News - 2024

ഫ്രാൻസിസ് പാപ്പയുടെ ബെൽജിയം, ലക്സംബർഗ് യാത്രകളുടെ ആപ്തവാക്യവും ലോഗോയും പ്രസിദ്ധീകരിച്ചു

പ്രവാചകശബ്ദം 26-06-2024 - Wednesday

വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ മാസത്തില്‍ നടക്കാനിരിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ബെൽജിയം, ലക്സംബർഗ് യാത്രകളുടെ ആപ്തവാക്യവും അടയാളചിഹ്നവും പ്രസിദ്ധീകരിച്ചു. 26 മുതൽ 29 വരെയാണ് ഫ്രാന്‍സിസ് പാപ്പ അപ്പസ്തോലിക യാത്ര നടത്തുന്നത്. ലക്സംബർഗിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയില്‍ ആശീർവാദം നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തിൽ നോട്രഡാം കത്തീഡ്രലിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

വെള്ളയും, മഞ്ഞയും ഇടകലർന്ന നിറക്കൂട്ട് വത്തിക്കാന്റെ പതാകയെ ചിത്രീകരിക്കുമ്പോള്‍ അവയ്ക്കിടയിലുള്ള നീലനിറം, ലക്സംബർഗ് കത്തോലിക്കാ വിശ്വാസത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ മരിയൻ വണക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. "സേവിക്കപ്പെടാനല്ല, സേവിക്കാനാണ്" ഞാൻ വന്നിരിക്കുന്നതെന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വചനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, 'സേവിക്കുക' എന്നതാണ് യാത്രയുടെ ആപ്തവാക്യം. മാനവികതയുടെ സേവനത്തിൽ ഏർപ്പെടുവാനുള്ള ക്രിസ്തുവിന്റെ വിളിയും ഈ ആപ്‌തവാക്യം ഓർമ്മിപ്പിക്കുന്നു.

ബെൽജിയത്തിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അടയാള ചിഹ്നം, രാഷ്ട്രത്തിന്റെ ഭൂപടം പശ്ചാത്തലത്തിൽ നിലനിർത്തിക്കൊണ്ട് വ്യത്യസ്ത പ്രായത്തിലും, വിവിധ സംസ്കാരങ്ങളിലും ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് തയാറാക്കിയിരിക്കുന്നത്. ഭൂപടത്തിന്റെ നടുവിൽ ചിത്രീകരിച്ചിരിക്കുന്ന വഴിയിലൂടെ ഈ ആളുകളെല്ലാം നടന്നു നീങ്ങുന്നതും ദൃശ്യമാണ്. "പാതയിൽ: പ്രത്യാശയോടെ" എന്നതാണ് യാത്രയുടെ ആപ്‌തവാക്യം. രാജ്യത്തിന്റെ ചരിത്രമായ പാതയിൽ യേശുക്രിസ്തുവിന്റെ വഴി, നമ്മുടെ പ്രത്യാശയായിരിക്കട്ടെ എന്നതാണ് യാത്രയുടെ സന്ദേശം.

More Archives >>

Page 1 of 975