News

വാല്‍സിംഗ്ഹാം ഓർഡിനേറിയേറ്റിന്റെ ആദ്യത്തെ ബിഷപ്പായി ഡേവിഡ് വാലറിന്റെ മെത്രാഭിഷേകം

പ്രവാചകശബ്ദം 26-06-2024 - Wednesday

വത്തിക്കാന്‍ സിറ്റി: ബ്രിട്ടനില്‍ ആംഗ്ലിക്കന്‍ വിശ്വാസത്തിൽ നിന്ന് പരിവർത്തനം ചെയ്ത കത്തോലിക്കർക്കായുള്ള വാല്‍സിംഗ്ഹാം ഓർഡിനേറിയേറ്റിൻ്റെ ആദ്യത്തെ ബിഷപ്പായി ഡേവിഡ് വാലറിന്റെ മെത്രാഭിഷേകം നടന്നു. ജൂൺ 22 ശനിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിലാണ് സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്. വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രിഫെക്റ്റ്, കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായി.

ആംഗ്ലിക്കൻ സഭയില്‍ നിന്നു കത്തോലിക്ക വിശ്വാസത്തിലേക്ക് വരുന്ന മെത്രാന്മാരെയും വൈദികരെയും സ്വാഗതം ചെയ്യുന്നതിനായി, 2011-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലത്ത് സ്ഥാപിതമായ ഓർഡിനേറിയേറ്റിന്റെ ഭാഗമായുള്ള ശുശ്രൂഷകളാണ് ശനിയാഴ്ച നടന്നത്. ബെനഡിക്ട് പാപ്പ അപ്പസ്‌തോലിക് കോൺസ്റ്റിറ്റ്യൂഷനു കീഴിൽ സ്ഥാപിച്ചതാണ് 'പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം'. കത്തോലിക്കാ സഭയുമായി കൂട്ടായ്മയിൽ ഏർപ്പെട്ടിട്ടുള്ള ആംഗ്ലിക്കൻ സഭാംഗങ്ങളായിരിന്നവരുടെ ഒരു രൂപത പോലെയുള്ള ഘടനയാണ് ഇത്. മോണ്‍. കീത്ത് ന്യൂട്ടൻ്റെ പിൻഗാമിയായി ഔർ ലേഡി ഓഫ് വാൽസിംഗ്ഹാമിന്റെ ആദ്യത്തെ ബിഷപ്പായാണ് ഡേവിഡ് വാലര്‍ നിയമിതനായിരിക്കുന്നത്. മോണ്‍. കീത്ത് വൈദികനായിരിന്നെങ്കിലും വിവാഹിതനായതിനാല്‍ മെത്രാന്‍ പട്ടം ലഭിച്ചിരിന്നില്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി ആംഗ്ലിക്കന്‍ ബിഷപ്പുമാരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓർഡിനറിയേറ്റ് ആരംഭിച്ചതിനുശേഷം കുറഞ്ഞത് 15 മുൻ ആംഗ്ലിക്കൻ മെത്രാന്മാരെങ്കിലും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിട്ടുണ്ട്. 2021ൽ മാത്രം നാല് മെത്രാന്മാരാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇതിൽ കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൈക്കിൾ നാസർ അലിയും ഉൾപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലെ വെയിൽസിലെ മോൺമൗത്ത് ആംഗ്ലിക്കൻ രൂപതയുടെ മെത്രാനായിരുന്ന റിച്ചാർഡ് പെയിൻ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരികയാണെന്ന് പ്രഖ്യാപിച്ചിരിന്നു.

More Archives >>

Page 1 of 974