News - 2024

ഹോളി സേവ്യര്‍ പള്ളി മോസ്കാക്കി മാറ്റിയതില്‍ വിമര്‍ശനവുമായി യൂറോപ്യൻ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 29-05-2024 - Wednesday

ബ്രസൽസ്: ഇസ്‌താംബൂൾ നഗരപ്രാന്തത്തില്‍ നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഹോളി സേവ്യര്‍ പള്ളി മോസ്കാക്കി മാറ്റിയതിനെ വിമർശിച്ച് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ കേന്ദ്രസമിതി. തുർക്കിയുടെ ചരിത്രത്തെയും അതിൻ്റെ ക്രൈസ്‌തവ വേരുകളെയും തമസ്ക‌രിക്കുന്നതും മതസൗഹാർദ്ദത്തിനുവേണ്ടി തുർക്കി സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളുടെ വിശ്വാസ്യത തകർക്കുന്നതുമാണ് ഈ നീക്കമെന്ന് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ കേന്ദ്രസമിതി കുറ്റപ്പെടുത്തി.

രാജ്യത്തെ ക്രിസ്ത്യൻ സാന്നിധ്യത്തിൻ്റെ ചരിത്രപരമായ വേരുകൾ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണിതെന്നും മതപരമായ സഹവർത്തിത്വം കൂടുതൽ ദുഷ്കരമാക്കുന്ന ഖേദകരമായ തീരുമാനമാണിതെന്നും ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസ്താവിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയം, എഡി 534ൽ ബൈസന്‍റൈന്‍ വാസ്തുകലയെ ആധാരമാക്കിയാണ് നിര്‍മ്മിച്ചത്.

നിരവധി മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിന്റെ ചുമരിലുണ്ടായിരിന്നു. പല ചിത്രങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കിയപ്പോൾ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവര്‍ കൈയടക്കുകയായിരിന്നു. 1511ൽ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനമെടുക്കുന്നത്.

എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബർ മാസം ഭരണകൂടത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളുന്ന തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടര്‍ന്നാണ് ക്രിസ്തീയ ദേവാലയത്തില്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടത്താന്‍ 2020 ഒക്ടോബർ 30 വെള്ളിയാഴ്ച ഭരണകൂടം തീരുമാനമെടുക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഈ മാസം ആദ്യവാരത്തിലാണ് കോറ പള്ളിയെ മോസ്‌കാക്കി മാറ്റി അവിടെ ഇസ്ലാം മത ചടങ്ങുകൾ ആരംഭിച്ചത്. ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ പ്രതിഷേധം വകവെയ്ക്കാതെയായിരിന്നു നടപടി.

'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 967