചവർ ആരും വിശുദ്ധരായി തീരാതിരുന്നിട്ടില്ല.

തന്റെ പ്രാർത്ഥനയാൽ മാത്രമല്ല സാന്നിധ്യത്താലും നമ്മെ സഹായിക്കാൻ പരിശുദ്ധ അമ്മയ്ക്ക് കഴിയും. മക്കളുടെ അടുത്തായിരിക്കുന്ന അമ്മയെപ്പോലെ സ്വർഗീയ അമ്മയ്ക്ക് നമ്മുടെ അടുത്തായിരിക്കാൻ പ്രത്യേക സിദ്ധിയുണ്ട്. ആ പ്രത്യേക വരം ഉപയോഗിച്ച് പരിശുദ്ധ അമ്മ നമ്മുടെ അടുത്തുവന്ന് നമ്മെ സഹായിക്കുന്നു. ആ അമ്മ സ്വന്തം അമ്മയാണെന്നുള്ള ദൈവീക ജ്ഞാനം വിശുദ്ധാത്മാക്കളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു. വിശുദ്ധ ചെറുപുഷ്പം പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന് മുൻപിൽ ചെന്ന് ഇങ്ങനെ പറയുമായിരുന്നു: "അമ്മേ ഞാനാണ് നിന്നെക്കാൾ ഭാഗ്യവതി എന്തുകൊണ്ടെന്നാൽ ഇത്രയേറെ മഹത്വപൂർണ്ണയും സുകൃതസമ്പന്നയുമായ അമ്മ എനിക്കുണ്ടല്ലോ നിനക്ക് ആകട്ടെ അങ്ങനെയൊരു അമ്മ ഇല്ലല്ലോ".

ദൈവമാതാവ് നമ്മുടെ അമ്മയായിരിക്കുന്നു എന്നത് മക്കളായ നമ്മുടെ ഭാഗ്യമാണ്. മാലാഖമാർക്കും മുഖ്യദൂതന് പോലും ലഭിക്കാത്ത ഭാഗ്യം മനുഷ്യ മക്കൾക്ക് ലഭിച്ചിരിക്കുന്നു. മാതൃസ്നേഹക്കുറവിൽ മനുഷ്യ മക്കൾക്ക് ആശ്രയിക്കാൻ ഒരു സ്വർഗീയ അമ്മയെ നൽകിയ ദൈവത്തിന്റെ കാരുണ്യം എത്രയോ വലുത്. ആ സ്നേഹത്തെ നമുക്കു വാഴ്ത്താം. വിശുദ്ധരെപ്പോലെ അമ്മ മാതാവിൻ്റെ കരങ്ങളിൽ പിടിച്ചു നമ്മുടെ ജീവിതയാത്രയും സഫലമാക്കാം.

'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 968